'നയന്‍താര വെറും ഗ്ലാമര്‍ നായിക, ദേവി ആക്കരുത്, അമ്മന്‍ ആക്കാന്‍ പറ്റിയത് ഈ താരറാണിയെ'; എതിര്‍ത്ത് ആരാധകര്‍
നയന്‍താര ആരാധകര്‍ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മൂക്കുത്തി അമ്മന്‍ 2. ആദ്യം ഭാഗം നേടിയ വലിയ വിജയത്തിന്റെ പിന്‍ബലത്തോടെയാണ് രണ്ടാം ഭാഗം വരുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ വച്ച് നടന്ന വലിയ ചടങ്ങോടു കൂടി മൂക്കുത്തി അമ്മന്‍ 2 ഓണായിരിക്കുകയാണ്. രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് സുന്ദര്‍ സി ആണ്.
ഉര്‍വ്വശി, റജീന കാസന്‍ഡ്ര, അഭിനയ, യോഗി ബാബു, തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ആദ്യ ഭാഗത്തില്‍ ആര്‍ജെ ബാലാജിയായിരുന്നു നായകന്‍. ബാലാജിയുടേത് തന്നെയായിരുന്നു തിരക്കഥയും സംവിധാനവും. നയന്‍താര മൂക്കുത്തി അമ്മന്‍ എന്ന ദേവിയായി എത്തിയ ചിത്രം വലിയ വിജയം നേടിയിരുന്നു. നയന്‍താരയുടെ അമ്മന്‍ വേഷവും കയ്യടി നേടി.

ഇതിനിടെ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഒരു ചര്‍ച്ച ഉടലെടുത്തിരിക്കുകയാണ്. നയന്‍താര മൂക്കുത്തി അമ്മനാകുന്നതിനെ ചിലര്‍ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ്. മൂക്കുത്തി അമ്മന്‍ 2വിന്റെ പരിപാടിയില്‍ നിന്നുള്ള ചിത്രം നടി ഖുശ്ബു നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. നയന്‍താര, മീന എന്നിവര്‍ക്കൊപ്പമുള്ള തന്റെ ചിത്രമാണ് ഖുശ്ബു പങ്കുവച്ചത്. പിന്നാലെ ആരാധകര്‍ കമന്റുമായി എത്തി.
നയന്‍താരയല്ല ദേവിയാകാന്‍ ഏറ്റവും അനുയോജ്യ മീന ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നിരവധിപേരാണ് ഇക്കാര്യം കമന്റിലൂടെ പറയുന്നത്. 'അമ്മന്‍ ആയി പെര്‍ഫെക്ട് മീനയാണ്. നയന്‍ മോഡേണ്‍ അമ്മന്‍ ആകും, അമ്മന്‍ റോളിലേക്ക് ഏറ്റവും മികച്ച ചോയ്‌സ് മീന ആണ്. നയന്‍താരയ്ക്ക് ഗ്ലാമര്‍ വേഷമേ ചേരൂ. അമ്മന്‍ വേഷത്തില്‍ ഗ്ലാമര്‍ നായിക വേണ്ട, ഒറിജിനല്‍ അമ്മന്‍ മീന, മീന ദേവതയാണ്, 90സ് കിഡ്‌സിന് ദേവിയെന്നാല്‍ മീനയാണ്, മീനയെ അമ്മന്‍ ആക്കൂ, ഉറപ്പായും ബ്ലോക്ബസ്റ്റര്‍ ആകും. ഇവിടെ എല്ലാവരും അവരുടെ ഫാന്‍ ആണ്' എന്നിങ്ങനെ പോവുകയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.
അതേസമയം ഈ അഭിപ്രായത്തെ ചോദ്യം ചെയ്യുന്നവരുമുണ്ട്. നയന്‍താര വലിയ താരമാണ്, ആദ്യ ഭാഗത്തില്‍ അമ്മനായി മികച്ച പ്രകടനം കാഴ്ചപ്പെക്കുകയും ചെയ്തു. മൂക്കുത്തി അമ്മന്‍ എന്നാല്‍ ആരാധര്‍ക്ക് നയന്‍താരയാണ്. അതിനാല്‍ നയന്‍താര തന്നെയാണ് നായികയാകേണ്ടത് എന്നാണ് അവര്‍ പറയുന്നത്. ഇങ്ങനെ നയന്‍താര മൂക്കുത്തി അമ്മനാകുന്നതിനെ എതിര്‍ത്തും അനുകൂലിച്ചുമൊക്കെ നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. സംഭവം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
അതേസമയം 100 കോടി ബജറ്റിലാണ് മൂക്കുത്തി അമ്മന്‍ 2 ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന് മൂക്കുത്തി അമ്മന്‍ 2 എന്നാണ് പേരെങ്കിലും ആദ്യഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കില്ലെന്നും സ്വതന്ത്രമായൊരു സിനിമയായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

അതേസമയം കരിയറില്‍ ഒരിടവേളയിലാണ് നയന്‍താര ഇപ്പോള്‍. 2023 ല്‍ പുറത്തിറങ്ങിയ അന്നപൂര്‍ണി ദ ഗോഡസ് ഓഫ് ഫുഡ് ആണ് നയന്‍താരയുടേതായി ഒടവില്‍ പുറത്തിറങ്ങിയ സിനിമ. ഈ ചിത്രം വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. പോയവര്‍ഷം പുറത്തിറങ്ങിയ നയന്‍താരയുടേയും വിഘ്‌നേശ് ശിവന്റേയും വിവാഹ ഡോക്യുമെന്ററിയും വിവാദത്തില്‍ പെട്ടിരുന്നു. ഡോക്യുമെന്ററിയ്ക്കായി അനുവാദമില്ലാതെ നാനും റൗഡി താന്‍ സിനിമയുടെ രംഗങ്ങള്‍ ഉപയോഗിച്ചതിന് ധനുഷ് താരത്തിന് വക്കീല്‍ നോട്ടീസ് അയച്ചത് വലിയ ചര്‍ച്ചയായി മാറിയിരുന്നു.
ടെസ്റ്റ് ആണ് നയന്‍താരയുടെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. പിന്നാലെ മലയാളത്തിലേക്കും നയന്‍താര തിരികെ വരും. മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിക്കുന്ന മഹേഷ് നാരായണന്‍ സിനിമയിലൂടെയാണ് നയന്‍താരയുടെ തിരിച്ചുവരവ്. കന്നഡ ചിത്രം ടോക്‌സിക് അടക്കമുള്ള സിനിമകളും അണിയറയിലുണ്ട്. നേരത്തെ ജവാനിലൂടെ ബോളിവുഡിലും നയന്‍താര അരങ്ങേറിയിരുന്നു.


Click it and Unblock the Notifications