അതെല്ലാം അവളിൽ നിന്നാണ് പഠിച്ചത്; വിവാഹത്തിനു ശേഷം എല്ലാം മാറി മറയും: തന്റെ പ്രണയിനിയെ കുറിച്ച് വിക്രം
ചിയാൻ വിക്രം എന്ന പേര് കേൾക്കുമ്പോൾ രോമാഞ്ചമാണ്. കോളിവുഡിനു മാത്രമല്ല മലയാളികൾക്കും മലയാള സിനിമക്കും അഭിമാനമാണ് വിക്രം. വേറിട്ട കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് തമിഴ് സിനിമാ ലോകത്തെ ഇളക്കി മറക്കുന്ന വിക്രം അഭിനയിച്ച തങ്കലാൻ എന്ന സിനിമയാണ് അവസാനമായി റിലീസ് ചെയ്ത്. സിനിമാ വിശേഷങ്ങൾ എല്ലായ്പ്പോഴും സംസാരിക്കുമെങ്കിലും അദ്ദേഹത്തിന്റെ പ്രണയത്തെ കുറിച്ച് പലർക്കും അറിയില്ല.
സിനിമാ കഥയെ വെല്ലുന്ന പ്രണയവും വിവാഹ ജീവിതവുമെല്ലാം വിക്രം ടി.ആർ.എസ് ക്ലിപ്സ് എന്ന പോഡ്കാസ്റ്റ് ചാനലിലൂടെ സംസാരിക്കുന്നു. പ്രണയത്തെ കുറിച്ച് പറയുന്നതിനോടൊപ്പം ഭാര്യയെ കുറിച്ചും കുടുംബത്തെ കുറിച്ചും ചിയാൻ വിശദീകരിക്കുന്നുണ്ട്. 33 വർഷത്തെ ദാമ്പത്യ ജീവിതത്തിൽ ഭാര്യയില്ലാത്തൊരു ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ സാധിക്കില്ലെന്നും ചിയാൻ പറയുന്നു.

"കുട്ടിക്കാലത്ത് എനിക്കെല്ലാം അമ്മയായിരുന്നു. വിവാഹത്തിനു ശേഷം ഭാര്യയായി എന്റെ ലോകം. എന്റെ ഏറ്റവും വലിയ സപ്പോർട്ടാണ് ഭാര്യ. 33 വർഷത്തെ ദാമ്പത്യ ജീവിതം പ്രണയാർദ്രമായ ഓർമകളാണ് സമ്മാനിക്കുന്നത്. മറ്റുള്ളവരെ സഹായിക്കാനുള്ള മനസും അതിനു വേണ്ടി പ്രവർത്തിക്കാനും അവൾ ശ്രദ്ധിക്കാറുണ്ട്. അതെല്ലാം വാക്കുകൾക്കതീതമാണ്. അവൾ മലയാളിയും ഞാൻ തമിഴനുമാണ്. ആളുകൾ പറയാറുണ്ട് ഞാൻ ഡൗൺ ടു എർത്താണെന്ന്. എന്നാൽ അത്തരം ക്വാളിറ്റിയെല്ലാം ഭാര്യയിൽ നിന്നാണ് പഠിച്ചത്." വിക്രം പറയുന്നു.
മലയാളിയായ ശൈലജ ബാലകൃഷ്ണനെയാണ് ചിയാൻ വിക്രം വിവാഹം ചെയ്തത്. തന്റെ വിജയങ്ങൾക്കു പിന്നിൽ ഭാര്യ ശൈലജയാണെന്ന് ചിയാൻ അഭിമാനത്തോടെ പറയുന്നു. ഇരുവരുടേയും പ്രണയത്തെ കുറിച്ച് സിനിമാറ്റിക് രീതിയിലാണ് വിക്രം പറഞ്ഞത്. ആദ്യമായി പരസ്പരം കണ്ടപ്പോൾ മണി മുഴക്കം ഉണ്ടായെന്നും ലൈറ്റ് തെളിഞ്ഞെന്നും ശൈലജക്ക് തോന്നിയിരുന്നു. തനിക്ക് അങ്ങനെ ഉണ്ടായിരുന്നില്ലെങ്കിലും അന്ന് ഒരു സ്പെഷ്യൽ മൊമന്റായിരുന്നെന്ന് ചിയാൻ ഓർക്കുന്നു.
"ഇന്നത്തെ കാലത്ത് പ്രണയിക്കുന്നവർക്ക് വളരെ ഈസിയായിട്ട് വിവാഹത്തിനു മുന്നേ പാർട്നറെ കുറിച്ച് എല്ലാം മനസിലാക്കാൻ സാധിക്കും. എന്നാൽ പണ്ട് ഒരു പെൺകുട്ടിയോട് സംസാരിക്കാൻ പോലും പേടിയായിരുന്നു. ഞങ്ങളുടെ കാര്യത്തിൽ വേറെയും പ്രതിസന്ധികൾ ഉണ്ടായിരുന്നു. ഞാൻ പകുതി ക്രിസ്ത്യാനിയും പകുതി ഹിന്ദുവുമാണ്. എന്നാൽ ശൈലജ മലയാളിയും ഹിന്ദു കുടുംബത്തിൽ ജനിച്ചയാളുമാണ്. പക്ഷേ ശൈലജയെ തന്നെ ജീവിത പങ്കാളിയായി കിട്ടി. ഒരുപാട് സന്തോഷമുണ്ട്.

എന്റെ ജീവിതത്തിൽ ഏറ്റവും വലിയ അനുഗ്രഹമാണ് ശൈലജ. നല്ലൊരു സുഹൃത്തും അമ്മയുമാണ് അവൾ. എല്ലാവരെയും സഹായിക്കാനുള്ള നല്ലൊരു മനസുണ്ട് അവൾക്ക്. ഒരു ദിവസം ഞാനും അവളെ പോലെയാവും. എന്റെ പ്രണയം എന്റെ ഭാര്യയാണ്. വിക്രം കൂട്ടിച്ചേർത്തു. ഇന്ന് പല ദാമ്പത്യവും പാതി വഴിയിൽ അവസാനിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞ് ആദ്യത്തെ പുതുമോഡി കഴിയുമ്പോഴേക്കും യഥാർത്ഥ ജീവിതത്തിലേക്ക് എല്ലാവരും എത്തും. പിന്നീടുണ്ടാവുന്നതാണ് ശരിയായ പ്രണയം എന്നാണ് വിക്രം പറയുന്നത്."
"പരസ്പരം വഴക്കിടാം, പ്രണയിക്കാം, പക്ഷേ ഒരാൾക്ക് മറ്റൊരാളെ പിരിഞ്ഞിരിക്കാൻ സാധിക്കില്ല എന്ന് തോന്നുന്ന ഘട്ടമെത്തും. അവിടെയാണ് ആ പ്രണയമുള്ളത്. ശൈലജ ഒരു ടീച്ചറാണ്, സൈക്കോളജിസ്റ്റാണ്. ഈ ജോലി ചെയ്യുന്നതിനോടൊപ്പം വീട്ടിലെ കാര്യങ്ങളും കൃത്യമായി നോക്കുന്നുണ്ട്. വീട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളും അവളിലൂടെയാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ കുടുംബത്തിന്റെ ഏറ്റവും സുപ്രധാന ഘടകമാണ് ശൈലജ."


Click it and Unblock the Notifications











