മകൾ നാല് മാസം പ്രായമുള്ളപ്പോൾ മരിച്ചു, പിന്നീട് ഭർത്താവും; ആ ഓർമ്മകളിലാണ് ജീവിക്കുന്നതെന്ന് ഡിസ്കോ ശാന്തി
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞുനിന്ന നടിയാണ് ഡിസ്കോ ശാന്തി. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം സജീവമായിരുന്നു താരം. തമിഴ് നടനും നർത്തകനുമായ അച്ഛൻ സി എൽ ആനന്ദിന്റെ പാത പിന്തുടർന്നാണ് ശാന്തി സിനിമയിലേക്ക് എത്തുന്നത്. പന്ത്രണ്ട് വർഷക്കാലം സിനിമയിൽ സജീവമായിരുന്ന ശാന്തി ഏകദേശം 900 ചിത്രങ്ങളുടെ ഭാഗമായി. മലയാളത്തിൽ നാൽപതോളം സിനിമകളിലാണ് നടി അഭിനയിച്ചത്.
1985 ൽ പുറത്തിറങ്ങിയ വേലൈ മനസ്സ് എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു ഡിസ്കോ ശാന്തിയുടെ അരങ്ങേറ്റം. ഗ്ലാമർ റോളുകളിലും, നൃത്തരംഗങ്ങളിലും അഭിനയിച്ചാണ് ശാന്തി പ്രശസ്തിയിലേക്ക് ഉയരുന്നത്. 80 കളിൽ മുൻനിര നായികമാരെക്കാൾ പ്രശസ്‌തി ഉണ്ടായിരുന്നു താരത്തിന്. പിന്നീട് 1996 ൽ തെലുങ്ക് നടൻ ശ്രീഹരിയെ വിവാഹം ചെയ്തതോടെയാണ് ഡിസ്കോ ശാന്തി അഭിനയം നിർത്തുന്നത്. രണ്ട് ആൺ മക്കളാണ് ഇവർക്കുള്ളത്.

വിവാഹശേഷം പല ദുഃഖങ്ങളും നടിയുടെ ജീവിതത്തിൽ ഉണ്ടായി. മകളുടെ മരണമാണ് അതിൽ ആദ്യത്തേത്. നാല് മാസം മാത്രം പ്രായമുള്ളപ്പോഴാണ് മകൾ അക്ഷര മരണപ്പെടുന്നത്. പിന്നീട് ഭർത്താവ് ശ്രീഹരിയും മരിച്ചു. 2013 ൽ ഹൃദയാഘാതം മൂലമായിരുന്നു മരണം. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭർത്താവിന്റെ മരണശേഷം മകൾക്കൊപ്പമാണ് ഡിസ്കോ ശാന്തി താമസിക്കുന്നത്.
ഇപ്പോഴിതാ ഭർത്താവിന്റെ മരണം സമ്മാനിച്ച വേദനയെ കുറിച്ചും ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും തനിക്ക് അതിൽ നിന്ന് കരകയറാൻ കഴിഞ്ഞിട്ടില്ലെന്നും പറയുകയാണ് ശാന്തി. അടുത്തിടെ ഇൻഡ്യഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്. ഭർത്താവും മക്കളും തനിക്ക് ജീവനാണ്. അത്രയ്ക്ക് ഇഷ്ടമായിരുന്നു അദ്ദേഹത്തെയെന്ന് ശാന്തി പറയുന്നു.
ഭർത്താവിന്റെ മരണത്തെ കുറിച്ചും ശാന്തി സംസാരിക്കുന്നുണ്ട്. ആശുപത്രി കിടക്കയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന ഭർത്താവിനെയാണ് താൻ അവസാനമായി കണ്ടതെന്ന് ശാന്തി പറയുന്നു. 'അദ്ദേഹത്തെ അവസാനമായി കാണുമ്പോൾ അദ്ദേഹത്തിന്റെ മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു. ഇത് കണ്ട് ഞാൻ ഞെട്ടിപ്പോയി. അദ്ദേഹം കിടക്കുന്നിടത് മുഴുവൻ രക്തമായിരുന്നു,'
'അദ്ദേഹം പോയി എന്നത് എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ഓർമ്മകൾക്കൊപ്പമാണ് ഞാൻ ഇപ്പോഴും ജീവിക്കുന്നത്,' ശാന്തി കണ്ണീരോടെ പറഞ്ഞു. ഭർത്താവിന്റെ മരണത്തിൽ ഡോക്ടർമാർക്ക് അനാസ്ഥ സംഭവിച്ചിട്ടുണ്ട് എന്നൊരു ആരോപണവും ശാന്തി അഭിമുഖത്തിൽ ഉന്നയിക്കുന്നുണ്ട്. ഹൃദയാഘാതം വന്ന വ്യക്തി എങ്ങനെയാണ് രക്തത്തിൽ കുളിച്ച് കിടക്കുക എന്നാണ് താരം ചോദിക്കുന്നത്.

മകളുടെ മരണശേഷം കുഞ്ഞിന്റെ പേരിൽ ചെയ്ത ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് നടി സംസാരിച്ചു. മകളുടെ ഓർമ്മയ്ക്കായി അക്ഷര ഫൗണ്ടേഷൻ എന്ന ഒരു ജീവകാരുണ്യ സംഘടന ആരംഭിച്ച് അതിലൂടെ ഗ്രാമ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം നടത്തുകയും സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ടെന്നാണ് ശാന്തി പറഞ്ഞത്.
അതേസമയം, 1997 ൽ പുറത്തിറങ്ങിയ യുദ്ധ എന്ന കന്നഡ സിനിമയിലാണ് ഡിസ്കോ ശാന്തി അവസാനമായി അഭിനയിച്ചത്. മലയാളത്തിൽ കിന്നരിപ്പുഴയോരം എന്ന സിനിമയാണ് നടി ഒടുവിൽ ചെയ്തത്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും തമിഴ്, കന്നഡ ഭാഷകളിലാണ് ഡിസ്കോ ശാന്തി കൂടുതലായി അഭിനയിച്ചത്.


Click it and Unblock the Notifications