താമസിക്കാൻ ഫൈവ് സ്റ്റാർ ഹോട്ടലിന്റെ ഒരു ഫ്ലോർ! പ്രതിഫലം കോടികൾ; തമിഴിൽ അഭിനയിക്കാൻ ദീപിക വെച്ച ഡിമാൻഡ്!
ബോളിവുഡിലെ ഏറ്റവും വലിയ നടിമാരിൽ ഒരാളാണ് ദീപിക പദുക്കോണ്‍. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായിക നടിയാണ് ദീപിക ഇപ്പോൾ. കഴിഞ്ഞ 15 വർഷത്തിലധികമായി ബോളിവുഡിലെ നിറസാന്നിധ്യമാണ് താരം. മോഡലിങ്ങിൽ നിന്നാണ് ദീപിക സിനിമയിലേക്ക് എത്തുന്നത്. ഇന്ന് ഹോളിവുഡിൽ അടക്കം തന്റെ സാന്നിധ്യമറിയിച്ചിട്ടുള്ള ദീപികയ്ക്ക് ലോകമെമ്പാടും ആരാധകരുണ്ട്.
ബോളിവുഡിലാണ് ദീപിക തിളങ്ങിയതെങ്കിലും കന്നഡ സിനിമയിലൂടെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം. ഐശ്വര്യ എന്ന ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് ദീപിക ആദ്യമായി അഭിനയിച്ചത്. 2006 ൽ ആയിരുന്നു ഇത്. തൊട്ടടുത്ത വർഷം ഷാരൂഖ് ഖാന്‍ നായകനായ ഓം ശാന്തി ഓമിലൂടെ ദീപിക ബോളിവുഡിലേക്കും എത്തുകയായിരുന്നു. ചിത്രത്തിൽ ഇരട്ട വേഷത്തിൽ ആയിരുന്നു ദീപിക അഭിനയിച്ചത്. ബോളിവുഡിൽ ഒരു നായികയ്ക്ക് ലഭിക്കാവുന്ന ഒരു സ്വപ്‌ന തുല്യമായ തുടക്കമായിരുന്നു അത്.

ഓം ശാന്തി ഓം ബ്ലോക്ബസ്റ്റർ ഹിറ്റായി മാറിയതോടെ ദീപികയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ന് നടിയെന്നതിനുപരി നിര്‍മ്മാതാവ് എന്ന നിലയിലെല്ലാം ബോളിവുഡ് സിനിമ ലോകത്ത് തിളങ്ങി നിൽക്കുകയാണ് ദീപിക പദുക്കോൺ. അതേസമയം, തെന്നിന്ത്യൻ സിനിമയിലൂടെയാണ് കരിയർ തുടങ്ങിയതെങ്കിലും ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് അധികം തെന്നിന്ത്യൻ സിനിമകളിൽ ഒന്നും ദീപിക അഭിനയിച്ചിട്ടില്ല.
ഇടയ്ക്ക് തമിഴിൽ കൊച്ചടിയാൻ എന്ന 3ഡി ചിത്രത്തിന്റെ ഭാഗമായത് ഒഴിച്ച് മറ്റൊരു സിനിമയും വന്നിട്ടുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ബിഗ് ബജറ്റ് ചിത്രമായ പ്രൊജക്റ്റ് കെയിലൂടെ വീണ്ടും തെന്നിന്ത്യൻ സിനിമയുടെ ഭാഗമാകാൻ ഒരുങ്ങുകയാണ് ദീപിക. അമിതാഭ് ബച്ചൻ, പ്രഭാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന തെലുങ്ക് ചിത്രത്തിൽ നായികയായിട്ടാണ് ദീപിക എത്തുന്നത്. അതിനിടെ തമിഴിൽ ഒരു സിനിമയിൽ ദീപിക നായികയാവുന്നു എന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.
ചിമ്പുവിനെ നായകനാക്കി ഡെസിങ് പെരിയസാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ദീപിക നായികയാവുമെന്നായിരുന്നു റിപ്പോർട്ട്. കമൽ ഹാസൻ നിർമ്മിക്കുന്ന ചിത്രത്തിനായി സിമ്പു ഇതിനകം ലണ്ടനിൽ പരിശീലനം ആരംഭിച്ചു എന്നുള്ള റിപ്പോർട്ടുകളൊക്കെ ഉണ്ട്. അതിനിടെ ദീപിക സിനിമയിൽ ഉണ്ടാവില്ലെന്ന് വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ദീപികയുടെ പ്രതിഫലവും മറ്റു കണ്ടീഷനുകളുമാണ് നടിയെ ഒഴിവാക്കാനുള്ള കാരണമെന്നാണ് പറയുന്നത്.

30 കോടി രൂപയാണ് ദീപിക സിനിമയിൽ അഭിനയിക്കുന്നതിന് പ്രതിഫലമായി ആവശ്യപ്പെട്ടത് എന്നാണ് വിവരം. അതുപോലെ താമസിക്കാൻ ഫൈവ് സ്റ്റാർ ഹോട്ടലും ആവശ്യപ്പെട്ടിട്ടുണ്ട്. ഫൈവ് സ്റ്റാർ ഹോട്ടലിന്റെ ഒരു മുറിയല്ല, പകരം ഒരു ഫ്ലോർ തന്നെയാണ് ദീപിക ആവശ്യപ്പെട്ടത് എന്നാണ് പറയുന്നത്. ഇത്രയും കാര്യങ്ങൾ സജ്ജീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ദീപിക ചിത്രത്തിൽ അഭിനയിക്കാൻ എത്തില്ലെന്നത് കൊണ്ട് തന്നെ അത് നടക്കില്ലെന്നാണ് റിപ്പോർട്ട്.
ദുൽഖർ സൽമാനെ നായകനാക്കി ഒരുക്കിയ കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന ചിത്രത്തിന് ശേഷം ഡെസിങ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു ആക്ഷൻ ത്രില്ലറാകും എന്നാണ് സൂചന. അതേസമയം, പ്രോജക്റ്റ് കെയ്ക്ക് പുറമെ ഹൃത്വിക് റോഷൻ നായകനാകുന്ന ഫൈറ്റർ ആണ് ദീപികയുടേതായി അണിയറയിൽ ഉള്ളത്.
ഇത് കൂടാതെ ഷാരൂഖ് ഖാൻ, നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ആറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാനിൽ അതിഥി വേഷത്തിലും ദീപിക പദുക്കോൺ എത്തുന്നുണ്ട്. പത്താൻ ആണ് ദീപികയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.


Click it and Unblock the Notifications