ചിന്തിക്കുന്നതിലും നികൃഷ്ടം, അറപ്പുളവാക്കുന്നത്! ഇത് പറയാനുള്ള ധൈര്യമെങ്ങനെ കിട്ടി! തുറന്നടിച്ച് മാളവിക
നടി തൃഷയ്‌ക്കെതിരെയുള്ള നടന്‍ മന്‍സൂര്‍ അലിഖാന്റെ മോശം പരാമര്‍ശം വലിയ വിവാദമായി മാറിയിരിക്കുകയാണ്. ഈയ്യടുത്തിറങ്ങിയ, വിജയ് നായകനായ ലിയോ എന്ന ചിത്രത്തില്‍ മന്‍സൂര്‍ അലിഖാന്‍ അഭിനയിച്ചിരുന്നു. തൃഷയായിരുന്നു ചിത്രത്തിലെ നായിക. ഈ സിനിമയെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് മന്‍സൂര്‍ അലിഖാന്‍ തൃഷയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തുന്നത്.
തൃഷയ്‌ക്കൊപ്പമുള്ള ബെഡ് റൂം രംഗം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും റേപ്പ് രംഗം അഭിനയിക്കാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്നുമൊക്കെയായിരുന്നു മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത്. ഇത് സോഷ്യല്‍ മീഡിയയില്‍ നിന്നും കനത്ത വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്. നിരവധി പേരാണ് മന്‍സൂര്‍ അലിഖാനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ നടി മാളവികയും മന്‍സൂറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

ട്വിറ്ററിലൂടെയായിരുന്നു മാളവികയുടെ പ്രതികരണം. മന്‍സൂറിന്റെ വാക്കുകളെ നികൃഷ്ടമെന്നാണ് മാളവിക വിശേഷിപ്പിക്കുന്നത്. എങ്ങനെയാണ് ഇതുപോലൊരു കാര്യം ചിന്തിക്കാനും പരസ്യമായി വിളിച്ച് പറയാനും സാധിക്കുന്നതെന്നും മാളവിക ചോദിക്കുന്നുണ്ട്.
''പല തലങ്ങളില്‍ വെറുപ്പുളവാക്കുന്നതാണ് ഇത്. ഈ മനുഷ്യന്‍ സ്ത്രീകളെ കാണുന്നതും അവരെക്കുറിച്ച് ചിന്തിക്കുന്നതും ഇത്തരത്തിലാണെന്നത് നാണക്കേടുണ്ടാക്കുന്നതാണ്. എന്നിട്ട് അത് പരസ്യമായി, യാതൊരു മടിയുമില്ലാതെ, പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാതെ വിളിച്ച് പറയാനുള്ള ധൈര്യം എങ്ങനെയുണ്ടാകുന്നു. നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു. അവിശ്വസനീയമാം വിധം നികൃഷ്ടമാണിത്'' എന്നാണ് മാളവിക പറഞ്ഞത്.
തൃഷയ്ക്കൊപ്പം അഭിനയിക്കുന്നുവെന്ന് കേട്ടപ്പോള്‍, സിനിമയില്‍ ഒരു കിടപ്പുമുറി സീന്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതി എന്നാണ് മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത്. മുന്‍കാല സിനിമകളില്‍ മറ്റു നടിമാരെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയതുപോലെ അവരെയും കൊണ്ടുപോകുമെന്ന് കരുതി. ഞാന്‍ ഒരുപാട് ബലാത്സംഗ രംഗങ്ങള്‍ ചെയ്തിട്ടുണ്ട്. അത് എനിക്ക് പുതിയ കാര്യമല്ല. എന്നാല്‍ കശ്മീരിലെ ഷൂട്ടിങ്ങിനിടെ സെറ്റില്‍വച്ച് അവര്‍ തൃഷയെ കാണിക്കുക പോലും ചെയ്തില്ലെന്നായിരുന്നു മന്‍സൂര്‍ പറഞ്ഞത്.
മന്‍സൂറിന്റെ പരാമര്‍ശം വിവാദമായതോടെ തൃഷ പ്രതികരണവുമായി എത്തിയിരുന്നു. മന്‍സൂര്‍ അലി ഖാന്‍, അടുത്തിടെ എന്നെ കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയില്‍ സംസാരിച്ച ഒരു വീഡിയോ എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഞാന്‍ ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നാണ് തൃഷ ട്വീറ്റ് ചെയ്തത്. മന്‍സൂറിന്റെ വാക്കുകളില്‍ ലൈംഗികത, അനാദരവ്, സ്ത്രീവിരുദ്ധം, വെറുപ്പ്, മോശം അഭിരുചി എന്നിവയൊക്കെയുണ്ടെന്നും തൃഷ ചൂണ്ടിക്കാണിച്ചു.

അദ്ദേഹത്തിന് ഈ ആഗ്രഹം ഇനിയും തുടര്‍ന്ന് കൊണ്ടേയിരിക്കും. പക്ഷേ നിങ്ങളെ പോലൊരു മോശം ആളുമായി സ്‌ക്രീന്‍ സ്പേസ് പങ്കിടാത്തതില്‍ ഞാന്‍ അനുഗ്രഹിക്കപ്പെട്ടുവെന്നും തൃഷ പറയുന്നു. എന്റെ സിനിമാ ജീവിതത്തിന്റെ ബാക്കിയുള്ള നാളുകളിലും അത് ഒരിക്കലും സംഭവിക്കില്ലെന്ന് ഞാന്‍ ഉറപ്പാക്കുമെന്നും തൃഷ പറഞ്ഞു. ഇയാളെ പോലുള്ളവര്‍ മനുഷ്യരാശിക്ക് തന്നെ ചീത്തപ്പേരുണ്ടാക്കുന്നതായും തൃഷ തുറന്നടിച്ചു. ഇനിയൊരിക്കലും മന്‍സൂറിനൊപ്പം അഭിനയിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് തൃഷ.
സംഭവത്തില്‍ മന്‍സൂറിനെതിരെ ലിയോയുടെ സംവിധായകന്‍ ലോകേഷ് കനകരാജും രംഗത്തെത്തിയിരുന്നു. മന്‍സൂര്‍ അലി ഖാന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ കേട്ടപ്പോള്‍ നിരാശയും ദേഷ്യവും തോന്നി എന്നാണ് ലോകേഷ് പറഞ്ഞത്. സ്ത്രീകള്‍, സഹതാരങ്ങള്‍, പ്രൊഫഷണലുകള്‍ എന്നിവരോടുള്ള ബഹുമാനം ഒരു വ്യവസായത്തിലും വിലമതിക്കാനാവാത്ത ഒന്നായിരിക്കണം, ഈ പെരുമാറ്റത്തെ ഞാന്‍ തികച്ചും അപലപിക്കുന്നു' എന്നും ലോകേഷ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു.


Click it and Unblock the Notifications