ദാമ്പത്യം തകര്‍ത്തത് ശിവകാര്‍ത്തികേയനല്ല! ശിവയെ ഇരയാക്കി; മറുപടിയുമായി ഇമ്മന്റെ ആദ്യ ഭാര്യ
തമിഴ് നടന്‍ ശിവകാര്‍ത്തികേയനെതിരെ ഗുരുതര ആരോപണങ്ങളാണ് സംഗീത സംവിധായകന്‍ ഡി ഇമ്മന്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇരുവരും നേരത്തെ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ശിവകാര്‍ത്തികേയന്റെ കരിയറിലെ തുടക്കകാലത്തെ മിക്ക ഹിറ്റ് സിനിമകളിലും സംഗീതം ഒരുക്കിയത് ഇമ്മനായിരുന്നു. ഗായകനായി ശിവകാര്‍ത്തികേയന്റെ അരങ്ങേറ്റവും ഇമ്മന്റെ പാട്ടിലൂടെയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി ഇരുവരും ഒരുമിച്ച് സിനിമകള്‍ ചെയ്യുന്നുണ്ടായിരുന്നില്ല.
ശിവകാര്‍ത്തികേയന്‍ തന്നെ വഞ്ചിച്ചുവെന്നും അതിനാല്‍ ഇനിയൊരിക്കലും താന്‍ അദ്ദേഹത്തിന്റെ സിനിമ ചെയ്യില്ലെന്നുമാണ് ഇമ്മന്‍ പറഞ്ഞത്. എന്നാല്‍ എന്താണ് ശിവകാര്‍ത്തികേയന്‍ തന്നോട് ചെയ്ത ദ്രോഹമെന്ന് പറയാന്‍ കൂട്ടാക്കിയിട്ടില്ല ഇമ്മന്‍. ഇതോടെ സോഷ്യല്‍ മീഡിയ പല കഥകളും മെനയുകയാണ്. ഇമ്മന്റെ വിവാഹ മോചനത്തിന്റെ കാരണം ശിവകാര്‍ത്തികേയന്‍ ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

2021 ലായിരുന്നു ഇമ്മന്‍ തന്റെ ആദ്യ ഭാര്യയായ മോണിക്ക റിച്ചാര്‍ഡുമായുള്ള ബന്ധം അവസാനിപ്പിച്ചത്. രണ്ട് മക്കളുമുണ്ട് ഇരുവര്‍ക്കും. മക്കള്‍ മോണിക്കയുടെ കൂടെയാണ്. ഇപ്പോഴിതാ വിവാദങ്ങളില്‍ പ്രതികരണവുമായി മോണിക്ക രംഗത്തെത്തിയിരിക്കുകയാണ്. തമിഴ് മാധ്യമമായ വികടന് നല്‍കിയ അഭിമുഖത്തിലാണ് മോണിക്കയുടെ പ്രതികരണം. ആ വാക്കുകളിലേക്ക്.
ശിവകാര്‍ത്തികേയന്‍ ഞങ്ങളുടെ കുടുംബ സുഹൃത്താണ്. അദ്ദേഹം മാന്യനായ വ്യക്തിയാണ്. അദ്ദേഹവും ഇമ്മനും നല്ല സുഹൃത്തുക്കളായിരുന്നു. സുഹൃത്തെന്ന നിലയില്‍ ഞങ്ങളുടെ കുടുംബത്തോട് അദ്ദേഹത്തിന് കരുതലുണ്ടായിരുന്നു. ഞങ്ങളുടെ മക്കള്‍ക്കും അദ്ദേഹത്തെ ഇഷ്ടമാണ്. അതുകൊണ്ടാണ് ഞാനും ഇമ്മനും പിരിയരുത് എന്നാവശ്യപ്പെട്ട് അദ്ദേഹം വന്നത്. ഞങ്ങള്‍ പിരിയരുതെന്നും കുടുംബം തകര്‍ക്കരുതെന്നുമാണ് അദ്ദേഹം ആഗ്രഹിച്ചത്. അദ്ദേഹം ഞങ്ങളെ ഒരുമിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
വിവാഹ ബന്ധം വേര്‍പെടുത്താനുള്ള ഇമ്മന്റെ തീരുമാനത്തെ ശിവകാര്‍ത്തികേയന്‍ അംഗീകരിച്ചിരുന്നില്ല. അദ്ദേഹം നീതിയ്‌ക്കൊപ്പമാണ് നിന്നത്. സുഹൃത്തിന്റെ കുടുംബം തകരാന്‍ ആരെങ്കിലും ആഗ്രഹിക്കുമോ? ശിവകാര്‍ത്തികേയന്‍ എന്ത് തെറ്റാണ് ചെയ്തത്? ഒരു വര്‍ഷം മുമ്പ് ഇമ്മന്‍ ഞാനുമായുള്ള ബന്ധം അവസാനിപ്പിച്ചു. പക്ഷെ ഞാന്‍ സമ്മതിച്ചില്ല. എന്നെ ഭീഷണിപ്പെടുത്തിയാണ് അദ്ദേഹം വിവാഹ മോചനം നേടിയെടുത്തത്.
എനിക്ക് ജീവനാംശം തന്നിട്ടില്ല. പണം വേണോ മക്കളെ വേണോ എന്ന് ചോദിച്ചപ്പോള്‍ മക്കള്‍ എന്നാണ് ഞാന്‍ പറഞ്ഞത്. മറ്റൊന്നും ഇല്ലാതെയാണ് ഞാന്‍ അവിടെ നിന്നും ഇറങ്ങി വന്നത്. ഇന്ന് ഞാന്‍ വിജയകരമായി കമ്പനി നടത്തുന്നു. എന്റെ രണ്ട് പെണ്‍മക്കളുടേയും കൂടെ സന്തോഷത്തോടെ ജീവിക്കുന്നു. മുപ്പതു പേര്‍ എന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. എന്റെ വേദനയും കഷ്ടപ്പാടുമെല്ലാം ഞാന്‍ ജോലിയില്‍ സമര്‍പ്പിച്ച് അധ്വാനിച്ചു. ഇന്നെനിക്ക് ഇമ്മന്‍ പറയുന്നതിനെപ്പറ്റി ചിന്തിക്കാന്‍ പോലും സമയമില്ല.
അദ്ദേഹത്തിന് മക്കളോട് സ്‌നേഹമില്ല. അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം നോക്കൂ. മക്കളുടെ കൂടെ ഒരു ഫോട്ടോ പോലും കാണില്ല. കുട്ടികളെ കാണേണ്ട എന്നാണ് പറഞ്ഞത്. ഞാന്‍ കടന്നു പോയ കഷ്ടപ്പാട് എന്റെ മക്കള്‍ കണ്ടിട്ടുണ്ട്. ഇമ്മന്‍ നല്ലവനായിരുന്നുവെങ്കില്‍ എന്റെ മക്കള്‍ അയാളെ കാണുമായിരുന്നില്ലേ?

ഇപ്പോള്‍ അദ്ദേഹത്തിന് അവസരങ്ങളില്ല. അതിനാല്‍ പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണിത് ചെയ്യുന്നത്. തന്റെ വാക്കുകള്‍ ശിവകാര്‍ത്തികേയന്റെ കരിയറിനേയും ജീവിതത്തേയും എങ്ങനെയാണ് ബാധിക്കുക എന്ന് അദ്ദേഹത്തിന് അറിയില്ല. 12 വര്‍ഷം അയാള്‍ക്ക് വേണ്ടി ജീവിതം നശിപ്പിച്ചുവെന്ന കുറ്റബോധം എനിക്കുണ്ട്. പക്ഷെ അയാള്‍ പറഞ്ഞത് ചര്‍ച്ച ചെയ്യാനുള്ള സമയം എനിക്കില്ല.
ഇമ്മന് സംസാരിക്കാന്‍ പ്രൊജക്ടുകളില്ല. ഇപ്പോഴത്തെ ജീവിതത്തില്‍ സന്തുഷ്ടനെങ്കില്‍ എന്തിനാണ് പഴയത് പറയുന്നത്. പാവം ശിവകാര്‍ത്തികേയനെ ഇരയാക്കിയതാണ്. നല്ലത് മാത്രം ആഗ്രഹിച്ച അദ്ദേഹത്തിന് കിട്ടിയത് നാണക്കേടാണ്. അതിന് ഞാന്‍ മാപ്പ് ചോദിക്കുന്നു. ഞാന്‍ എന്റെ മക്കളുടെ ഭാവിയും ജോലിയുമാണ് ഇപ്പോള്‍ ആലോചിക്കുന്ന കാര്യങ്ങള്‍. എന്റെ മക്കളുടെ സന്തോഷമാണ് എനിക്ക് വലുത്.


Click it and Unblock the Notifications