19-ാം വയസ്സിൽ 21കാരിയായ അന്നത്തെ മിസ് ഇന്ത്യയുമായി പ്രണയത്തിലായി; അതൊരു ട്രാജഡി ആയിരുന്നു: ബബ്ലൂ പൃഥ്വിരാജ്
തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന നടനാണ് ബബ്ലൂ പൃഥ്വിരാജ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങിയിട്ടുള്ള നടൻ ലൈല ഓ ലൈ, വാരണം ആയിരം തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്കും പരിചിതനാണ്. നിലവിൽ രൺബീർ കപൂർ നായകനായ അനിമൽ എന്ന സിനിമയിൽ ശ്രദ്ധേയ വേഷത്തിലെത്തി തിളങ്ങി നിൽക്കുകയാണ് ബബ്ലൂ പൃഥ്വിരാജ്. അതിനിടെ നടന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും വാർത്തകളിൽ നിറയുകയാണ്.
നടൻ ബബ്ലൂ പൃഥിരാജും ഭാര്യ ശീതളും വേർപിരിഞ്ഞു എന്ന അഭ്യൂഹമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ നടൻ തയ്യാറായിട്ടില്ല. ആദ്യ വിവാഹബന്ധം പിരിഞ്ഞ ശേഷമാണ് ബബ്ലൂ പൃഥിരാജ് തന്നേക്കാൾ 33 വയസ് കുറവുള്ള ശീതളിനെ വിവാഹം ചെയ്തത്. ഇതിന്റെ പേരിൽ വലിയ രീതിയിലുള്ള വിമർശനം നടനെതിരെ ഉയർന്നിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ഇരുവരും വേർപിരിഞ്ഞു എന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്.

അടുത്തിടെ നിരവധി അഭിമുഖങ്ങൾ നൽകിയിരുന്നെങ്കിലും വിവാഹമോചനത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നെല്ലാം ബബ്ലൂ ഒഴിഞ്ഞ് മാറുകയാണുണ്ടായത്. അതിനിടെ ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് നടൻ. മിസ് ഇന്ത്യ ആയിരുന്ന പെൺകുട്ടിയെ പത്തൊമ്പതാം വയസ്സിൽ പ്രണയിച്ചതിനെ കുറിച്ചാണ് നടന്റെ തുറന്നു പറച്ചിൽ. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയുടെ അഭിമുഖത്തിലാണ് നടൻ മനസുതുറന്നത്.
"19 വയസ്സുള്ളപ്പോൾ ഞാനും എന്റെ അനുജത്തിയും ഒരു നൃത്ത മത്സരത്തിന് പോയിരുന്നു. അവിടെ ഒരു കൂട്ടം ആളുകൾ പെട്ടെന്ന് ഒരു വശത്തേക്ക് പോകുന്നത് കണ്ടു. നോക്കുമ്പോൾ അന്ന് മിസ് ഇന്ത്യ നേടിയ ഒരു പെൺകുട്ടി അതിനിടയിൽ. ഈച്ചകളെപ്പോലെ അവരെല്ലാം അവരുടെ ചുറ്റും കൂടി. കാണാൻ വളരെ സുന്ദരി ആയിരുന്നു. അവളെ നോക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. പക്ഷെ എനിക്ക് കഴിഞ്ഞില്ല, വീണ്ടും വീണ്ടും എന്റെ നോട്ടം അവളിലേക്ക് പോയി.
ഇന്നും ഞാൻ അത് നന്നായി ഓർക്കുന്നു. ഒരു ചുവന്ന ജീൻസ് പാന്റും വെള്ള ടോപ്പുമായിരുന്നു അന്നവളുടെ വേഷം. അന്നത്തെ ആ മത്സരത്തിൽ ഞാനും എന്റെ സഹോദരിയും ഒന്നാം സമ്മാനം നേടി. അതിനു ശേഷം അവിടെ ഡിജെ ഉണ്ടായിരിന്നു. അതിനിടെ സഹോദരി എന്നോട് ഡ്രിങ്ക്സ് വേണമെന്ന് പറഞ്ഞു.
ഞാൻ അത് കൊണ്ട് വരുന്നതിനിടയിൽ ആ പെൺകുട്ടി പെട്ടെന്ന് എന്റെ മുന്നിൽ വന്നു നിന്നു. അവൾ എന്റെ നൃത്തത്തെ അഭിനന്ദിച്ചു. ഞാൻ എല്ലാം കേട്ട് നന്ദി എന്ന് പറഞ്ഞുകൊണ്ടിരുന്നു. നിനക്ക് നന്ദി അല്ലാതെ മറ്റൊന്നും പറയാനില്ലേ എന്ന് അവൾ എന്നോട് ചോദിച്ചു.
അവൾക്ക് എന്നോടൊപ്പം ഡാൻസ് കളിക്കണമെന്ന് പറഞ്ഞു. ഞാൻ ഡ്രിങ്ക്സുമായി വന്നപ്പോഴേക്കും അനിയത്തി വീണ്ടും ഡാൻസ് ആരംഭിച്ചിരുന്നു അതിനാൽ എനിക്ക് 20 മിനിറ്റ് കാത്തിരിക്കേണ്ടി വന്നു. പിന്നീട് ഡിജെ വീണ്ടും ഒരു ഇടവേളയെടുത്തു. അതിനിടെ ഞാൻ ഡ്രിങ്ക്സ് നൽകി. ഒപ്പം നൃത്തം ചെയ്യാനായി അവളെ തിരഞ്ഞു. നോക്കിയപ്പോൾ അവൾ മറ്റുചിലരോടൊപ്പമായിരുന്നു. അതുകണ്ട് ഞാൻ തിരികെ പോകാൻ ഒരുങ്ങിയപ്പോൾ അവൾ പിന്നിലൂടെ വന്ന് എന്റെ കൈയിൽ പിടിച്ചു.

എനിക്കുവേണ്ടി കാത്തുനിൽക്കുകയായിരുന്നു എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ നൃത്തം ചെയ്തു. ഏകദേശം രണ്ട് മണിവരെ ഞങ്ങളൊന്നിച്ച് ഡാൻസ് ചെയ്തു. പിന്നീട് ഞങ്ങൾ ഇടയ്ക്കിടെ കണ്ടുമുട്ടി. എപ്പോഴോ ആ കൂടിക്കാഴ്ച സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറി. അവൾക്ക് 21 വയസായിരുന്നു പ്രായം. ഞാൻ ഇക്കാര്യം അമ്മയോട് പറഞ്ഞു. നിനക്കു 19 വയസ്സേ ആയിട്ടുള്ളൂ എന്ന് പറഞ്ഞ് അമ്മ എന്നെ ശാസിച്ചു. അവളെ കുറിച്ചും മോശമായി സംസാരിച്ചു. അതറിഞ്ഞതോടെ അവൾ എന്നോട് മിണ്ടാതെയായി.
ഞാനും എന്റെ കാര്യം നോക്കി മുന്നോട്ട് പോയി. ഏകദേശം മൂന്ന് മാസങ്ങൾക്ക് ശേഷം, അവളുടെ സുഹൃത്തുക്കൾ എന്നോട് അവളെ പോയി കാണാൻ പറഞ്ഞു. നോ പറഞ്ഞ് എന്നെ ഉപേക്ഷിച്ചു പോയ ആളെ ഞാനെന്തിന് കാണണം എന്നാണ് ചോദിച്ചത്. അപ്പോഴാണ് അവർ പറയുന്നത് അവൾക്ക് ക്യാൻസർ ആണെന്ന്. പിന്നീട് ഏകദേശം ആറ് മാസം മാത്രമേ അവൾ ജീവിച്ചിരുന്നുള്ളൂ. അങ്ങനെ ആദ്യത്തെ പ്രണയം ട്രാജഡിയായി,"- ബബ്ലൂ പറഞ്ഞു.


Click it and Unblock the Notifications