നന്നായി പാടിക്കൊണ്ടിരുന്ന എസ് ജാനകി പെട്ടെന്ന് പാട്ടു നിർത്തി, പൊട്ടിക്കരഞ്ഞു; അനുഭവം പങ്കുവച്ച് കവി
തെന്നിന്ത്യന്‍ സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ഗായികയാണ് എസ് ജാനകി. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി എല്ലാ ഭാഷകളിലും ഒരുപോലെ തിളങ്ങിയിട്ടുണ്ട് ജാനകി. ശബ്ദത്തിലെ ശാലീനതയും ആലാപനത്തിലെ മധുരവുമാണ് എസ് ജാനകിയെ സമകാലീനരിൽ നിന്നും വേറിട്ടു നിർത്തിയത്. സംഗീതത്തോട് വിടപറഞ്ഞെങ്കിലും പ്രിയ ഗായികയുടെ ഗാനങ്ങൾ ഇന്നും സംഗീതാസ്വാദകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
ഏകദേശം 60 വർഷം നീണ്ട കരിയറിൽ 48,000-ത്തോളം ഗാനങ്ങളാണ് എസ് ജാനകി ആലപിച്ചു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെയെല്ലാം നിരവധി സംഗീത സംവിധായകർക്കും ഗാനരചയിതാക്കൾക്കുമൊപ്പമെല്ലാം പ്രവർത്തിക്കാൻ ജാനകിയമ്മയ്ക്ക് കഴിഞ്ഞു. അക്കൂട്ടത്തിൽ ഒരാളാണ് തമിഴിലെ പ്രശസ്ത കവി വാലി. ഗാനത്തിൽ നവരസങ്ങൾ കൊണ്ടുവരുന്ന കവി ആയിട്ടാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. പ്രണയം, വിരഹം, ദുഃഖം, കാമം, കുത്തുപാട്ട്, എന്നിങ്ങനെ ഏത് സാഹചര്യത്തിനും പോന്ന വരികൾ അദ്ദേഹം ഒരുക്കും.

വാലിയും ജാനകിയമ്മയും ഒരുമിച്ചു പ്രവർത്തിച്ച ഒരു സിനിമയാണ് 1978ൽ പുറത്തിറങ്ങിയ അച്ചാനി. കാരക്കുടി നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ തമിഴിലെ അക്കാലത്തെ ശ്രദ്ധേയ താരങ്ങളായ മുത്തുരാമനും ലക്ഷ്മിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇളയരാജയാണ് ഈ ചിത്രത്തിന് സംഗീതം നൽകിയത്. വാലിയാണ് വരികൾ എഴുതിയത്.
ഇതിലെ 'മാതാ ഉൻ കോവിലിൽ മണി ദീപം ഫോണിനാൻ' എന്ന ഗാനം ആലപിച്ചത് എസ് ജാനകിയാണ്. വാലിയുടെ വരികളും ഇളയരാജയുടെ സംഗീതവും ചേർന്ന ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. ആ ഗാനത്തിന്റെ റെക്കോർഡിങ്ങിനിടെ ഉണ്ടായ ഒരു സംഭവം പങ്കുവച്ചിരിക്കുകയാണ് വാലി.
ഗാനത്തിന്റെ റെക്കോർഡിങ് വേളയിൽ നിരവധി തടസ്സങ്ങളുണ്ടായെന്ന് അദ്ദേഹം ഓർക്കുന്നു. ആദ്യം തീരുമാനിച്ചിരുന്ന സ്റ്റുഡിയോയിൽ തിരക്കായതിനാൽ ഇളയരാജയ്ക്ക് രാവിലെ ഗാനം റെക്കോർഡുചെയ്യാൻ കഴിഞ്ഞില്ല. അങ്ങനെ അവർ മറ്റൊരു സ്റ്റുഡിയോയിലേക്ക് മാറി. എന്നാൽ അവിടെ ചില സംവിധാനങ്ങൾ പ്രവർത്തിക്കാതെ വന്നു. അതോടെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ആദ്യത്തെ സ്റ്റുഡിയോയിൽ തന്നെ തിരിച്ചെത്തി അവർ പാട്ട് റെക്കോർഡു ചെയ്യുകയായിരുന്നു.

റെക്കോർഡിങ് സമയത്ത് മ്യൂസിക് കണ്ടക്ടറായി ഒരാൾ ഉണ്ടാകും. അവൻ കൈ വീശുമ്പോൾ, സംഗീതജ്ഞർ ഉപകരണങ്ങൾ വായിക്കാൻ തുടങ്ങും. പക്ഷേ, അന്നവിടെ ഉണ്ടായിരുന്നയാൾ സംഗീതത്തിൽ മയങ്ങി, അദ്ദേഹം കൈ ഉയർത്തിയില്ല. രാജ സാർ എന്ത് പറ്റിയെന്ന് ചോദിച്ചപ്പോൾ, 'ഞാൻ ഈണത്തിൽ മതിമറന്നു പോയി' എന്നാണ് പറഞ്ഞത്. അതുകഴിഞ്ഞ് പാട്ട് നന്നായി പാടിക്കൊണ്ടിരുന്ന ജാനകി പെട്ടെന്ന് ഒരു വരി എത്തിയപ്പോൾ പാടുന്നത് നിർത്തി.
പെട്ടെന്ന് പൊട്ടിക്കരഞ്ഞു. എന്ത് പറ്റിയെന്ന് രാജ സാർ ചോദിച്ചു, 'ഈ സംഗീതവും ആ വരികളും എന്നെ അസ്വസ്ഥയാക്കി' എന്നായിരുന്നു മറുപടി, കുറച്ച് സമയത്തിന് ശേഷം അദ്ദേഹം അവരെ സമാധാനിപ്പിച്ച് പാട്ടിന്റെ റെക്കോർഡിങ് പൂർത്തിയാക്കുകയായിരുന്നു, വാലി പറഞ്ഞു. അതേസമയം ഈ ഗാനം കേട്ട് സംവിധായകൻ ആർ.സുന്ദർരാജൻ രാജയോട് അദ്ദേഹത്തിന്റെ സിനിമയ്ക്കു സമാനമായ ഗാനം വേണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെയാണ് പായങ്കൾ മുടിവാതില്ലൈ എന്ന ചിത്രത്തിൽ മണി ഒസൈ കേട്ട് ഉട്ട് എന്ന ഗാനം ഒരുക്കിയത്തെന്നും അദ്ദേഹം ഓർത്തു. ജാനകിയും എസ്പിബിയും ചേർന്നാണ് ഈ ഗാനം ആലപിച്ചത്.


Click it and Unblock the Notifications