13 വര്‍ഷങ്ങള്‍ക്ക് ശേഷവും അദ്ദേഹം എന്നെ ഓര്‍ക്കുന്നു, മഞ്ജു ചേച്ചിയോട് എന്നെ കാണണമെന്ന് പറഞ്ഞു: ഭാവന
മലയാളികളുടെ പ്രിയനടി ഭാവന മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ച നടിയാണ്. തമിഴിലും നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട് ഭാവന. എന്നാല്‍ പിന്നീട് തമിഴില്‍ നിന്നും താരം വിട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം തമിഴിലേക്ക് തിരികെ വരികയാണ് ഭാവന. സഹോദരന്‍ ജയ്‌ദേവ് സംവിധായകനായ അരങ്ങേറുന്ന ദ ഡോര്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരികെ വരുന്നത്.
പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാവന തമിഴിലേക്ക് തിരികെ വരുന്നത്. ഇത്രയും വര്‍ഷമായി തമിഴില്‍ അഭിനയിച്ചിട്ടെന്ന് തോന്നുന്നില്ലെന്നാണ് ഭാവന പറയുന്നത്. ഈയ്യടുത്ത് തമിഴകത്തിന്റെ തല അജിത്തിനെ കണ്ടതിനെക്കുറിച്ചും ഭാവന ഒരു തമിഴ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. അജിത്തിനൊപ്പം അഭിനയിച്ച അസല്‍ ആണ് ഭാവനയുടെ ഒടുവില്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം.

''ഇക്കാലമത്രയും ഈ ഇന്‍ഡസ്ട്രിയുടെ ഭാഗമായിരുന്നു എന്ന് തന്നെയാണ് തോന്നുന്നത്. എന്റെ അവസാന തമിഴ് ചിത്രം അജിത്ത് സാറിനൊപ്പം അഭിനയിച്ച അസല്‍ ആണ്. 2010 ലാണ് ആ സിനിമ റിലീസ് ചെയ്തത്. അതിന് ശേഷം മലയാളത്തിലും കന്നഡയിലും കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ തുടങ്ങി. തമിഴില്‍ നല്ല വേഷങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു. തമിഴില്‍ നിന്നുമെടുത്ത ഇടവേള തീരുമാനിച്ചെടുത്ത ഒന്നായിരുന്നില്ല'' എന്നാണ് ഭാവന പറയുന്നത്.
തന്റെ സഹോദരന്റെ സിനിമയിലൂടെ തിരിച്ചുവരവും പ്രതീക്ഷിച്ച ഒന്നായിരുന്നില്ല എന്നാണ് ഭാവന പറയുന്നത്. സംഭവിച്ച് പോയതാണെന്നാണ് താരം പറയുന്നത്. അജിത്തിനൊപ്പമുള്ള അനുഭവം തനിക്ക് മറക്കാനാകില്ലെന്നും ഭാവന പറയുന്നു. ''അജിത്തിനൊപ്പം അസല്‍ ചിത്രീകരിച്ച അനുഭവം മറക്കാനാകില്ല. ഞാന്‍ മലേഷ്യ ഷെഡ്യൂളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാവരേയും സ്‌നേഹത്തോടെയും കരുതലോടേയും സമീപിച്ചിരുന്ന വ്യക്തിയാണ് അജിത്ത്'' ഭാവന പറയുന്നു.
''ഈയ്യടുത്ത് തുനിവിന്റെ ചിത്രീകരണത്തിനിടെ മഞ്ജു ചേച്ചിയോട് എന്നെക്കുറിച്ച് അദ്ദേഹം ചോദിച്ചു. എന്നോട് സംസാരിക്കണമെന്നും പറഞ്ഞു. മഞ്ജു ചേച്ചി എന്നെ വിളിക്കാന്‍ ശ്രമിച്ചുവെങ്കിലും കിട്ടിയില്ല. പിന്നീടെ അവര്‍ വിളിച്ചപ്പോള്‍ ഞാന്‍ ചെന്നൈയിലുണ്ടായിരുന്നു. തുനിവിന്റെ ചിത്രീകരണവും നടന്നത് ചെന്നൈയിലാണ്. എനിക്ക് അജിത്ത് സാറിനെ നേരിട്ട് കാണണമായിരുന്നു. ഞാന്‍ ലൊക്കേഷനിലേക്ക് ചെന്നു. ഞങ്ങള്‍ ഒരുപാട് കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. ഞാനും മഞ്ജു ചേച്ചിയും അജിത്ത് സാറും ഒരുമിച്ചാണ് ഉച്ചയൂണ് കഴിച്ചത്'' താരം പറയുന്നു.

''ആ കൂടിക്കാഴ്ചയില്‍ നിന്നുമുള്ള ചിത്രമാണ് ഞാന്‍ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ പോസ്റ്റ് ചെയ്തത്. അസല്‍ ഇറങ്ങിയിട്ട് കുറേയായി. ഇത്രനാളായിട്ടും അദ്ദേഹം എന്നെ ഓര്‍ത്തിരിക്കുന്നവെന്നത് സന്തോഷകരമാണ്. അദ്ദേഹത്തിന് അതൊന്നും ചെയ്യേണ്ടതായിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ എല്ലാവരും ഇഷ്ടപ്പെടുന്നത്'' എന്നും ഭാവന കൂട്ടിച്ചേര്‍ത്തു.
മലയാളത്തിലും തമിഴിലുമായാണ് ഡോര്‍ റിലീസ് ചെയ്യുന്നത്. മലയാളത്തിലും സജീവമായി മാറുകയാണ് ഭാവന. ഷാജി കൈലാസ് ഒരുക്കുന്ന ഹണ്ട് ആണ് ഭാവനയുടെ അണിയറയിലുള്ള മറ്റൊരു സിനിമ. അതേസമയം തുനിവാണ് അജിത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പക്ഷെ ഈ സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ല.


Click it and Unblock the Notifications











