അങ്ങനെയൊരു ശീലം വിജയ്ക്കില്ല, അന്ന് ഞാൻ ശരിക്കും ഞെട്ടി! വേട്ടൈക്കാരൻ സെറ്റിൽ നടന്ന സംഭവം ഓർത്ത് അനുഷ്ക
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായികമാരിൽ ഒരാളാണ് അനുഷ്‌ക ഷെട്ടി. തമിഴിലും തെലുങ്കിലും നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുള്ള അനുഷ്കയ്ക്ക് മലയാളത്തിലും ഒരുപാട് ആരാധകരുണ്ട്. എങ്കിലും തെലുങ്ക് സിനിമയിലാണ് അനുഷ്‌ക കൂടുതല്‍ സജീവം. തെലുങ്കിലൂടെയാണ് അനുഷ്‍കയുടെ അരങ്ങേറ്റവും. 2005ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ആയിരുന്നു ആദ്യ ചിത്രം. നാഗാര്‍ജുനയുടെ നായികയായി എത്തിയ ആ ചിത്രത്തിന് ശേഷം അനുഷ്‌കയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
സൂപ്പര്‍ താരങ്ങളുടെ നായികയില്‍ നിന്നും സൂപ്പര്‍ നായികയിലേക്കുള്ള അനുഷ്‌കയുടെ സ്വപ്‌നതുല്യമായ വളർച്ചയാണ് പിന്നീട് കണ്ടത്. അരുന്ധതി, രുദ്രമാദേവി, ഭാഗ്മതി തുടങ്ങിയ ഹിറ്റ് സിനിമകൾ സമ്മാനിച്ച് കൊണ്ടായിരുന്നു അനുഷ്കയുടെ വളർച്ച. അതിനിടെ വന്ന ബാഹുബലി സീരീസിലെ ദേവസേനയിലൂടെ പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടുന്ന നായികയായി അനുഷ്ക മാറി. അനുഷ്‍കയുടെ കരിയറിലെ തന്നെ മികച്ച വേഷങ്ങളിൽ ഒന്നാണ് ദേവസേന.

എന്നാൽ ചിത്രത്തിന് ശേഷം അനുഷ്ക ചെറിയൊരു ഇടവേളയിലേക്കാണ് പോയത്. ഇപ്പോഴിത ഇടവേള അവസാനിപ്പിച്ച് വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് താരം. മിസ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി എന്ന ചിത്രത്തിലൂടെയാണ് അനുഷ്‌കയുടെ തിരിച്ചുവരവ്. ചിത്രം വലിയ ഹിറ്റായില്ലെങ്കിലും അനുഷ്‍കയുടെ പ്രകടനം കയ്യടി നേടി. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരുപാട് അഭിമുഖങ്ങളിലും മറ്റും അനുഷ്ക പങ്കെടുക്കുകയുണ്ടായി.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും തന്റെ പ്രിയപ്പെട്ട നടൻ വിജയിയെക്കുറിച്ചും അനുഷ്‍ക പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. സിനിമയിൽ നിന്നും തനിക്ക് ഒരു ഇടവേള ആവശ്യമായിരുന്നു. അതുകൊണ്ടാണ് സിനിമകളൊന്നും സ്വീകരിക്കാതെ കുറച്ചുകാലം മാറി നിന്നതെന്ന് അനുഷ്ക പറയുന്നു.
'സൂപ്പർ താരങ്ങളുടെ സിനിമകൾ നിറഞ്ഞുനിന്ന സമയത്താണ് എന്റെ അരുന്ധതി എന്ന സിനിമ ഇറങ്ങുന്നത്. അത് വലിയ വിജയമായി. അന്ന് മുതൽ സിനിമാ ലോകം എന്നെ ആഘോഷിച്ചു. എന്നാൽ ഒരു ഘട്ടത്തിൽ എനിക്ക് അൽപം വിശ്രമം വേണമെന്ന് തോന്നി. പക്ഷെ ഇത് ഇത്രയും നീണ്ടു പോകുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല', എന്നും അനുഷ്ക വ്യക്തമാക്കി. തുടർന്നാണ് വിജയിയെ കുറിച്ചും അനുഷ്‍ക വാചാലയായത്. വിജയ്‌ക്കൊപ്പം വേട്ടൈക്കാരൻ എന്ന സിനിമയിൽ അഭിനയിച്ചപ്പോഴുള്ള ഓർമ്മകളാണ് അനുഷ്ക പങ്കുവച്ചത്.
'വിജയ്‌ക്കൊപ്പം വേട്ടൈക്കാരൻ എന്ന ചിത്രത്തിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം എപ്പോഴും വളരെ ശാന്തനാണ്. ഒരിക്കൽ ചിത്രത്തിലെ ഒരു ഗാനരംഗത്തിന്റെ ഷൂട്ടിനായി ഞാൻ ചെന്നു. എനിക്ക് കൊറിയോഗ്രാഫർ സ്റ്റെപ്പുകൾ പറഞ്ഞു തരുന്ന സമയത്ത് അതെല്ലാം നോക്കി നിശബ്ദനായി വിജയ് അവിടെ ഇരിപ്പുണ്ടായിരുന്നു. ഷോട്ട് റെഡി എന്ന് പറഞ്ഞതോടെ വിജയ് അവിടെന്ന് എഴുന്നേറ്റു. നേരെ വന്ന് ഒരു സ്റ്റെപ്പ് പോലും തെറ്റാതെ ഷോട്ട് പൂർത്തിയാക്കി',
'അത് കണ്ട് ഞാൻ ഞെട്ടി. എനിക്ക് ഒന്നും മനസിലായില്ല. ഒരു തവണ മാത്രം കണ്ടിട്ട് അതെങ്ങനെ കളിച്ചെന്ന് ഇന്നും എനിക്ക് മനസിലായിട്ടില്ല. നൃത്തത്തിൽ റീടേക്ക് പോകുന്ന ശീലം വിജയ്ക്ക് ഇല്ല. അത്ര മനോഹരമായാണ് അദ്ദേഹം ഡാൻസ് ചെയ്യുന്നത്. എന്നോടും അത് പറഞ്ഞു', അനുഷ്ക പറഞ്ഞു. തന്റെ ശരീര ഭാരം കുറയ്ക്കുന്നതിനെ കുറിച്ചും അനുഷ്ക സംസാരിച്ചു.

ഇഞ്ചി ഇടുപ്പഴക്കി എന്ന ചിത്രത്തിന് വേണ്ടി ശരീരഭാരം കൂട്ടിയ അനുഷ്കയ്ക്ക് പിന്നീടുള്ള സിനിമകളിൽ തന്റെ പഴയ രൂപത്തിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ യോഗ കൊണ്ട് താൻ അത് കുറയ്ക്കുമെന്ന് താരം വ്യക്തമാക്കി. അതിനു വേണ്ടി സർജറികളോ മറ്റെന്തെങ്കിലുമോ ചെയ്യാൻ താൻ തയ്യാറല്ലെന്നും അനുഷ്ക പറഞ്ഞു.
ജയസൂര്യ നായകനാകുന്ന മലയാള ചിത്രം കത്തനാർ ആണ് അനുഷ്‍കയുടെതായി അണിയറയിൽ ഉള്ളത്. നായിക വേഷത്തിലാണ് അനുഷ്ക എത്തുന്നത്. അനുഷ്കയുടെ ആദ്യ മലയാള സിനിമയാണിത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ.


Click it and Unblock the Notifications