രഘുവരൻ നായക നടനായി മാറാതിരുന്നതിന് കാരണം അതാണ്; നെഗറ്റീവുകൾ പോസിറ്റീവുകളാക്കാൻ കഴിയണം: ചെയ്യാറു ബാലു
തെന്നിന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് രഘുവരൻ. സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ടും ഡയലോഗ് ഡെലിവറിയിലെ വ്യത്യസ്ത കൊണ്ടുമൊക്കെ സിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ അർഹിക്കുന്ന ഉയരങ്ങളിലേക്കെത്തും മുൻപെ മരണം അദ്ദേഹത്തെ തേടി എത്തുകയായിരുന്നു. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ അടക്കം എല്ലാ തെന്നിന്ത്യൻ ഭാഷകളിലും തിളങ്ങിയിട്ടുള്ള നടൻ വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
തെന്നിന്ത്യൻ സിനിമയിലെ വലിയ നഷ്ടങ്ങളിൽ ഒന്നാണ് രഘുവരൻ. കൊമേഴ്‌ഷ്യൽ സിനിമയും ആർട്ട് സിനിമയും ഒരുപോലെ വഴങ്ങിയ നടനായിരുന്നു അദ്ദേഹം. മറ്റാർക്കും അനുകരിക്കാനാവാത്ത അഭിനയസിദ്ധികൊണ്ട് ഒരുപാട് ആരാധകരെയും അദ്ദേഹം സ്വന്തമാക്കിയിരുന്നു. വില്ലനായും നായകനായും സഹനടനയുമെല്ലാം രഘുവരൻ അഭിനയിച്ചു. എന്നാൽ വില്ലൻ വേഷങ്ങളാണ് കൂടുതലും തേടിയെത്തിയത്. 80കളിലും 90കളിലും തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താര ചിത്രങ്ങളിലെ പ്രധാന വില്ലനായിരുന്നു രഘുവരൻ.

അതേസമയം സൂപ്പർ താരങ്ങൾ ഒതുക്കിയത് കൊണ്ടാണ് രഘുവരന് നായക വേഷങ്ങൾ ലഭിക്കാതെ പോയതെന്ന ആരോപണങ്ങളും പലപ്പോഴായി ഉയർന്നിട്ടുണ്ട്. ഇപ്പോഴിതാ രഘുവരന് അധികം നായക വേഷങ്ങൾ ലഭിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് തമിഴ് സിനിമാ നിരൂപകനും മാധ്യമ പ്രവർത്തകനുമായ ചെയ്യാറു ബാലു. ഉയരക്കൂടുതലാണ് നായക വേഷങ്ങൾ ലഭിക്കുന്നതിൽ രഘുവരന് വെല്ലുവിളിയായതെന്ന് അദ്ദേഹം പറയുന്നു.
അടുത്തിടെ ഒരു അഭിമുഖത്തിൽ അനുഷ്‌ക ഷെട്ടിയുടെ ഉയരത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ചെയ്യാറു ബാലു രഘുവരനെ കുറിച്ചും സംസാരിച്ചത്. മുൻപ് സൂര്യയുടെ നായികയായി അനുഷ്ക എത്തിയപ്പോഴെല്ലാം നടിയുടെ ഉയരം സംബന്ധിച്ച് ചർച്ചകൾ ഉണ്ടായിട്ടുണ്ട്. അതേക്കുറിച്ച് സംസാരിക്കുന്നതിനിടെ ആയിരുന്നു ചെയ്യാറു ബാലുവിന്റെ പരാമർശം. അനുഷ്കയുടെ ഉയര കൂടുതൽ അറിയാതിരിക്കാൻ സിങ്കത്തിലെ സൂര്യക്ക് ഒപ്പമുള്ള രംഗങ്ങൾ വൈഡ് ആംഗിളിൽ മറ്റും വെച്ചാണ് ചിത്രീകരിച്ചതെന്ന് ചെയ്യാറു ബാലു പറഞ്ഞു.
നായികമാരെ പോലെ തന്നെ നായകന്മാർക്ക് ഉയരം കൂടിയാലും പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. രഘുവരൻ നായകനാകാതിരുന്നതിന് കാരണം അദ്ദേഹത്തിന്റെ ഉയരമാണ്. ശരീരം കൊണ്ട് നമ്മുക്ക് ഉണ്ടാകുന്ന നെഗറ്റീവുകൾ പ്ലസ് ആക്കി മാറ്റി മുന്നോട്ട് പോകാൻ കഴിയണം. അതിന് കഴിഞ്ഞ ഒരാളാണ് നടി അനുഷ്ക ഷെട്ടി എന്നാണ് ചെയ്യാറു ബാലു പറഞ്ഞത്. ചെയ്യാറു ബാലുവിന്റെ വാക്കുകൾ ആരാധകർക്കിടയിൽ ചർച്ചയാണ്.
അടുത്തിടെ രഘുവരനെ കമൽ ഹാസൻ മനഃപൂർവം തന്റെ സിനിമകളിൽ നിന്നും മാറ്റിനിർത്തിയതാണെന്ന ആരോപണവുമായി ബെയിൽവാൻ രംഗനാഥൻ രംഗത്തെത്തിയതും ശ്രദ്ധനേടിയിരുന്നു. രജനീകാന്തിനെ പോലെ രഘുവരനും തനിക്കുമേൽ വളരുമെന്ന അസൂയ കാരണം രഘുവരനൊപ്പം അഭിനയിക്കാൻ കമൽ ഹാസൻ തയ്യാറായിരുന്നില്ലെന്നാണ് ബെയിൽവാൻ പറഞ്ഞത്.

മരിക്കുന്നത് വരെ രഘുവരൻ കമൽ ഹാസനോടൊപ്പം ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എന്നത് വേദനിപ്പിക്കുന്ന സത്യമാണ്. അഭിനയത്തിൽ മികച്ചു നിൽക്കുന്നവരെയും അഭിനയത്തിൽ വ്യത്യസ്ത കൊണ്ടുവരുന്നവരെയും കമൽ ഹാസന് ഇഷ്ടമല്ല. അതാണ് സത്യം. രഘുവരൻ വ്യത്യസ്തമായി അഭിനയിക്കുന്നയാളാണ് അതുകൊണ്ടാണ് രഘുവരനെ ഇഷ്ടമല്ലാത്തതും, തന്റെ സിനിമകളിൽ അഭിനയിപ്പിക്കാതെ ഇരുന്നതും. ഇത് എല്ലാവർക്കും അറിയുന്ന കാര്യമാണെന്നും ബെയിൽവാൻ പറഞ്ഞു.
2008ലാണ് രഘുവരന്റെ വിയോഗം. അമിത മദ്യപാനം മൂലം അവയവങ്ങളുടെ പ്രവർത്തനം നിലച്ചാണ് രഘുവരൻ മരിക്കുന്നത്. ഏകദേശം 200 ലധികം സിനിമകളിൽ അഭിനയിച്ച നടന്റെ അകാല വിയോഗം തെന്നിന്ത്യൻ സിനിമാ ലോകത്തിന് ഇന്നും വലിയ വേദനയാണ്.


Click it and Unblock the Notifications











