രജനീകാന്തിന്റെ സിനിമകൾ ഒഴിവാക്കിയ ഇളയരാജ! ലിംഗയ്ക്ക് വേണ്ടി സമീപിച്ചപ്പോഴും നോ പറഞ്ഞു; കാരണമിത്
തമിഴ് സിനിമയിൽ നിരവധി സംഗീതസംവിധായകർ ഉണ്ടെങ്കിലും തെന്നിന്ത്യൻ സംഗീത പ്രേമികൾക്കിടയിൽ ഇളയരാജയ്ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. അദ്ദേഹത്തിന്റെ ശ്രുതിമധുരമായ ഗാനങ്ങളിൽ മയങ്ങാത്ത ആരും തന്നെയുണ്ടാകില്ല. പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും ദുഃഖത്തിലുമെല്ലാം ഇത്രയും മധുരമായ സംഗീതമുണ്ടെന്ന് ഇളയരാജയുടെ ഗാനങ്ങളിലൂടെയാകും പ്രേക്ഷകർ അറിഞ്ഞത്. പഴയതെന്നോ പുതിയതെന്നോ വ്യത്യാസമില്ലാതെ അദ്ദേഹത്തിന്റെ ഗാനങ്ങൾ പ്രേക്ഷകർ ഇന്നും പാടി നടക്കുകയാണ്.
തമിഴകത്തിന്റെ സ്വന്തം ഇസൈജ്ഞാനി മലയാളികൾക്കും പ്രിയങ്കരനാണ്. മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചവയാണ് ഇളയരാജയുടെ ഗാനങ്ങൾ. സംഗീതത്തിന് ഭാഷയോ ദേശമോ വ്യത്യാസമില്ലെന്നുള്ളതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾ. 80കളിലാണ് ഇളയരാജ തമിഴ് സംഗീത ലോകത്തെ സിംഹമായി മാറുന്നത്. അദ്ദേഹം അന്നൊരുക്കിയ ഗാനങ്ങൾക്കെല്ലാം ഇന്നും നിരവധി ആരാധകരുണ്ട്. തമിഴിലെ മുൻനിര താരങ്ങളുടെയെല്ലാം സിനിമകൾക്ക് ഇളയരാജ സംഗീതം നൽകിയിട്ടുണ്ട്. അതിൽ തന്നെ ഏറ്റവും കൂടുതൽ സിനിമകൾ ഉലകനായകൻ കമൽഹാസന്റേതാണ്.

പുന്നഗൈ മന്നൻ, ഗുണ, വിരാണ്ടി, നായകൻ തുടങ്ങി നിരവധി സിനിമകൾക്ക് ഇളയരാജ സംഗീതം നൽകിയിട്ടുണ്ട്. ഇവയിൽ പല ഗാനങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു. അതേസമയം മറ്റൊരു സൂപ്പർ താരമായ രജനീകാന്തിന്റെ സിനിമകൾ പലതും ഇളയരാജ ഒഴിവാക്കി. എജമാൻ, വീര തുടങ്ങി ഒരുപിടി രജനി ചിത്രങ്ങൾക്ക് ഇളയരാജ സംഗീതം നൽകിയിട്ടുണ്ടെങ്കിലും ഒരു ഘട്ടത്തിന് ശേഷം അദ്ദേഹം രജിനികാന്തിന്റെ സിനിമകൾ ഒഴിവാക്കിയതായാണ് പറയപ്പെടുന്നത്.
അതിന്റെ കാരണമായി പറയുന്നത് രജനിയുടെ സിനിമകളിലെ മാസ് ഗാനങ്ങളാണ്. രജിനികാന്തിന്റെ സിനിമകളിൽ മാസ്സ് ഗാനങ്ങൾക്കായിരുന്നു കൂടുതൽ പ്രാധാന്യം. അത് ട്യൂൺ ചെയ്യാൻ കുറച്ച് സമയമെടുക്കും. കൈനിറയെ ചിത്രങ്ങളുമായി തിരക്കിലായ സമയമായതിനാൽ ഇളയരാജ രജനിയുടെ സിനിമകൾ ഒഴിവാക്കുകയായിരുന്നു. പിന്നീട് രജിനികാന്തിന്റെ ലിംഗ എന്ന സിനിമയ്ക്ക് വേണ്ടി സമീപിച്ചപ്പോഴും ചില കാരണങ്ങളാൽ ചൂണ്ടിക്കാട്ടി അദ്ദേഹം അത് നിരസിച്ചു എന്നാണ് വിവരം.
പിന്നീട് എ ആർ റഹ്മാൻ ആണ് ലിംഗയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. കമൽഹാസൻ ചിത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയിരുന്ന ഇളയരാജ രജനീകാന്തിന്റെ സിനിമകളിൽ സംഗീത നൽകാത്തത് പലപ്പോഴും ആരാധകർക്കിടയിൽ ചർച്ചയായിട്ടിട്ടുണ്ട്. അതിനിടയിലാണ് ഇത്തരമൊരു വാർത്ത ഇപ്പോൾ തമിഴകത്ത് പ്രചരിക്കുന്നത്.
അതേസമയം അടുത്തിടെയായി നിരന്തരം വാർത്തകളിൽ നിറയുന്നുണ്ട് ഇളയരാജ. ഗായിക മിൻമിനി ഈയ്യടുത്ത് ഇളയരാജയ്ക്കെതിരെ നടത്തിയ ആരോപണം ശ്രദ്ധനേടിയിരുന്നു. എ.ആർ റഹ്മാനൊപ്പം പാടിയതിൽ പിന്നെ ഇളയരാജ തന്നെ പാടാൻ വിളിച്ചിട്ടില്ലെന്നാണ് മിൻമിനി വെളിപ്പെടുത്തിയത്. അമൃത ടിവിയിലെ ഒരു പരിപാടിയിൽ എത്തിയപ്പോഴായിരുന്നു തുറന്നു പറച്ചിൽ.

ചിന്ന ചിന്ന ആസൈ ഹിറ്റായതോടെ ഇളയരാജ തന്നെ പാടാൻ വിളിക്കാതായെന്നും ഇക്കാര്യങ്ങൾ ഇതുവരെ തുറന്നുപറഞ്ഞിട്ടില്ലെന്നും മിൻമിനി പറഞ്ഞു. പതിമൂന്ന് പാട്ടുകൾ വരെ പാടിയ ദിവസങ്ങളുണ്ടായിരുന്നു അവിടെ നിന്നാണ് എല്ലാം പെട്ടന്ന് നിർത്തിയത്. 1991 മുതൽ 1994 പകുതിവരെ മാത്രമേ ശരിക്ക് പാടിയിട്ടുള്ളൂ. അന്നുണ്ടായിരുന്ന എല്ലാ സംഗീതസംവിധായകർക്കുംവേണ്ടി പാടാനുള്ള ഭാഗ്യം കിട്ടി. ചിന്ന ചിന്ന ആസൈ പാടിയശേഷം സത്യത്തിൽ പാട്ടുകൾ കുറയുകയായിരുന്നുവെന്നും താരം വ്യക്തമാക്കി.
ഒരിക്കൽ ഒരു റെക്കോർഡിങ്ങിന് പോയപ്പോൾ ഇളയരാജ, നീ എന്തിനാണ് അവിടെയും ഇവിടേയുമെല്ലാം പോയി പാടുന്നത്, ഇവിടെ മാത്രം പാടിയാൽ മതിയെന്ന് പറഞ്ഞെന്നും. അത് തനിക്ക് വലിയ ഷോക്കായി പോയെന്നും പൊട്ടി കരഞ്ഞെന്നും മിൻമിനി പറഞ്ഞു.


Click it and Unblock the Notifications