ആ സിനിമയിൽ അജിത്തിന്റെ നായികയാകേണ്ടിയിരുന്നത് സിമ്രാൻ അല്ല; രണ്ടു മുൻനിര നായികമാർ പിന്മാറി!
തമിഴ് സിനിമയിലെ സൂപ്പർ സ്റ്റാറാണ് അജിത്ത്. തല എന്ന വിളിപ്പേരിൽ ആരാധകർക്കിടയിൽ അറിയപ്പെടുന്ന അജിത്തിനുള്ള ആരാധക വൃന്ദം പലപ്പോഴും അമ്പരപ്പിക്കുന്നതാണ്. നിരവധി ഹിറ്റുകളിലൂടെയും ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെയും നേടിയെടുത്തതാണ് അത്. ഒരുകാലത്ത് രജനീകാന്തിനെ തമിഴ് സിനിമാപ്രേമികൾ എങ്ങനെ ആഘോഷമാക്കിയിരുന്നോ അതുപോലെയാണ് അജിത്ത് ഇന്ന് ആഘോഷിക്കപ്പെടുന്നത്. നടന്റെ ഓരോ സിനിമ റിലീസുകളും തമിഴ്നാട്ടിൽ വലിയ ഉത്സവം പോലെയാണ് ആരാധകർ കൊണ്ടാടാറുള്ളത്.
തൊണ്ണൂറുകളുടെ അവസാനമാണ് അജിത്തിന് കരിയറിൽ ഹിറ്റുകൾ ലഭിച്ചു തുടങ്ങുന്നത്. അക്കാലത്ത് അജിത്തിന്റെ വലിയ ഹിറ്റായി മാറിയ സിനിമയാണ് വാലി. 1999 ൽ പുറത്തിറങ്ങിയ ഈ റൊമാന്റിക് ത്രില്ലർ സംവിധാനം ചെയ്തത് എസ് ജെ സൂര്യയാണ്. സംവിധായകനായുള്ള അദ്ദേഹത്തിന്റെ ആദ്യ സിനിമയായിരുന്നു ഇത്. അജിത് ഇരട്ട വേഷത്തിൽ എത്തിയ ചിത്രത്തിൽ നായികയായത് സിമ്രാൻ ആയിരുന്നു. ഹിറ്റായി മാറിയ അവൾ വരുവാലയ്ക്ക് ശേഷം ഇരുവരും ഒന്നിച്ച സിനിമയായിരുന്നു വാലി.

ആ സിനിമയിലെ പോലെ തന്നെ വാലിയിലെ ഇവരുടെ കെമിസ്ട്രിയും സിനിമാ പ്രേമികൾ ആഘോഷമാക്കി. ചിത്രത്തിനും വലിയ സ്വീകാര്യത ലഭിച്ചു. എന്നാൽ യഥാർത്ഥത്തിൽ സിമ്രാൻ നായികയായി എത്തേണ്ടിയിരുന്ന സിനിമ ആയിരുന്നില്ല അത്. ചിത്രത്തിൽ നായികയായി പരിഗണിച്ചത് മറ്റൊരു നായികയെ ആണ്. അവർ പിന്മാറിയപ്പോൾ മറ്റു രണ്ടു മുൻനിര നായികമാരോടും സംവിധായകൻ സംസാരിച്ചു. എന്നാൽ അവർക്കും കഴിയാതെ വന്നതോടെയാണ് എസ് ജെ സൂര്യ സിമ്രാനെ കാസ്റ്റ് ചെയ്യുന്നത്.
ഒരിക്കൽ എസ് ജെ സൂര്യ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആ സമയത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ തിളങ്ങി നിന്നിരുന്ന കീർത്തി റെഡ്ഡിയെ ആണ് നായികയായി ആദ്യം തീരുമാനിച്ചിരുന്നത്. ഇത് സംബന്ധിച്ച റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ പിന്നീട് ചില കാരണങ്ങളാൽ കീർത്തി റെഡ്ഢി സിനിമയിൽ നിന്നും പിന്മാറി. ഇതേ തുടർന്ന് സൂര്യ അന്നത്തെ മുൻനിര നായികമാരായിരുന്ന റോജയുമായും മീനയുമായും സമീപിച്ചു. അവരുമായി ചർച്ച നടത്തിയെങ്കിലും ഡേറ്റ് പ്രശ്നങ്ങളെ തുടർന്ന് ഇരുവരും പിന്മാറി.
അതിനുശേഷമാണ് എസ്. ജെ. സൂര്യ സിമ്രാനെ സമീപിക്കുന്നത്. കഥ കേട്ട ഉടൻ സിമ്രാൻ ഓക്കെ പറഞ്ഞു. എന്നാൽ വാലി എന്ന സിനിമയിൽ അഭിനയിച്ച മറ്റാർക്കെങ്കിലും സിമ്രാനോളം അഭിനയിക്കാൻ കഴിയുമായിരുന്നോ എന്നത് സംശയമാണ്. ചിത്രത്തിലെ സിമ്രാന്റെ പ്രകടനം അത്രയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജ്യോതികയാണ് ചിത്രത്തിൽ മറ്റൊരു വേഷത്തിൽ എത്തിയത്. അതിഥി വേഷമായിരുന്നെങ്കിലും മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ജ്യോതികയ്ക്ക് ചിത്രത്തിലൂടെ ലഭിച്ചു.

അതേസമയം വാലിയിൽ അഭിനയിക്കാൻ സാധിച്ചില്ലെങ്കിലും അജിത്തിന്റെ തൊട്ടടുത്ത സിനിമയായ ആനന്ദ പൂങ്കാട്രേയിൽ മീന നായികയായി. പിന്നീട് സിറ്റിസൺ, വില്ലൻ തുടങ്ങിയ ചിത്രങ്ങളിലും മീന അജിത്തിനൊപ്പം അഭിനയിച്ചു. എന്നാൽ വാലി മിസ് ആക്കിയ ശേഷം അജിത്തിനൊപ്പം വീണ്ടും അഭിനയിക്കാൻ റോജയ്ക്ക് അവസരം ലഭിച്ചില്ല. വാലിക്ക് മുമ്പ് പുറത്തിറങ്ങിയ ഉന്നിടത്തിൽ എന്നൈ കൊടുത്തായി എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.
അതേസമയം വാലിയിലൂടെ സംവിധായകനായി അരങ്ങേറ്റം നടത്തിയ എസ് ജെ സൂര്യ ഇന്ന് സംവിധായകനായും നടനായുമെല്ലാം തിളങ്ങി നിൽക്കുകയാണ്. ജിഗർത്തണ്ട ഡബിൾ എക്‌സാണ് എസ് ജെ സൂര്യയുടെ പുതിയ ചിത്രം. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത സിനിമ ഗംഭീര അഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുകയാണ്. രാഘവ ലോറൻസാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്.


Click it and Unblock the Notifications