അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് ഒഴിവാക്കി, പകരം നായികയാക്കിയത് ഗോപികയെ; നയൻതാരയ്ക്കുണ്ടായ അനുഭവം!
ഇന്ത്യയൊട്ടാകെ ആരാധകരുള്ള തെന്നിന്ത്യൻ നായികയാണ് നയൻതാര. മലയാള സിനിമയിലൂടെ ബിഗ് സ്ക്രീനിൽ എത്തിയ നയൻതാര ഏറ്റവും കൂടുതൽ തിളങ്ങിയത് തമിഴകത്താണ്. സിനിമയിൽ ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ നയൻതാര, കരിയറിൽ സ്വന്തമാക്കിയ നേട്ടങ്ങൾ ചെറുതൊന്നുമല്ല. തെന്നിന്ത്യയിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി, ബോക്സ് ഓഫീസ് താരമൂല്യമുള്ള നായിക, ലേഡി സൂപ്പർ സ്റ്റാർ എന്നിങ്ങനെ നയൻതാരയ്ക്ക് തമിഴ് സിനിമ ലോകത്തുള്ള ഖ്യാതികൾ നിരവധിയാണ്.
എന്നാൽ നയൻതാര ഇന്ന് കാണുന്ന ലേഡി സൂപ്പർ സ്റ്റാർ പദവിയിൽ എത്തിയതിന് പിന്നിൽ ചെറുതല്ലാത്ത കഠിനപ്രയത്നങ്ങൾ തന്നെയുണ്ട്. ഒരുപാട് കയറ്റിറക്കങ്ങൾ നടിക്ക് കാണേണ്ടി വന്നു. തമിഴ് സിനിമകളിൽ നിന്ന് ഒഴിവാക്കപ്പെടുന്ന സാഹചര്യമടക്കം ഉണ്ടായി. എന്നാൽ അതിനെയെല്ലാം മറികടന്ന് വിജയം കൊയ്യുകയായിരുന്നു താരം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന സിനിമയിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നയൻതാര അയ്യ എന്ന സിനിമയിലൂടെയാണ് തമിഴിൽ എത്തുന്നത്.

നടൻ ശരത് കുമാറിനെ നായകനാക്കി കെ ബാലചന്ദർ ഒരുക്കിയ ചിത്രമായിരുന്നു ഇത്. ഇതിനു പിന്നാലെ മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്കായ ചന്ദ്രമുഖിയിലും അഭിനയിച്ചു. രജനികാന്തും പ്രഭുവും പ്രധാന കഥാപാത്രങ്ങളായ ചിത്രം വലിയ ഹിറ്റായിരുന്നു. ചെറിയ വേഷങ്ങൾ ആയിരുന്നെങ്കിലും രണ്ടു സിനിമയിലും ശ്രദ്ധനേടാൻ നയൻസിന് സാധിച്ചു. തുടർന്നാണ് തമിഴിൽ നിന്ന് കൂടുതൽ അവസരങ്ങൾ നടിയെ തേടി എത്തുന്നത്.
അക്കൂട്ടത്തിൽ നയൻതാരയ്ക്ക് ആദ്യം വന്ന ചിത്രമായിരുന്നു തൊട്ടി ജയ. ചിമ്പുവിനെ നായകനാക്കി ദുരൈ സംവിധാനം ചെയ്ത ചിത്രമാണിത്. തമിഴിൽ രണ്ടു സിനിമകൾ ചെയ്തു നിൽക്കുന്ന നയൻതാരയെ ചിത്രത്തിന്റെ ഒഡിഷനിലേക്കാണ് വിളിച്ചത്. ഓഡിഷന് ശേഷം അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് സംവിധായകൻ താരത്തെ ചിത്രത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.
ഇതറിഞ്ഞ് ചിത്രത്തിന്റെ നിർമ്മാതാവ് കലൈപുലി താണു സംവിധായകനോട് കാര്യം തിരക്കി. എന്തുകൊണ്ടാണ് നയൻതാരയെ ഒഴിവാക്കിയത്? അവർ അഭിനയിച്ച അയ്യ എന്ന ചിത്രം വലിയ വിജയമാണ്. രജനികാന്തിനൊപ്പം അഭിനയിക്കാനുള്ള അവസരവും അവർക്ക് ലഭിച്ചു. നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല, നയൻതാരയെ തമിഴ് സിനിമയിലെ പ്രധാന നായികമാരിൽ ഒരാളാകും എന്നെല്ലാം നിർമാതാവ് സംവിധായകനോട് പറഞ്ഞു നോക്കി. എന്നാൽ, സംവിധായകൻ ദുരൈ ഇതൊന്നും കേൾക്കാൻ തയ്യാറായിരുന്നില്ല.

അദ്ദേഹം നയൻതാരയ്ക്ക് പകരം മറ്റൊരു മലയാള നടിയായ ഗോപികയെ സിനിമയിൽ നായികയാക്കി. അതേസമയം സിനിമയുടെ വിജയത്തെ ഇത് ബാധിച്ചില്ല, ചിത്രം മികച്ച അഭിപ്രായം നേടുകയും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം നടത്തുകയും ചെയ്തു. അത്തരമൊരു അപമാനം നേരിട്ട നയൻതാരയും തളർന്നില്ല. തൊട്ടടുത്ത വർഷം തന്നെ ഗജിനി അടക്കമുള്ള സിനിമകളുടെ ഭാഗമായി കൊണ്ട് തമിഴിൽ തന്റെ ഇടം കണ്ടെത്തി. നിർമാതാവ് പ്രവചിച്ച പോലെ തമിഴ് സിനിമയിലെ മുൻനിരയിലേക്ക് വളർന്നു.
തൊട്ടി ജയയിൽ ചിമ്പുവിനൊപ്പം അഭിനയിക്കാനുള്ള അവസരം നഷ്‌ടമായെങ്കിലും വല്ലവൻ പോലുള്ള സിനിമകളിലൂടെ നയൻതാര ചിമ്പുവിനൊപ്പവും അഭിനയിച്ചു. ഇവരുടെ പ്രകടനം കൊണ്ട് വല്ലവൻ വലിയ വിജയമായി മാറി. അതിനിടെ ഇവർ തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അടക്കം പ്രചരിക്കുകയും ചെയ്തിരുന്നു.
അതേസമയം അന്ന് അത്തരമൊരു അവഗണന നേരിട്ട നയൻതാര ഇപ്പോൾ തന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ജവാൻ ആണ് നയൻതാരയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം. ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രത്തിൽ സുപ്രധാന വേഷമാണ് നയൻതാരയ്ക്ക്. ദീപിക പദുകോൺ, പ്രിയാമണി, വിജയ് സേതുപതി തുടങ്ങി വൻ താര നിര സിനിമയിൽ അണിനിരക്കുന്നുണ്ട്. തമിഴിലെ ഹിറ്റ് സംവിധായകൻ ആറ്റ്‌ലിയുടെ ആദ്യ ഹിന്ദി ചിത്രമാണ് ജവാന്‍. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications