പത്താം ക്ലാസില്‍ തോറ്റു, സ്വപ്‌നങ്ങള്‍ തകര്‍ത്ത അപകടം; ആറ് മാസം കിടപ്പിലായിപ്പോയി: അക്ഷര ഹാസന്‍
ഇന്ത്യന്‍ സിനിമയുടെ ഉലകനായകനാണ് കമല്‍ഹാസന്‍. ഇനിയൊരിക്കലും സംഭവിക്കില്ലാത്ത പ്രതിഭാസമാണ് കമല്‍ഹാസന്‍. കമലിന്റേയും മുന്‍ ഭാര്യ സരിഗയുടേയും മക്കളാണ് ശ്രുതി ഹാസനും അക്ഷര ഹാസനും. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെയാണ് ഇരുവരും സിനിമയിലേക്ക് എത്തുന്നത്. ശ്രുതി അഭിനേത്രിയായും ഗായികയായും കയ്യട നേടി. പിന്നാലെയാണ് അക്ഷര സിനിമയിലേക്ക് എത്തുന്നത്.
സഹോദരിയെ പോലെ തന്നെ അക്ഷരയും കരിയര്‍ ആരംഭിക്കുന്നത് സിനിമയുടെ പിന്നണിയിലൂടെയാണ്. കൊറിയോഗ്രാഫറായും അസിസ്റ്റന്റ് ഡയറ്കടറായുമെല്ലാം ജോലി ചെയ്ത ശേഷമാണ് അക്ഷര നടിയായി മാറുന്നത്. ഇപ്പോഴിതാ തന്റെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അക്ഷരയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. താന്‍ പത്താം ക്ലാസില്‍ തോറ്റതാണെന്നാണ് ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ അക്ഷര തുറന്നു പറഞ്ഞത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ജോലി ചെയ്യാനുള്ള ലീഗല്‍ പ്രായമായ 18 ആയപ്പോള്‍ തന്നെ ഞാന്‍ അച്ഛനോട് പറഞ്ഞു, ഇനി ഞാന്‍ ജോലിയ്ക്ക് പൊയ്‌ക്കോളാം എന്ന്. നേരത്തെ തന്നെ ജോലി ചെയ്യുന്നത് നല്ലതെന്ന് തോന്നിയെന്ന്. പഠിത്തം കൃത്യമായി കൊണ്ടു പോകുമോ എന്ന് അദ്ദേഹം ചോദിച്ചു. കൊണ്ടു പോകുമെന്ന് ഞാന്‍ പറഞ്ഞു. സത്യത്തില്‍ ഞാന്‍ ഹൈസ്‌കൂള്‍ ഡ്രോപ്പ് ഔട്ടാണ്. ചിലര്‍ക്ക് പഠിത്തം വരില്ല. എനിക്ക് വന്നില്ല. അതില്‍ കുഴപ്പമൊന്നുമില്ല. ഞാന്‍ പത്താം ക്ലാസില്‍ തോറ്റതാണ്.
വീണ്ടും ശ്രമിച്ചു നോക്കി. പക്ഷെ വീണ്ടും തോറ്റു. നാണക്കേട് തോന്നി. ഞാനൊരു വിഡ്ഢിയാണോ എന്നും തോന്നി. അപ്പായുടെ അടുത്ത് പോയി. ശ്രമിച്ച് നോക്കി പറ്റുന്നില്ല. പഠിത്തം എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. പക്ഷെ ഞാന്‍ വെറുതെയിരിക്കില്ല. പിന്നെന്ത് ചെയ്യുമെന്ന് ചോദിച്ചു. കോളേജില്‍ പോകണം. സ്‌കൂള്‍ പൂര്‍ത്തിയാകാതെ എങ്ങനെ കോളേജില്‍ പോകുമെന്ന് അപ്പ ചോദിച്ചു. അതിനൊരു വഴിയുണ്ടെന്ന് ഞാന്‍ പറഞ്ഞു.
സിംഗപ്പൂരില്‍ ഒരു യൂണിവേഴ്‌സിറ്റിയുണ്ട്. അവിടെ ഒരു ഡാന്‍സ് കോഴ്‌സുണ്ട്. അവിടെ അഡ്മിഷന്‍ കിട്ടാന്‍ സ്‌കൂള്‍ പൂര്‍ത്തിയാക്കണ്ട. അവരുടെ എക്‌സാം ഉണ്ട്. അത് പാസായാല്‍ മതി. അങ്ങനെ വന്നാല്‍ എനിക്ക് കോളേജിലും പോകാന്‍ പറ്റും ഡാന്‍സറുമാകാന്‍ പറ്റും. പിന്നെ അതിനായുള്ള ശ്രമമായിരുന്നു. ട്രെയ്‌നിംഗ് നന്നായി നടന്നു. എ പ്ലസൊക്കെ കിട്ടി. ഇത് സ്‌കൂളില്‍ പഠിക്കുമ്പോഴേ നോക്കിയിരുന്നുവെങ്കില്‍ നന്നായേനെ എന്നൊക്കെ തോന്നി.

എന്നാല്‍ ആ ഡയറക്ഷനില്‍ മാറ്റം വന്നു. കാലിന് പരുക്ക് പറ്റു. ഡാന്‍സ് ചെയ്യുമ്പോള്‍ ഒരു പില്ലറിനോട് കാല്‍ പോയി അടിച്ചു. ഗുരുതരമായ പരുക്കായിരുന്നു. ഇതോടെ ആറ് മാസം ബെഡ് റെസ്റ്റായിരുന്നു. അതോടെ എന്റെ സ്വപ്‌നം തകര്‍ന്നു. മനസാകെ തകര്‍ന്നു പോയി. അതിന് ശേഷമാണ് ബോംബെയിലേക്ക് പോകുന്നത്. അവിടെ വച്ചാണ് ജോലി ആരംഭിക്കുന്നത്. അതിനുള്ള സ്‌പേസും അവര്‍ക്ക് എനിക്ക് തന്നിട്ടുണ്ട്.
അമ്മ നാലാം വയസ് മുതല്‍ അഭിനയിക്കുകയാണ്. പാവം സ്‌കൂളില്‍ പോയിട്ടേയില്ല. അതായിരുന്നു വീട്ടിലെ സാഹചര്യം. ഫിലിം ഇന്‍ഡസ്ട്രിയായിരുന്നു അവരുടെ സ്‌കൂള്‍. എനിക്ക് പറ്റിയില്ല, നിങ്ങള്‍ക്ക് സാധിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ചിലര്‍ക്ക് പഠിപ്പ് വരും. മറ്റ് ചിലര്‍ക്ക് അത് ഒത്തു വരില്ല. നിങ്ങള്‍ക്ക് എന്താണോ അനുയോജ്യമായത്, അത് കണ്ടെത്തുക. അല്ലാതെ വെറുതെ ഇരിക്കരുത് എന്നാണ് അമ്മ പറഞ്ഞത്.


Click it and Unblock the Notifications











