'എആർ റഹ്മാന് വേണ്ടി പാടിയത് ഇഷ്ടമായില്ല, ഇളയരാജ വിളിക്കാതെയായി; മദ്രാസിൽ വച്ചുണ്ടായ തിക്താനുഭവം!': മിൻമിനി
ഒരുകാലത്ത് തെന്നിന്ത്യൻ സംഗീത ലോകത്ത് തിളങ്ങി നിന്ന ഗായികയാണ് മിൻമിനി. മലയാളിയായ മിൻമിനി ഇളയരാജ, എആർ റഹ്മാൻ, കീരവാണി ഉൾപ്പടെയുള്ള സംഗീതസംവിധായകർക്കൊപ്പമെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. ഇതിൽ ചിന്ന ചിന്ന ആസൈ എന്ന ഒറ്റ ഗാനം മതി മിൻമിനിയെ സംഗീതപ്രേമികൾ ഓർക്കാൻ. മണിരത്നം സംവിധാനം ചെയ്ത റോജ എന്ന ചിത്രത്തിലെ നായികയുടെ ഇൻട്രോ ഗാനം കൂടിയായിരുന്നു ഇത്. എ.ആർ റഹ്മാൻ ആദ്യമായി സംഗീതസംവിധാനം നിർവഹിച്ചത് ഈ സിനിമയിലാണ്.
റോജയുടെ ഗംഭീര വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് ഇതിലെ ഗാനങ്ങൾ തന്നെ ആയിരുന്നു. അതിൽ ഏറ്റവും ജനപ്രീതി നേടിയ ഗാനമായിരുന്നു ചിന്ന ചിന്ന ആസൈ. മിൻമിനിയുടെ വ്യത്യസ്‌തമായ ശബ്ദം തന്നെയാണ് അതിന് കാരണമായത്. എന്നാല്‍ പാട്ടിന് ലഭിച്ച സ്വീകാര്യത മിന്‍മിനിയുടെ കരിയറില്‍ തുടര്‍ന്ന് ലഭിച്ചില്ല. പിന്നീട് അപ്രതീക്ഷിതമായി ശബ്ദവും നഷ്ടപ്പെട്ടതോടെ മിൻമിനിയ്ക്ക് സംഗീതരംഗത്തുനിന്ന് തന്നെ മാറി നിൽക്കേണ്ടിവന്നു. ശബ്ദം തിരിച്ചുകിട്ടിയപ്പോഴും അവസരങ്ങള്‍ മിന്‍മിനിയെ തേടിയെത്തിയില്ല.

ഇപ്പോഴിതാ സംഗീതസംവിധായകൻ ഇളയരാജയ്ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക. സൂപ്പർഹിറ്റായി മാറിയ എആർ റഹ്മാന്റെ ചിന്ന ചിന്ന ആസൈയ്ക്ക് ശേഷം ഇളയരാജ തന്നെ പാടാൻ വിളിച്ചിട്ടില്ല എന്നാണ് മിൻമിനി പറയുന്നത്. അമൃത ടി.വിയിൽ ഗായകൻ എം.ജി. ശ്രീകുമാർ അവതരിപ്പിക്കുന്ന പാടാം നേടാം പണം നേടാം സംഗീതപരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് മിൻമിനിയുടെ വെളിപ്പെടുത്തൽ.
ചിന്ന ചിന്ന ആസൈ ഹിറ്റായതോടെ ഇളയരാജ തന്നെ പാടാൻ വിളിക്കാതായെന്നും ഇക്കാര്യങ്ങൾ ഇതുവരെ തുറന്നുപറഞ്ഞിട്ടില്ലെന്നും മിൻമിനി വ്യക്തമാക്കി. പതിമൂന്ന് പാട്ടുകൾ വരെ പാടിയ ദിവസങ്ങളുണ്ടായിരുന്നു അവിടെ നിന്നാണ് എല്ലാം പെട്ടന്ന് നിർത്തിയത്. 1991 മുതൽ 1994 പകുതിവരെ മാത്രമേ ശരിക്ക് പാടിയിട്ടുള്ളൂ. അന്നുണ്ടായിരുന്ന എല്ലാ സംഗീതസംവിധായകർക്കുംവേണ്ടി പാടാനുള്ള ഭാഗ്യം കിട്ടി. ചിന്ന ചിന്ന ആസൈ പാടിയശേഷം സത്യത്തിൽ പാട്ടുകൾ കുറഞ്ഞു, മിൻമിനി പറയുന്നു.
"മദ്രാസിൽ വച്ചുണ്ടായ ഒരു തിക്താനുഭവം ഇതുവരെ തുറന്നുപറഞ്ഞിട്ടില്ല. രാജാ (ഇളയരാജ) സാറിന്റെയടുത്ത് എനിക്ക് എന്നും ഒരു പാട്ടുണ്ടാവും. ദേവാ സാറിന്റെയും വിദ്യാസാഗറിന്റെയും കീരവാണി സാറിന്റെയുമൊക്കെ ഒത്തിരി പാട്ടുകൾ മുമ്പ് പാടിയിട്ടുണ്ട്. ഇതൊന്നും രാജാ സാർ അറിയുന്നുണ്ടായിരുന്നില്ല. അറിഞ്ഞത് ചിന്ന ചിന്ന ആസൈ പാടിയപ്പോഴാണ്.

ഇത് ഞാൻ പറയാൻ പാടുണ്ടോ എന്നെനിക്കറിയില്ല. ചിന്ന ചിന്ന ആസൈ ഹിറ്റായിക്കൊണ്ടിരിക്കുന്ന സമയം. രാജാ സാറിന്റെ താലാട്ട് എന്ന ചിത്രത്തിന്റെ റെക്കോർഡിങ് എ.വി.എം.ആർ.ആർ സ്റ്റുഡിയോയിൽ നടക്കുകയാണ്. ടേക്ക് എടുക്കുന്നതിന് മുമ്പ് സാർ ചെറിയ കറക്ഷൻസ് പറഞ്ഞുതരാൻ വന്നു. ഗായകൻ മനോ അണ്ണനും അവിടെയുണ്ടായിരുന്നു. കറക്ഷനുകളൊക്കെ പറഞ്ഞുതന്നിട്ട് സാർ തിരിച്ചുപോയി.
പക്ഷേ മുറിയുടെ വാതിലിന്റെ അടുത്തുവരെ പോയിട്ട് തിരിച്ചുവന്നു. എന്നിട്ട് പറഞ്ഞു, നീ എന്തിനാണ് അവിടെയും ഇവിടേയുമെല്ലാം പോയി പാടുന്നത്, ഇവിടെ മാത്രം പാടിയാൽ മതിയെന്ന്. അതെനിക്ക് ഭയങ്കര ഷോക്കായിപ്പോയി. ഞാനവിടെ നിന്ന് കരഞ്ഞു. മനോ അണ്ണൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ ഈ സംഭവത്തിന് ശേഷം പാടാൻ ഇളയരാജ വിളിച്ചിട്ടില്ല", മിൻമിനി പറഞ്ഞു.
രാജാ സാറിന് വലിയ വാത്സല്യമായിരുന്നു. സാറിനേക്കുറിച്ച് മറ്റുള്ളവർ മോശമായി ചിന്തിക്കേണ്ട എന്ന് കരുതിയിട്ടാണ് ഇതൊന്നും ഇത്രയും നാളും പറയാതിരുന്നതെന്നും മിൻമിനി കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











