അച്ഛനും അമ്മയും പിരിഞ്ഞത് ഞങ്ങളെ ബാധിച്ചു; പക്ഷെ അവര്‍ ഞങ്ങളോട് ഒരു കനിവ് കാണിച്ചു: അക്ഷര
കമല്‍ ഹാസന്റേയും സരിഗയുടേയും പാതയിലൂടെയാണ് മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും സിനിമയിലെത്തുന്നത്. തങ്ങളുടെ ചെറിയ പ്രായത്തില്‍ തന്നെ അച്ഛനും അമ്മയും വേര്‍ പിരിഞ്ഞതിനെക്കുറിച്ചും ആസമയം എങ്ങനെയാണ് അഭിമുഖീകരിച്ചതെന്നും മനസ് തുറക്കുകയാണ് അക്ഷര ഹാസന്‍. ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരപുത്രി ഇക്കാര്യം സംസാരിച്ചത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
എത്രയൊക്കെ സെലിബ്രിറ്റി കിഡ്‌സ് ആണെന്ന് പറഞ്ഞാലും അറ്റ് ദ എന്‍ഡ് ഓഫ് ദ ഡെ ഞങ്ങളും മനുഷ്യരാണ്. അതിനാല്‍ ബാധിച്ചിരുന്നു. എന്നാല്‍ അമ്മയും അപ്പായും വളരെയധികം കനിവുള്ളവരായിരുന്നു. പ്രശ്‌നങ്ങള്‍ ഉള്ളത് ഞങ്ങള്‍ക്കിടയിലാണ്, നിങ്ങള്‍ ഇതില്‍ ഒറ്റപ്പെട്ടു പോകരുത്. എല്ലായിപ്പോഴും നിങ്ങളുടെ അപ്പായും അമ്മയുമായി കൂടെ തന്നെയുണ്ടാകും എന്ന് പറഞ്ഞിരുന്നു. ചിലപ്പോള്‍ ജീവിതത്തില്‍ ഇങ്ങനെ സംഭവിക്കും.

മനസിന് വിഷമമായി. മനുഷ്യരല്ലേ. ഏതൊരു കുട്ടികള്‍ക്കും അതൊരു വിഷമം തന്നെയാണ്. പക്ഷെ ഞാനും ചേച്ചിയും ഭാഗ്യം ചെയ്തവരാണ്. ഞങ്ങളുടെ മാതാപിതാക്കള്‍ കനിവുള്ളവരും ഞങ്ങളെ മനസിലാക്കുന്നവരുമായിരുന്നു. അവര്‍ പാരന്റ്ഹുഡ് കൈവിട്ടിരുന്നില്ല. അതാണ് ഏറ്റവും പ്രധാനപ്പെട്ടത്. അത് ഞങ്ങളുടെ ജീവിതം കുറേക്കൂടി എളുപ്പമാക്കി.
ചേച്ചിയുടെ സഹായം തേടിയ സമയങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട്. ചേച്ചിയും അനിയത്തിയും ആയതിനാല്‍ അത്തരം സാഹചര്യങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട്. പല കാര്യങ്ങളും ഈസിയായി ഡീല്‍ ചെയ്യാന്‍ സാധിച്ചതിന് കാരണം ചേച്ചിയാണ്. സ്‌കൂളില്‍ കുട്ടികള്‍ കളിയാക്കുമ്പോള്‍ ചേച്ചിയോടാണ് വന്ന് പറയുക. ചേച്ചി അവരെന്നെ വല്ലാതെ കളിയാക്കുന്നു, അടിക്കണം എന്നുണ്ട്. പക്ഷെ വയലന്‍സ് നല്ലതല്ല. പിന്നെ എന്ത് ചെയ്യും? എന്ന് ചോദിച്ചിട്ടുണ്ട്. ഇനി ആരെങ്കിലും വല്ലാതെ ബുള്ളി ചെയ്താല്‍ നേരെ വന്ന് എന്നോട് പറ, ഞാന്‍ അവരെ പോയി വഴക്ക് പറഞ്ഞോളാം എന്ന് ചേച്ചി പറയും. ആ ബോണ്ടിംഗ് എല്ലായിപ്പോഴും ഉണ്ടായിട്ടുണ്ട്.
ഞങ്ങള്‍ രണ്ടു പേരും പരസ്പരം വളരെ പ്രൊട്ടക്ടീവാണ്. ചിലപ്പോഴൊക്കെ അവരും എന്നോട് വന്ന് ചോദിക്കും, അക്ഷു ഇതിലെന്താണ് നിന്റെ അഭിപ്രായം എന്ന്. ഞാന്‍ എന്റെ കാഴ്ചപ്പാട് പറയും. ഓ അങ്ങനെ ഒരു വശമുണ്ടല്ലേ, താങ്ക്‌സ് എന്ന് പറയും അപ്പോള്‍. ഞങ്ങള്‍ക്കിടയില്‍ ആ അടുപ്പം എപ്പോഴുമുണ്ട്. പരസ്പരം വളരെയധികം പ്രൊട്ടക്ടീവ് ആണ് ഞങ്ങള്‍.
അച്ഛനും അമ്മയും പിരിയുന്ന സമയത്ത് പലപ്പോഴും താങ്ങായത് ചേച്ചിയാണെന്നും അക്ഷര പറയുന്നു. പാപ്പാ, ഇത് ഇങ്ങനെയാണ്. ഇപ്പോള്‍ പോകുന്നത് ശരിയായ രീതയിലല്ല, ഇങ്ങനെ ചെയ്യുന്നതാണ് നല്ലതെന്ന് പറഞ്ഞു തരും. ഇല്ലെങ്കില്‍ നമ്മളെ ബാധിക്കുക എങ്ങനെയായിരിക്കും എന്ന് പലവട്ടം പറഞ്ഞു തന്നിട്ടുണ്ട് ചേച്ചിയെന്നും അക്ഷര പറയുന്നു.


Click it and Unblock the Notifications