'അയ്യേ! ഇവനാണോ സിനിമയിലെ ഹീറോ?; ഈ പരിഹാസം കേട്ട് സെറ്റില്‍ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്ന് നടന്‍ ധനുഷ്
നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് ധനുഷ്. ധനുഷിന്റെ ചിത്രങ്ങള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് എല്ലാവരും നല്‍കാറുളളത്. അഭിനയത്തിനു പുറമെ സിനിമയിലെ മറ്റു വിവിധ മേഖലകളിലും നടന്‍ തിളങ്ങിയിരുന്നു. അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം മാസ് ഹീറോ പരിവേഷമുളള ചിത്രങ്ങളും ചെയ്താണ് ധനുഷ് തെന്നിന്ത്യയിലെ സൂപ്പര്‍താര പദവി നേടിയെടുത്തത്.
പിതാവ് കസ്തൂരി രാജയുടെ സംവിധാനത്തില്‍ തുളളുവതോ ഇളമൈയിലൂടെ സിനിമാജീവിതം ആരംഭിച്ച ധനുഷ് അഭിനയപ്രാധാന്യമുളള കഥാപാത്രങ്ങളാണ് കരിയറിന്റെ തുടക്കത്തില്‍ കൂടുതലായും ചെയ്തിരുന്നത്. ആദ്യ സിനിമ ഒരു സ്‌കൂള്‍ കാല പ്രണയകഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരുന്നത്.

അതിന് ശേഷം സഹോദരന്‍ സെല്‍വരാഘവന്‍ സംവിധാനം ചെയ്ത കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. ഈ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ കടുത്ത ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ടെന്ന് പറയുകയാണ് ധനുഷ്. മുന്‍പൊരിക്കല്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍.
'കാതല്‍ കൊണ്ടേന്‍ ചിത്രീകരിക്കുമ്പോള്‍ ഒരാള്‍ വന്ന് ചോദിച്ചു. ആരാണ് ഈ സിനിമയിലെ നായകനെന്ന്. പരിഹസിക്കുമെന്ന് അറിയാവുന്നതിനാലും അത് താങ്ങാനുള്ള ശേഷി എനിക്ക് ഇല്ലാത്തതിനാലും ഈ സിനിമയില്‍ അഭിനയിക്കുന്ന മറ്റൊരു നടനെ ചൂണ്ടിക്കാട്ടി ഞാന്‍ പറഞ്ഞു. അതാണ് ഹീറോ എന്ന് പറഞ്ഞു

കുറച്ച് സമയത്തിന് ശേഷം അവര്‍ ഞാനാണ് നായകനെന്ന് മനസ്സിലാക്കി. അയ്യേ ഇതാണോ ഹീറോ, ഈ ഓട്ടോ ഡ്രൈവര്‍ ആണ് ഹീറോ പോലും. സങ്കടം സഹിക്കവയ്യാതെ ഞാന്‍ പൊട്ടിക്കരഞ്ഞു.
ഒരു ചെറിയ പയ്യനായതിനാല്‍ ഈ പരിഹാസങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പ്രാപ്തി എനിക്കില്ലായിരുന്നു. പിന്നീട് ഞാന്‍ ചിന്തിച്ചു, എന്തുകൊണ്ട് ഒരു ഓട്ടോ ഡ്രൈവറിന് നായകന്‍ ആയിക്കൂടാ. അതാണ് എന്നെ ഇവിടെ എത്തിച്ചത്.' ധനുഷ് പറയുന്നു.

കാതല്‍ കൊണ്ടേല്‍ ഗംഭീര വിജയമായതോടെ ധനുഷിനെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് തിരുടാ തിരുടി, പുതുപേട്ടൈ തുടങ്ങിയ ചിത്രങ്ങളിലൂടെ ധനുഷിന്റെ താരമൂല്യമുയര്‍ന്നു. മാസ് മസാല ചിത്രങ്ങളിലും അഭിനയത്തിന് പ്രാധാന്യമുള്ള ചിത്രങ്ങളിലും ധനുഷ് ഒരേപോലെ തിളങ്ങി.
നാല് ദേശീയ പുരസ്‌കാരങ്ങള്‍, ഏഴ് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ രണ്ട് പതിറ്റാണ്ടുകള്‍ നീണ്ട കരിയറില്‍ ധനുഷ് സ്വന്തമാക്കി കഴിഞ്ഞു.
Recommended Video

സംവിധായകന്‍ മിത്രന്‍ ജവഹറിനൊപ്പമുള്ള തിരുച്ചിത്രമ്പലമാണ് ധനുഷിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. വരുന്ന ഓഗസ്റ്റില്‍ തീയറ്റര്‍ റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തും.
നിത്യാ മേനോന്‍, പ്രിയ ഭവാനി ശങ്കര്‍, റാഷി ഖന്ന എന്നീ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. ഭാരതി രാജ, പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
അതെസമയം ധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രമായ 'ദ് ഗ്രേ മാന്‍' ജൂലൈ 22-ന് നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസ് ചെയ്യും. അവഞ്ചേഴ്‌സ് സംവിധായകര്‍ റൂസോ സഹോദരന്മാര്‍ ഒരുക്കുന്ന ഈ ചിത്രം ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നറാണെന്നാണ് സൂചന.
ചിത്രത്തില്‍ സൂപ്പര്‍ താരങ്ങളായ ക്രിസ് ഇവാന്‍സിനും റയാന്‍ ഗോസ്ലിങിനുമൊപ്പമാകും താരമെത്തുക. അനാ ഡെ അര്‍മാസ് ആണ് നായിക. 2009-ല്‍ മാര്‍ക്ക് ഗ്രീനി എഴുതിയ ദ് ഗ്രേ മാന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ധനുഷ് ഏത് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്ന് വ്യക്തമല്ല.


Click it and Unblock the Notifications