വജ്ര വ്യപാരിയുടെ മകൾ! ബോളിവുഡ് വിട്ട് തമിഴിൽ സജീവമാകാനുണ്ടായ കാരണം അത്!; തമന്നയെ കുറിച്ച് ചെയ്യാറു ബാലു!
തെന്നിന്ത്യൻ സിനിമകളിലൂടെ തരംഗമായി മാറിയ നടിയാണ് തമന്ന ഭാട്ടിയ. ഇപ്പോൾ ബോളിവുഡിലടക്കം നിറഞ്ഞു നിൽക്കുകയാണ് താരം. ഒപ്പം മലയാളത്തിലും അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. മുംബൈ സ്വദേശിനിയായ തമന്ന കഴിഞ്ഞ പതിനെട്ട് വർഷത്തിലേറെയായി സിനിമയിൽ സജീവമാണ്. ബോളിവുഡിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലൂടെയാണ് നടി നേട്ടമുണ്ടാകുന്നത്. തെന്നിന്ത്യൻ സിനിമകളിൽ സജീവമായതോടെ തമന്നക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
വളരെ പെട്ടെന്നാണ് തമിഴിലെയും തെലുങ്കിലും മുൻനിര താരമായി തമന്ന പേരെടുത്തത്. നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായ തമന്ന തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും നായികയുമായി. വിജയ്, അജിത്ത്, സൂര്യ, വിക്രം, ധനുഷ്, കാർത്തി, വിജയ് സേതുപതി തുടങ്ങി എല്ലാ താരങ്ങളുടെയും ഒപ്പം തമന്ന അഭിനയിച്ചു. തമിഴിൽ മാത്രം ഏകദേശം 25 ഓളം സിനിമകളിലാണ് നടി അഭിനയിച്ചത്. 2006ൽ പുറത്തിറങ്ങിയ കേഡി ആയിരുന്നു തമന്നയുടെ ആദ്യ തമിഴ് ചിത്രം.

തുടർന്ന്, വ്യബാരി, പടുകടവൻ, അയൻ, ദില്ലലങ്ങാടി, സിരുതൈ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ തന്റെ ഇടം കണ്ടെത്തുകയായിരുന്നു. ഏറ്റവും ഒടുവിലായി രജനികാന്തിനൊപ്പം ജയിലർ എന്ന ചിത്രത്തിലാണ് തമന്ന അഭിനയിച്ചത്. ഏകദേശം നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തമന്ന തമിഴിലേക്ക് എത്തുന്നത്. പുതിയ ഒന്ന് രണ്ടു തമിഴ് ചിത്രങ്ങൾ തമന്നയുടെതായി അണിയറയിൽ ഉണ്ട് എന്നാണ് വിവരം. അതിനിടെ തമന്നയുടെ തമിഴ് സിനിമാ രംഗത്തേക്കുള്ള കടന്നുവരവിനെ കുറിച്ച് മാധ്യമ പ്രവർത്തകനായ ചെയ്യാറു ബാലു പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.
ഹിന്ദിയിൽ നിന്ന് തെലുങ്കിലെത്തി അതിനു ശേഷമാണ് തമന്ന തമിഴിലേക്ക് എത്തുന്നത്. മുംബൈയിൽ ജനിച്ചു വളർന്ന തമന്ന ബോളിവുഡ് ഉപേക്ഷിച്ച് താരതമ്യേന ചെറിയ ഇൻഡസ്ട്രികളിൽ ഒന്നായ തമിഴിൽ സജീവമായതിന്റെ കാരണമാണ് അദ്ദേഹം അടുത്തിടെ ഒരു അഭിമുഖത്തിൽ പങ്കുവച്ചത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്...
'വലിയ സമ്പന്ന കുടുംബമാണ് തമന്നയുടേത്. അച്ഛൻ വലിയൊരു വജ്ര വ്യാപാരിയാണ്. സിനിമയിൽ അഭിനയിക്കണമെന്ന മോഹവുമായി തമന്ന അവസരങ്ങൾ തേടി ഇറങ്ങിയപ്പോൾ ബോളിവുഡിൽ നിന്ന് പെട്ടെന്ന് അവസരം ലഭിച്ചു. എന്നാൽ ആ സിനിമ പരാജയപ്പെട്ടതോടെ ഭാഗ്യമില്ലാത്ത നടിയായി തമന്ന മുദ്രകുത്തപ്പെട്ടു. പിന്നീട് താരം വീണ്ടും അവസരങ്ങൾ തേടി നടന്നെങ്കിലും ഒന്നും ലഭിച്ചില്ല തുടർന്നാണ് തമിഴിലേക്ക് എത്തുന്നത്. അങ്ങനെയാണ് കേഡിയിൽ അവസരം ലഭിക്കുന്നത്', ചെയ്യാറു ബാലു പറഞ്ഞു.

അതേസമയം തെന്നിന്ത്യയിലെ വിജയത്തിന് ശേഷം ബോളിവുഡിലേക്ക് തിരികെ വന്ന തമന്ന രണ്ടാം വരവില്‍ ഹിന്ദിയിലും വിജയിച്ചു നിൽക്കുകയാണ്. ഒടിടി കാലത്തും നേട്ടങ്ങളുണ്ടാക്കി മുന്നേറുകയാണ് തമന്ന. വെബ് സീരീസുകളും ഓടിടി സിനിമകളും അടക്കം നിരവധി അവസരങ്ങൾ ബോളിവുഡിൽ നിന്ന് തമന്നയ്ക്ക് ലഭിക്കുന്നുണ്ട്. അഭിനയിക്കുന്ന ഭാഷകളിലെയെല്ലാം തിരക്കുള്ള നായികയാണ് താരം.
തമിഴിൽ ആരാൺമൈ 4, മലയാളത്തിൽ ബാന്ദ്ര, ഹിന്ദിയിൽ വേദ എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളാണ് തമന്നയുടേതായി അണിയറയിൽ ഉള്ളത്. ഇതുകൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന് വേണ്ടി ക്രിമിനൽ മൈൻഡ്‌സ് എന്നൊരു വെബ് സീരീസിലും തമന്ന അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications