കുട്ടികളെ ആർക്കെങ്കിലും കൊടുക്കാമെന്ന് ഭർത്താവ് പറഞ്ഞു; വേർപിരിയാൻ കാരണമായത് ജ്യോത്സ്യന്റെ വാക്കുകൾ; നളിനി
ഒരുകാലത്ത് സിനിമാ-സീരിയൽ രംഗത്ത് സജീവമായിരുന്ന നടിയാണ് നളിനി. തമിഴിലും മലയാളത്തിലും തെലുങ്കിലും കന്നടയിലുമെല്ലാം ഒരുപോലെ സജീവമായിരുന്നു താരം. 80കളിലും 90 കളിലുമൊക്കെ ഗ്ലാമർ വേഷങ്ങളിൽ തിളങ്ങി നിന്ന നളിനി പിൽക്കാലത്ത് അമ്മ വേഷങ്ങളിലും തിളങ്ങി. പ്രശസ്ത നടന്‍ രാമരാജനെയാണ് നടി വിവാഹം ചെയ്തത്. എന്നാൽ ഏകദേശം 13 വർഷക്കാലം മാത്രമാണ് ഇരുവരും ഒരുമിച്ചു ജീവിച്ചത്.
ഇപ്പോഴിതാ 20 വർഷത്തിന് ശേഷവും താൻ രാമരാജനെ സ്നേഹിക്കുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നളിനി. കഴിഞ്ഞ ദിവസം സീ തമിഴ് ചാനലിൽ സംപ്രേക്ഷണം ചെയ്ത തമിഴ തമിഴ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് നളിനി ഇക്കാര്യം പറഞ്ഞത്. തങ്ങളുടെ വിവാഹം ബന്ധം തകർന്നത് എന്ത് കൊണ്ടാണെന്നും നളിനി പരിപാടിയിൽ പറയുകയുണ്ടായി. വിവാഹം കഴിഞ്ഞ് കുട്ടികളുണ്ടായാൽ അച്ഛന് നല്ലതല്ല, ജീവിതം തകരുമെന്ന് പല ജ്യോത്സ്യന്മാരും പറഞ്ഞിരുന്നു എന്നാണ് നളിനി പറയുന്നത്.
"വിവാഹശേഷം ആൺകുഞ്ഞോ പെണ്ണോ ജനിച്ചാൽ അച്ഛന് നല്ലതല്ലെന്ന് പല ജ്യോത്സ്യന്മാരും പറഞ്ഞു. കുഞ്ഞ് വളരുന്തോറും അച്ഛന്റെ ജീവിതം തകരും. രാമരാജനും ജ്യോതിഷത്തിൽ വിശ്വസിക്കുന്ന ആളായതിനാൽ ഞങ്ങൾ പല ജ്യോത്സ്യന്മാരെയും കണ്ടു. പിന്നെ കുഞ്ഞിനെ ശിവന് സമർപ്പിക്കാൻ പറഞ്ഞു. ഞങ്ങൾ അങ്ങനെ അവിനാശി ലിംഗം അമ്പലത്തിൽ പോയി. തവിട് കൊടുത്ത് കുട്ടിയെ തിരികെ കിട്ടി.
ജ്യോത്സ്യൻ പറഞ്ഞതെല്ലാം ഞങ്ങൾ ചെയ്തു. എന്നിട്ടും ബന്ധം തകർന്നു. ഒരു സമയത്ത് കുട്ടികൾ വേണോ വേണ്ടയോ എന്ന് രാമരാജൻ ചോദിച്ചു. നമ്മൾ തനിച്ചാണെങ്കിൽ കുഴപ്പങ്ങൾ ഒന്നുമുണ്ടാകില്ല. കുട്ടിയെ നമ്മുക്ക് ആർക്കെങ്കിലും നൽകാമെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ അദ്ദേഹത്തോട് നിങ്ങൾ തനിച്ചായിക്കോളൂ എന്ന് പറഞ്ഞു. എന്റെ രണ്ടു മക്കളെയും എന്റെ കൂടെ കൂട്ടി. ഇന്ന് അവർ സുഖമായിട്ട് ഇരിക്കുന്നു", നളിനി പറഞ്ഞു.
"ഇതിന് ഞാൻ ജ്യോതിഷത്തെ കുറ്റം പറയില്ല. എനിക്ക് 13 വയസ്സുള്ളപ്പോൾ ഒരു ചൊറി വന്നിരുന്നു. എത്ര ചികിത്സിച്ചിട്ടും ഫലമുണ്ടായില്ല, അങ്ങനെ അമ്മ എന്നെ ഒരു വലിയ ജ്യോത്സ്യന്റെ അടുത്തേക്ക് കൊണ്ടുപോയി. എന്നെ കണ്ടപ്പോൾ അദ്ദേഹം അമ്മയോട് പറഞ്ഞു, 'നിന്റെ മകൾ റോസാപ്പൂ പോലെ പൂക്കാൻ പോകുന്നു.
അവൾ വിമാനത്തിൽ പറക്കുകയും ജോലി ചെയ്യുകയും ചെയ്യും. ഒരു ജാപ്പനീസ് കാർ വാങ്ങുമെന്നും പറഞ്ഞു. പറഞ്ഞത് പോലെ ഞാൻ ആദ്യമായി ഒരു ജാപ്പനീസ് കാറാണ് വാങ്ങിയത്. അതുകൊണ്ട് എനിക്ക് ജ്യോതിഷത്തിൽ വിശ്വസിക്കാതിരിക്കാൻ കഴിയില്ല", നളിനി പറഞ്ഞു.

മറ്റൊരു അനുഭവവും നടി പങ്കുവച്ചു. ഓം ശക്തി എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്ക് അഭിനയത്തോട് ഒട്ടും താൽപര്യം ഉണ്ടായിരുന്നില്ല. അതിൽ രാജരാജ ചോളൻ എന്നൊരു നടൻ ഉണ്ടായിരുന്നു. എന്റെ ജാതകവും മറ്റു വിശദാംശങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു പറഞ്ഞു,
'നീ എത്ര വേണ്ടെന്ന് പറഞ്ഞാലും സിനിമ തന്നെയാകും നിന്റെ അന്നം. കല്യാണം കഴിച്ചാലും അത് തകരും. കെ.ആർ.വിജയയെപ്പോലെ നിങ്ങൾ അണിഞ്ഞൊരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. അതൊക്കെ കൊണ്ട് എനിക്ക് വിശ്വസിക്കാതിരിക്കാൻ കഴിയില്ല എന്നാണ് നളിനി പറഞ്ഞത്.
നടന്‍ രാമരാജനും നളിനിയും തമ്മില്‍ സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചപ്പോള്‍ തുടങ്ങിയ പ്രണയമാണ്. 1987 ല്‍ താരങ്ങള്‍ വിവാഹിതരായി. പതിമൂന്ന് വര്‍ഷത്തോളം ദാമ്പത്യം നീണ്ടെങ്കിലും 2000 ത്തില്‍ ഇരുവരും വേര്‍പിരിഞ്ഞു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ താരദമ്പതിമാര്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചു. ഒരു മകനും മകളുമായിരുന്നു. ഇപ്പോഴും മക്കള്‍ പിതാവുമായി നല്ല ബന്ധത്തിലാണെന്ന് നളിനി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.


Click it and Unblock the Notifications