നിനക്ക് പകരം ദൈവം എന്നെ കൊണ്ടു പോയിരുന്നുവെങ്കില്‍! കൂട്ടുകാരിയെ ഓര്‍ത്ത് നടി യഷിക
അപ്രതീക്ഷിതമായി കടന്നു വന്നൊരു അപകടം യഷികയുടെ ജീവിതമാകെ മാറ്റി മറിക്കുകയായിരുന്നു. അപകടത്തില്‍ യഷികയ്ക്ക് നഷ്ടമായത് തന്റെ ആത്മാര്‍ത്ഥ സുഹൃത്തിനെയായിരുന്നു. നാളുകളോളം ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്നു യഷിക ആനന്ദ്. കഴിഞ്ഞ വര്‍ഷം ജൂലൈ 25നായിരുന്നു യഷികയും സുഹൃത്ത് പവനിയും വാഹനപകടത്തെ നേരിടുന്നത്. അപകടത്തില്‍ പവനി മരിക്കുകയും യഷിക മാസങ്ങളോളം ആശുപത്രി കിടക്കയിലുമായിരുന്നു.
പവനിയുടെ ജന്മദിനമായിരുന്നു ഇന്നലെ. തനിക്ക് അരികിലില്ലാത്ത കൂട്ടുകാരിയെക്കുറിച്ചുള്ള യഷികയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ഉള്ള് തൊടുകയാണ്. നിനക്ക് പകരം ഞാനായിരുന്നുവെങ്കിലെന്നാണ് യഷിക കുറിപ്പില്‍ പറയുന്നത്. താരത്തിന്റെ വൈകാരികമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

മനുഷ്യരൂപം കൊണ്ട സൂര്യ പ്രകാശമായിരുന്നു നീ. ഇത്രയും വര്‍ഷങ്ങള്‍ നിന്നെ അടുത്തറിയുമായിരുന്നുവെന്നത് അനുഗ്രഹമായിട്ടാണ് ഞാന്‍ കാണുന്നത്. നിന്റെ ജന്മദിനമാണിത്. പക്ഷെ നീ ഇവിടെ ഇല്ലെന്ന വസ്തുത എനിക്ക് ദഹിക്കുന്നില്ല, അതിന് കാരണമായ കാര്യങ്ങളെ ഓര്‍ത്ത് എനിക്ക് അതിയായ കുറ്റബോധമുണ്ട്. നിന്റെ പുഞ്ചിരി ഞാന്‍ മിസ് ചെയ്യുന്നുണ്ട്. ഈ സമയത്തിനകം ഞാന്‍ നിന്നെ വിളിക്കുകയും നിന്റെ മനോഹരമായ മുഖം കാണുകയും ചെയ്തിട്ടുണ്ടാകുമായിരുന്നു. നീ യുഎസ്എയില്‍ ജോലി ചെയ്യുകയായിരിക്കണം. നമ്മളുടെ ദീര്‍ഘ സംഭാഷണങ്ങളും, മോമോ കാര്‍വിംഗും, നിന്റെ ചിരിക്കുന്ന മുഖവും, നമ്മളുടെ ബാലിശമായ സംസാരങ്ങളും.

നിന്നെ വിശ്വസിച്ചിരുന്നത് പോലെ ഞാന്‍ മറ്റാരെയെങ്കിലും വിശ്വസിച്ചിരുന്നുവോ എന്നറിയില്ല. പത്താം ക്ലാസിലെ ബോര്‍ഡ് എക്‌സാം റിവിഷന് എന്റെ അടുത്തിരുന്ന് ഈ പൊട്ട തലയിലേക്ക് ബോധം പകര്‍ന്നിരുന്നു. എന്റെ ജീവിതത്തിന്റെ നെടും തൂണായിരുന്നു നീ. എന്നെ ഉപയോഗിക്കുകയും എന്നോട് കപടമായി പെരുമാറുകയും ചെയ്തിട്ടുള്ളവരെ കണ്ടിട്ടുണ്ട്. പലതരത്തിലും എന്നെ ചതിച്ചവരുണ്ട്. പക്ഷെ വര്‍ഷങ്ങളായി നീ എന്റെ ആത്മാര്‍ത്ഥ സുഹൃത്തായിരുന്നു. നമ്മള്‍ക്കിടയില്‍ ഒരിക്കല്‍ പോലും വഴക്കുണ്ടായിട്ടില്ല. പക്ഷെ നീയിന്ന് ആകാശത്തിലെ ഒരു നക്ഷത്രമാണ്. എന്നെ നോക്കുകയും ജീവിതത്തില്‍ നയിക്കുകയും ചെയ്യുകയാണ് നീ.

ചിലപ്പോള്‍ നീ ഇല്ലെന്ന വസ്തുത എന്നെ ഉള്ളില്‍ നിന്നും തകര്‍ത്തുകളയും. നിന്റെ എല്ലാ സ്വപ്‌നങ്ങളും ഞാന്‍ സാക്ഷാത്കരിക്കും. നിന്നെ ഞാന്‍ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. നിന്റെ കുടുംബം നിന്നെ എത്രത്തോളം മിസ് ചെയ്യുന്നുണ്ടെന്ന് എനിക്ക് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല. പതിനാറാം വയസ് മുതല്‍ മുതിര്‍ന്നൊരു സ്ത്രീയാകുന്നത് വരെ നീ എന്നെ കണ്ടിട്ടുണ്ട്. ഞാന്‍ ഒന്നുമല്ലാതിരുന്ന കാലത്തും നീ എനിക്കൊപ്പമുണ്ടായിരുന്നു. ഞാന്‍ ചെയ്ത തെറ്റുകള്‍ നീ കണ്ടിട്ടുണ്ട്. വ്യക്തിയെന്ന നിലയിലുള്ള എന്റെ വളര്‍ച്ച നീ കണ്ടിട്ടുണ്ട്. എന്റെ അകവും പുറവും നിനക്കറിയാമായിരുന്നു. തിരിച്ചും. ഞാന്‍ ഒരു വാക്ക് പറഞ്ഞാല്‍, ആ വാക്യം നീ പൂര്‍ത്തിയാക്കുമായിരുന്നു. ഇതുപോലെ പരിശുദ്ധമായ സ്‌നേഹം വീണ്ടും കണ്ടെത്താനാകുമെന്ന് എനിക്ക് തോന്നുന്നില്ല. ഹാപ്പി ബര്‍ത്ത് ഡേ മൈ സ്‌കൂബി ഡൂബി.
Recommended Video

മറുവശത്ത് വച്ച് നമ്മള്‍ കണ്ടു മുട്ടും. അതുവരേയ്ക്കും ഞാനിവിടെ നിന്റെ ഓര്‍മ്മകളിലൂടേയും, നിന്നെ മിസ് ചെയ്തുമുണ്ടാകും. നീ എനിക്കൊപ്പമുണ്ടായിരുന്ന അവസാനത്തെ ആഴ്ച ഞാനെടുത്ത കുറച്ച് ചിത്രങ്ങളാണിത്. ഇതൊക്കെ പോസ്റ്റ് ചെയ്യാന്‍ നീ ഒരുപാട് ആഗ്രഹിച്ചിരുന്നു. നീ ഇവിടെയില്ല. പക്ഷെ ഈ ചിത്രങ്ങളിലെ മനോഹരമായ മുഖം ജീവനുള്ളതാണ്. നീ ഇവിടെ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കുന്നു. നിന്നെ അറിയാന്‍ സാധിച്ചത് അനുഗ്രഹമാണ്. ദൈവം നിനക്ക് പകരം എന്നെ കൊണ്ടു പോയിരുന്നുവെങ്കില്‍! നിന്നെ ഇറുക്കി കെട്ടിപ്പിടിക്കണമെന്നുണ്ട്. എന്നുമെന്റെ പ്രാര്‍ത്ഥനകളിലും ഹൃദയത്തിലും നീയുണ്ടാകും. മിസ് യു ഏയ്ഞ്ചല്‍.
2021 ജൂലൈ 24 ന് പുലര്‍ച്ചെയായിരുന്നു അപകടമുണ്ടാകുന്നത്. മഹാബലിപുരത്ത് വച്ചായിരുന്നു അപകടം. അമിത വേഗം മൂലമാണ് അപകടമുണ്ടായതെന്നായിരുന്നു പോലീസിന്റെ നിഗമനം. പോലീസ് യഷികയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറില്‍ നിന്നും തെറിച്ച് വീണ പവനി തല കോണ്‍ഗ്രീറ്റ് പാളിയില്‍ ഇടിച്ചാണ് മരിക്കുന്നത്. പ്രിയ കൂട്ടുകാരിയുടെ മരണത്തിന് അറിഞ്ഞു കൊണ്ടല്ലെങ്കിലും താനാണ് ഉത്തരവാദിയെന്നും ഇപ്പോള്‍ ജീവിച്ചിരിക്കുന്നതില്‍ കുറ്റബോധം തോന്നുന്നുവെന്നും നേരത്തെ യഷിക കുറിച്ചിരുന്നു.


Click it and Unblock the Notifications











