ഷൂട്ടിനിടെ ഭാര്യ ഗർഭിണിയാണെന്ന് അറിയിച്ചു, ഷാരൂഖ് ഖാൻ ഉടനെ ചെയ്തത്!; അറ്റ്ലി പറയുന്നു
ലോകമെമ്പാടുമുള്ള ഷാരൂഖ് ഖാന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാന്‍. തമിഴകത്തെ ഹിറ്റ് മേക്കർ സംവിധായകൻ അറ്റ്ലി കുമാർ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഒരു മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് ജവാൻ എത്തുന്നതെന്നാണ് സൂചന. ഇതുവരെ കാണാത്ത ലുക്കിനാണ് ചിത്രത്തില്‍ കിങ് ഖാന്‍ പ്രത്യക്ഷപ്പെടുന്നത്.
ചിത്രത്തിന്റെ പ്രിവ്യു വീഡിയോയും ഗാനവുമെല്ലാം ആരാധകരുടെ പ്രതീക്ഷകൾ വർധിപ്പിച്ചിട്ടുണ്ട്. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തിലെ നായിക. താരത്തിന്‍റെ കന്നി ബോളിവുഡ് ചിത്രം കൂടിയാണ് ജവാൻ. വിജയ് സേതുപതി വില്ലന്‍ വേഷത്തിലെത്തുമ്പോള്‍ അതിഥി വേഷത്തില്‍ ദീപിക പദുക്കോണും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. റെഡ് ചില്ലീസ് എന്‍റര്‍ടൈന്‍മെന്‍സിന്‍റെ ബാനറില്‍ ഗൗരിഖാനാണ് ജവാന്‍ നിര്‍മ്മിക്കുന്നത്.

സംവിധായകൻ ശങ്കറിന്റെ സഹസംവിധായകനായി സിനിമയിലേക്ക് എത്തിയ അറ്റ്ലി സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ജവാൻ. നയൻതാര, ആര്യ, നസ്രിയ, ജയ്, എന്നിവർ അഭിനയിച്ച രാജാ റാണി എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റിലൂടെ സ്വതന്ത്ര സംവിധായകനായി മാറിയ അറ്റ്ലി അതിനു ശേഷം ദളപതി വിജയ്ക്കൊപ്പം ചെയ്ത തെരി, മെർസൽ, ബിഗിൽ എന്നീ മൂന്ന് ചിത്രങ്ങളും വമ്പൻ വിജയമായിരുന്നു. ഇതിനു പിന്നാലെയാണ് അറ്റ്ലീ ജവാൻ പ്രഖ്യാപിക്കുന്നത്.
വലിയ ഹൈപ്പിനിടയിൽ, സെപ്റ്റംബർ ഏഴിന് തമിഴ്, തെലുങ്ക്, ഹിന്ദി, ഭാഷകളിലായി ചിത്രം തിയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായുള്ള പ്രീ-റിലീസ് ഇവന്റ് കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്നു. ഷാരൂഖ് ഖാൻ, വിജയ് സേതുപതി, യോഗി ബാബു, പ്രിയാമണി, സംഗീതസംവിധായകൻ അനിരുദ്ധ് തുടങ്ങിയ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പ്രീ-റിലീസ് ഇവന്റിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അതിനിടെ അറ്റ്ലി വേദിയിൽ നടത്തിയ പ്രസംഗവും ശ്രദ്ധനേടുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്ന സമയത്താണ് അറ്റ്ലീ ഭാര്യ പ്രിയ ഗർഭിണിയാകുന്നത് എട്ട് വർഷങ്ങൾക്ക് ശേഷം കാത്തിരുന്ന് ലഭിക്കുന്ന കണ്മണി ആയതിനാൽ ഡോക്ടർ വിശ്രമം പറഞ്ഞിരുന്നു. ഇക്കാര്യം ഷാരൂഖിനെ അറിയിച്ചപ്പോൾ ഉണ്ടായ പ്രതികരണത്തെ കുറിച്ചാണ് അറ്റ്ലി പറഞ്ഞത്.
'ഞാനും പ്രിയയും ജവാന്റെ ജോലികൾക്കായി അമേരിക്കയിൽ പോയപ്പോഴാണ് പ്രിയ ഗർഭിണിയാണെന്ന് അറിയുന്നത്. എട്ട് വർഷത്തിന് ശേഷമാണ് ഗർഭിണിയാകുന്നത് എന്നതിനാൽ മൂന്ന് മാസത്തേക്ക് യാത്ര ചെയ്യരുതെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. എന്നാൽ മൂന്ന് ദിവസത്തിനുള്ളിൽ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. ഷാരൂഖ് ഖാനോട് ഇക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹം ഉടൻ തന്നെ ഷൂട്ടിംഗ് നിർത്തിവെക്കാൻ ആവശ്യപ്പെടുകയും താൻ കാത്തിരിക്കാമെന്ന് പറയുകയും ചെയ്തു',

'എന്നാൽ ഷൂട്ടിംഗ് നിർത്തരുത് എന്ന് പ്രിയ പറഞ്ഞു. അവൾ സ്വയം നോക്കിക്കോളാമെന്ന് പറഞ്ഞു. സിനിമയുടെ കാര്യങ്ങൾ നോക്കാൻ അവൾ എന്നെ പ്രോത്സാഹിപ്പിച്ചു. പ്രിയയുടെ ആ സഹകരണമാണ് എന്റെ വിജയരഹസ്യം', അറ്റ്‌ലി വേദിയിൽ പറഞ്ഞു. അതുപോലെ സിനിമയുടെ വിജയപരാജയത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും അറ്റ്‌ലീ വ്യക്തമാക്കി. തമിഴ് സിനിമയെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ തുടരുമെന്നും അറ്റ്‌ലി പറഞ്ഞു.
അതേസമയം കഴിഞ്ഞ ജനുവരിയിൽ ഇവർക്ക് ഒരു ആൺകുഞ്ഞ് ജനിച്ചിരുന്നു. 2014 നവംബറിലാണ് അറ്റ്ലിയും പ്രിയയും വിവാഹിതരായത്. ദീർഘകാലം സുഹൃത്തുക്കളായിരുന്ന ഇവർ വിവാഹിതരാകാൻ തീരുമാനിക്കുകായായിരുന്നു. നടിയായ പ്രിയ മോഹൻലാൽ നായകനായ റെഡ് ചില്ലീസ് അടക്കമുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











