സെറ്റിൽ വെച്ച് വടിവേലു ധനുഷിനോട് കയർത്തു, സിനിമയിൽ നിന്ന് പുറത്താക്കി പ്രതികാരം!; വെളിപ്പെടുത്തി സംവിധായകൻ
തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരിൽ ഒരാളാണ് ഇന്ന് ധനുഷ്. പൊതുവെ നിലനിന്നിരുന്ന നായക സങ്കൽപ്പങ്ങളെല്ലാം തിരുത്തി സിനിമയിലെത്തിയ ധനുഷ് വളരെ വേഗമാണ് തമിഴിലെ മുൻനിര താരമായി മാറിയത്. ഇന്ന് ബോളിവുഡിലും ഹോളിവുഡിലുമെല്ലാം ധനുഷ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നടൻ എന്നതിനപ്പുറം ഗായകൻ, ഗാനരചയിതാവ്, നിർമ്മാതാവ് എന്നീ നിലകളിലും ധനുഷ് തിളങ്ങിയിട്ടുണ്ട്.
സിനിമ കുടുംബത്തിൽ നിന്ന് വരുന്ന ധനുഷ് ചേട്ടൻ സെൽവരാഘവൻ സംവിധാനം ചെയ്ത തുള്ളുവധോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. 2002 ൽ ഇറങ്ങിയ ചിത്രം വലിയ ശ്രദ്ധനേടിയില്ല. എന്നാൽ തൊട്ടടുത്ത വർഷം ഇറങ്ങിയ കാതൽ കൊണ്ടയ്ൻ എന്ന സിനിമ സൂപ്പർ ഹിറ്റായതോടെ ധനുഷ് താരമായി മാറുകയായിരുന്നു. പിന്നീട് ഇറങ്ങിയ തിരുടാ തിരുടിയും വിജയമായതോടെ കൂടുതൽ അവസരങ്ങൾ ധനുഷിനെ തേടിയെത്തി.

തുടർന്ന് സുള്ളൻ, പുതുപ്പേട്ടൈ, പൊള്ളാധവൻ, ആടുകളം, വേലയിലൈ പട്ടധാരി, 3, മാരി, അസുരൻ എന്നിങ്ങനെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ധനുഷ് മുൻനിര താരമായി ഉയരുകയായിരുന്നു. ഇതിനകം 50ൽ അധികം സിനിമകളിൽ ധനുഷ് അഭിനയിച്ചിട്ടുണ്ട്. അതിൽ നിരവധി കോമഡി സിനിമകളുമുണ്ട്. എന്നാൽ ഒരിക്കൽ പോലും തമിഴിലെ ഏറ്റവും വലിയ കോമഡി താരമായ വടിവേലുവിനൊപ്പം ധനുഷ് അഭിനയിച്ചിട്ടില്ല. ഇപ്പോൾ മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ഇരുവരും ഒന്നിക്കുമെന്ന റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഇതുവരെ ഇരുവരും ഒന്നിക്കാത്തതിന്റെ കാരണങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. മുൻപ് ധനുഷ് നായകനായ പടിക്കാത്തവൻ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലേക്ക് വടിവേലുവിനെ കാസ്റ്റ് ചെയ്തിരുന്നു. എന്നാൽ പകുതിക്ക് വെച്ച് വടിവേലു ചിത്രത്തിൽ നിന്ന് പിന്മാറി. കുറച്ചു ദിവസം ഷൂട്ടിങ് കഴിഞ്ഞ ശേഷമായിരുന്നു പിന്മാറ്റം. ഇതിന് പലതരത്തിലുള്ള കാരണങ്ങളും പറഞ്ഞു കേട്ടിരുന്നു.
ഇപ്പോഴത് വീണ്ടും ചർച്ചയാകുമ്പോൾ ചിത്രത്തിന്റെ സംവിധായകൻ തന്നെ അതിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ്. പടിക്കാത്തവൻ എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ധനുഷിനെ വടിവേലു ശകാരിച്ചെന്നും അതുകൊണ്ട് നടനെ സിനിമയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു എന്നാണ് സംവിധായകൻ സൂരജ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. വടിവേലുവിന് പകരം നടൻ വിവേക് ആയിരുന്നു ആ വേഷം ചെയ്തത്. അന്ന് മുതൽ ധനുഷിനും വടിവേലുവിനും ഇടയിലുള്ള പ്രശ്നമാണ് ഇവർ തമ്മിൽ പിന്നീട് ഒന്നിക്കുന്നതിന് തടസമായതെന്നാണ് വിവരം.

പഴയതെല്ലാം മറന്ന് മാരി സെൽവരാജിന്റെ ചിത്രത്തിൽ ഇവർ ആദ്യമായി ഒന്നിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേക്ഷകർ. വാത്തിയാണ് ധനുഷിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മലയാളി നടി സംയുക്ത നായികയായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തെലുങ്കിലും ചിത്രം ഹിറ്റായിരുന്നു. അരുൺ മതേശ്വരൻ സംവിധാനം ചെയ്യുന്ന ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിലാണ് ധനുഷ് ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.
കുറച്ചു നാളുകളായി സിനിമയിൽ നിന്നൊക്കെ വിട്ടു നിൽക്കുകയായിരുന്ന വടിവേലു അടുത്തിടെയാണ് വീണ്ടും സജീവമായത്. സൂരജ് സംവിധാനം ചെയ്ത നായ് ശേഖർ റിട്ടേൺസ് എന്ന സിനിമയിലൂടെ ആയിരുന്നു തിരിച്ചുവരവ്. നിലവിൽ മാമനൻ എന്ന ചിത്രത്തിലാണ് വടിവേലു അഭിനയിക്കുന്നത്. കൂടാതെ സൂപ്പർഹിറ്റായ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തിലും നടൻ എത്തുമെന്നാണ് വിവരം.


Click it and Unblock the Notifications