പ്രിയദർശന്റെ സൂപ്പർഹിറ്റ് സിനിമ ഉപേക്ഷിക്കേണ്ടി വന്നു; ആ സെറ്റിൽ 3 ആഴ്ചയോളം കരഞ്ഞിട്ടുണ്ട്: ലൈല
മറുനാടൻ സുന്ദരിയായ ലൈല വർഷങ്ങൾക്കു ശേഷം വീണ്ടും സിനിമകളിൽ സജീവമാവുന്നു. സിനിമയിലെത്തി ആദ്യ പത്തു വർഷക്കാലം തെന്നിന്ത്യൻ ഭാഷകളിലെല്ലാം ഓടി നടന്ന് സിനിമകൾ ചെയ്തിരുന്ന നായികയായിരുന്നു ലൈല. മോഡലിംഗിനു ശേഷം ആഡ് ഷൂട്ട് ചെയ്യാനായിട്ട് പോയ ലൈല അപ്രതീക്ഷിതമായിട്ടാണ് സിനിമയിലേക്ക് കടന്നു വന്നത്.
കൊമേഡിയനും സംവിധായകനുമായ മെഹ്മൂദ് സംവിധാനം ചെയ്ത ദുഷ്മൻ ദുനിയ കാ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ലൈല സിനിമയിലെത്തുന്നത്. സംവിധായകൻ മെഹ്മൂദ് വിളിച്ചപ്പോൾ ആഡ് ഷൂട്ടിനു വേണ്ടിയെന്നാണ് ലൈല കരുതിയത്. അവിടെ എത്തിയപ്പോൾ എത്ര ദിവസം ഷൂട്ട് ചെയ്യുമെന്ന് ചോദിച്ചപ്പോൾ സംവിധായകൻ 35 ദിവസം ആവശ്യപ്പെട്ടു. അപ്പോഴാണ് സിനിമയിലേക്കാണ് അവസരം വന്നതെന്ന് നടി തിരിച്ചറിയുന്നത്.

അന്ന് 15 വയസു മാത്രം പ്രായമുണ്ടായിരുന്ന ലൈലക്ക് സിനിമ ചെയ്യാൻ ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല. സിനിമ ചെയ്യുന്നില്ലെന്നും താരം പറഞ്ഞു. എന്നാൽ അവസാനം ലൈലക്ക് ആ ചിത്രത്തിൽ അഭിനയിക്കേണ്ടി വന്നു. സിനിമയോടുള്ള താത്പര്യക്കുറവ് മൂലം ആദ്യത്തെ മൂന്ന് ആഴ്ചയോളം ലൈല ഒരുപാട് കരഞ്ഞുവെന്ന് പറഞ്ഞു. എസ്.എസ് മ്യൂസിക്കിലൂടെ ലൈല തുറന്നു പറയുന്നു.
"ഒരുപാട് സിനിമകൾ ഉപേക്ഷിച്ചിട്ടുണ്ട്. അതിനെല്ലാം കാരണം മോശം സംവിധായകരും, മോശം കഥയുമാണ്. ഞാൻ പൊതുവേ കഥ പൂർണമായും കേട്ടതിനു ശേഷമാണ് സിനിമ ചെയ്യാൻ തയ്യാറാവുള്ളൂ. എന്നാൽ കൃത്യമായ സ്ക്രിപ്റ്റ് പോലുമില്ലാതെ പല സംവിധായകരും വലിച്ചു നീട്ടി ഫ്രെയ്ം ബൈ ഫ്രെയ്മായി പറയും. ആ സിനിമകളൊന്നും ചെയ്തിട്ടില്ല. ആ സ്ക്രിപ്റ്റുകളുടെ ഒരു കളക്ഷൻ എനിക്കുണ്ട്. അതൊന്നും സിനിമയായി പുറത്ത് വരാത്തതാണ്.

ഇത്തരം മോശം സംവിധായകരെ കുറിച്ചും മോശം സ്ക്രിപ്റ്റുകളെ കുറിച്ചും ഞാൻ ഒരു ബുക്ക് എഴുതണമെന്ന് ആലോചിക്കാറുണ്ട്. ഇപ്പോൾ ഏത് സംവിധായകർ കഥ പറയാൻ വന്നാലും ഈ കാര്യം ഞാൻ പറയും. വദന്ദി വെബ്സീരീസിന്റെ സംവിധായകൻ ആൻ്ഡ്രൂ ലൂയിസ് കഥ പറയാൻ വന്നപ്പോൾ ഞാൻ ഈ ബുക്കിന്റെ കാര്യം പറഞ്ഞു. മോശം സ്ക്രിപ്റ്റ് ആണെങ്കിൽ ബുക്കിൽ ആൻ്ഡ്രൂവിന്റെ പേരും വരുമെന്ന് പറഞ്ഞു. മൂന്ന് ദിവസം കൊണ്ടാണ് ആൻ്ഡ്രൂ കഥ പറഞ്ഞത്." ലൈല പറയുന്നു.
"എന്നാൽ ചില സിനിമകൾ ചെയ്യാൻ ആഗ്രഹിച്ചിട്ടും ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. പ്രിയദർശൻ സംവിധാനം ചെയ്ത സ്നേഗിതിയെ എന്ന ചിത്രം ഉപേക്ഷിക്കേണ്ടി വന്നു. അതിൽ വല്ലാത്ത വിഷമം ഉണ്ടായിട്ടുണ്ട്. കാരണം ആ സമയത്ത് എനിക്ക് ചിക്കൻപോക്സ് ആയിരുന്നു. എനിക്ക് പ്രിയൻ സാറിനൊപ്പം വർക്ക് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ആ സാഹചര്യത്തിൽ നടന്നില്ല. അതിപ്പോഴും ഓർക്കുമ്പോൾ ദുഖമുണ്ട്." ലൈല കൂട്ടിച്ചേർത്തു. രാക്കിളിപ്പാട്ട് എന്ന പേരിൽ മലയാളത്തിൽ റിലീസ് ചെയ്ത സിനിമയാണിത്.


Click it and Unblock the Notifications











