മാസ്റ്റര്‍ രംഗങ്ങള്‍ ചോര്‍ന്നു, പ്രേക്ഷകരോട് അഭ്യര്‍ത്ഥനയുമായി സംവിധായകന്‍ ലോകേഷ് കനകരാജ്
ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ ദളപതി വിജയുടെ മാസ്റ്റര്‍ നാളെ തിയ്യേറ്ററുകളില്‍ എത്തുകയാണ്. റിലീസ് മുടങ്ങിക്കിടന്ന വിജയ് ചിത്രം മാസങ്ങള്‍ക്ക് ശേഷമാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം ലോകേഷ് കനകരാജാണ് സംവിധാനം ചെയ്തിരിക്കുന്നത്. മാസ്റ്ററിന്‌റെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകളും ടീസറുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.
പൊങ്കല്‍ റിലീസായി എത്തുന്ന മാസ്റ്ററിന് വേണ്ടി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അതേസമയം റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ സിനിമയിലെ രംഗങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതേകുറിച്ച് മാസ്റ്റര്‍ സംവിധായകന്‍ ലോകേഷ് കനകരാജിന്‌റെതായി വന്ന ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

തിയ്യേറ്ററില്‍ സിനിമ വരുന്നത് വരെ ക്ഷമിക്കാന്‍ ട്വീറ്റിലൂടെ സംവിധായകന്‍ അഭ്യര്‍ത്ഥിച്ചു. പ്രിയപ്പെട്ടവരെ, മാസ്റ്റര്‍ നിങ്ങളിലേക്ക് എത്തിക്കുന്നത് ഒന്നര കൊല്ലത്തെ കഷ്ടപ്പാടുകള്‍ക്കൊടുവിലാണ്. അതില്‍ ഞങ്ങള്‍ക്കുളളത് നിങ്ങള്‍ തിയ്യേറ്ററുകളില്‍ തന്നെ സിനിമ ആസ്വദിക്കുമെന്ന പ്രതീക്ഷ മാത്രമാണ്. മാസ്റ്ററിന്‌റെതായി ചോര്‍ന്ന ക്ലിപ്പുകള്‍ ലഭിക്കുകയാണെങ്കില്‍ ദയവ് ചെയ്ത് അത് പങ്കുവെക്കാതിരിക്കുക.

നിങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്ദി, എല്ലാവര്‍ക്കും സ്‌നേഹം. ഇനി ഒരു ദിവസം കൂടിയേ ഉളളൂ. പിന്നെ മാസ്റ്റര്‍ നിങ്ങളിലേക്ക്. ലോകേഷ് കനകരാജ് ട്വീറ്റ് ചെയ്തു. സംവിധായകന് പിന്നാലെ മാസ്റ്റര്‍ അണിയറയില്‍ പ്രവര്‍ത്തിച്ച പ്രൊഡക്ഷന്‍ ഹൗസായ എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സും ഈ വിഷയത്തില്‍ ട്വീറ്റ് ചെയ്തു. മാസ്റ്ററിന്‌റെതായി ചേര്‍ന്ന ഉളളടക്കം കൈമാറോനോ പങ്കിടാനോ പാടില്ലെന്നാണ് ഇവരുടെ ട്വീറ്റില്‍ പറയുന്നത്.

ചോര്‍ന്ന വീഡിയോ ക്ലിപ്പുകള്‍ കൈമാറുകയോ പങ്കുവെക്കുകയോ ചെയ്യരുതെന്ന് മാസ്റ്റര്‍ ടീം നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഇത്തരത്തിലുളള എന്തെങ്കിലും നിങ്ങള്‍ കണ്ടാല്‍ ദയവായി ഞങ്ങള്‍ക്ക് അത് റിപ്പോര്‍ട്ട് ചെയ്യുക. reportblockxpiracy.com എന്നതിലേക്ക്. എക്‌സ്ബി ഫിലിം ക്രിയേറ്റേഴ്‌സ് ട്വീറ്റ് ചെയ്തു.

അതേസമയം അണിയറ പ്രവര്‍ത്തകര്‍ക്ക് പിന്നാലെ തമിഴ് സിനിമാലോകവും പൈറസിക്കെതിരെ ട്വീറ്റ് ചെയ്ത് രംഗത്തെത്തിയിരുന്നു. സംവിധായകന്‍ കാര്‍ത്തിക്ക് സുബ്ബരാജ്, നടന്‍ അരുണ്‍ വിജയ് ഉള്‍പ്പെടെയുളള സിനിമാ പ്രവര്‍ത്തകരാണ് മാസ്റ്റര്‍ ടീമിന് പിന്തുണ അറിയിച്ച് എത്തിയത്. കഴിഞ്ഞ വര്‍ഷം എപ്രിലില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു മാസ്റ്റര്‍. എന്നാല്‍ കോവിഡ് വ്യാപനം കാരണം റിലീസ് മാറ്റിവെക്കേണ്ടി വന്നു.

തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷമാണ് വിജയ് ചിത്രം റിലീസിനെത്തുന്നത്. വിജയ് കോളേജ് അധ്യാപകനായി എത്തുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെര്‍മിയാഹ്, ശാന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ഗൗരി കിഷന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. മാസ്റ്ററിലെ പാട്ടുകളും മുന്‍പ് തരംഗമായി മാറിയിരുന്നു. അനിരുദ്ധ് രവിചന്ദറാണ് ഇത്തവണ വിജയ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.
Recommended Video
ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications