ഹന്‍സികയും കുടുംബവും പീഡിപ്പിച്ചു, മുഖം ഒരു വശം തളര്‍ന്നുവെന്ന് നാത്തൂന്‍; ഒടുവില്‍ മറുപടി നല്‍കി നടി
തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയാണ് ഹന്‍സിക മോട്ട്വാനി. കഴിഞ്ഞ വര്‍ഷമാണ് ഹന്‍സികയുടെ സഹോദരന്‍ പ്രശാന്ത് മോട്ട് വാനിയ്‌ക്കെതിരെ ഭാര്യ മുസ്‌കാന്‍ നാന്‍സി കോടതിയിലെത്തിയത്. ഭര്‍തൃമാതാവ് ജ്യോതിയും നാത്തൂന്‍ ഹന്‍സികയും തങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തിയെന്നും നാന്‍സി പരാതിയില്‍ പറയുന്നുണ്ട്. ഹന്‍സികയും അമ്മയും തന്നോട് വിലകൂടിയ സമ്മാനങ്ങള്‍ ആവശ്യപ്പെട്ടതായും നാന്‍സി ആരോപിച്ചിരുന്നു. ഇപ്പോഴിതാ നാന്‍സിയുടെ ആരോപണങ്ങള്‍ക്കെതിരെ ഹന്‍സിക രംഗത്തെത്തിയിരിക്കുകയാണ്.
തനിക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഹന്‍സിക. തന്റെ കുടുംബത്തിനുള്ള പ്രതികാരം എന്ന നിലയിലാണ് മുസ്‌കാന്‍ പരാതി നല്‍കിയെന്നാണ് ഹന്‍സിക പറയുന്നത്. മുസ്‌കാനും പ്രശാന്തും വിവാഹത്തിന്റെ സമയത്ത് തന്റെ കയ്യില്‍ നിന്നും 27 ലക്ഷം രൂപ വാങ്ങിയിരുന്നുവെന്നും താനത് തിരിച്ച് ചോദിച്ചിരുന്നുവെന്നും ഹന്‍സിക പറയുന്നുണ്ട്. താനും കുടുംബവും ശാരീരികമായി ഉപദ്രവിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഹന്‍സിക പറയുന്നുണ്ട്.

2024ലിലാണ് ഭര്‍ത്താവ് പ്രശാന്തിനും കുടുംബത്തിനുമെതിരെ മുസ്‌കാന്‍ പരാതി നല്‍കുന്നത്. ഭര്‍ത്താവും കുടുംബവും നടത്തിയ ഗാര്‍ഹിക പീഡനങ്ങളെ തുടര്‍ന്ന് തനിക്ക് മുഖത്തിന്റെ ഒരു ഭാഗം തളര്‍ന്നു പോകുന്ന ബെല്‍സ് പാള്‍സി രോഗം വന്നതായും മുസ്‌കാന്‍ ആരോപിക്കുന്നുണ്ട്. ഹന്‍സികയും അമ്മ ജ്യോതിയും തങ്ങളുടെ ദാമ്പത്യത്തില്‍ അനാവശ്യമായി ഇടപ്പെട്ടു. തന്നോട് വിലകൂടിയ സമ്മാനങ്ങള്‍ ആവശ്യപ്പെട്ടുവെന്നും നാന്‍സി പറയുന്നുണ്ട്.
2021 മാര്‍ച്ച് 21 നാണ് ഹന്‍സികയുടെ സഹോദരന്‍ പ്രശാന്ത് മോട്ട്വാനി നാന്‍സി മുസ്‌കാനെ വിവാഹം കഴിക്കുന്നത്. ടെലിവിഷന്‍ താരമാണ് നാന്‍സി. എന്നാല്‍ ആ ദാമ്പത്യ ജീവിതത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നില്ല. ഹന്‍സികയുടെ വിവാഹത്തിനും നാന്‍സി പങ്കെടുത്തിരുന്നില്ല. തന്റേയും പ്രശാന്തിന്റേയും വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നാന്‍സി നീക്കം ചെയ്യുകയും ചെയ്തിരുന്നു.
മുംബൈ സ്വദേശിയാണ് ഹന്‍സിക. ബാലതാരമായിട്ടാണ് കരിയര്‍ ആരംഭിക്കുന്നത്. ഹിന്ദി സീരിയലുകളിലൂടെയാണ് അരങ്ങേറുന്നത്. ബാലതാരമായി ഹിന്ദി സിനിമകളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ച ശേഷമാണ് നായികയായി തെലുങ്കിലെത്തുന്നത്. ഹിന്ദിയിലും നായികയായെങ്കിലും കയ്യടി നേടുന്നതും താരമാകുന്നതും തമിഴിലും തെലുങ്കിലുമാണ്. മലയാളത്തിലും ഹന്‍സിക അഭിനയിച്ചിട്ടുണ്ട്.
അല്ലു അര്‍ജുന്‍ നായകനായ ദേസമുദ്രുവിലൂടെയാണ് ഹന്‍സിക നായികയാകുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖത്തിലുള്ള ഫിലിംഫെയറും നേടി. ചിത്രം മലയാളത്തിലേക്ക് ശബ്ദം മാറ്റിയെത്തിയിരുന്നു. അങ്ങനെ കേരളത്തിലും ഹന്‍സിക ആരാധകരെ നേടിയിരുന്നു. മാപ്പിളൈ ആണ് ആദ്യ തമിഴ് ചിത്രം. തുടര്‍ന്ന് തമിഴിലും തെലുങ്കിലും മുന്‍നിര നായികയായി മാറുകയായിരുന്നു. മലയാളത്തിലെത്തുന്നത് മോഹന്‍ലാല്‍ ചിത്രം വില്ലനിലൂടെയാണ്.

തമിഴ് ചിത്രം ഗാര്‍ഡിയന്‍ ആണ് ഹന്‍സികയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തെലുങ്കില്‍ 105 മിനുറ്റ്‌സ് എന്ന ചിത്രത്തിലും പോയ വര്‍ഷം അഭിനയിച്ചിരുന്നു. എന്നാല്‍ കരിയറില്‍ തുടര്‍ പരാജയങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ് ഹന്‍സിക ഇപ്പോള്‍. ഈ വര്‍ഷം ഹന്‍സികയുടേതായി തമിഴില്‍ റൗഡി ബേബി, മാന്‍, ഗാന്ധാരി എ്ന്നീ സിനിമകള്‍ അണിയറയിലുണ്ട്. 2022 ലാണ് ഹന്‍സിക വിവാഹം കഴിക്കുന്നത്. സുഹൃത്തും ബിസിനസ് പങ്കാളിയുമായ സൊഹൈല്‍ ഖതുരിയയാണ് ഹന്‍സികയുടെ ഭര്‍ത്താവ്. ഹന്‍സികയുടെ വിവാഹം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ ഡോക്യൂസീരീസായി പുറത്തിറങ്ങിയിരുന്നു.
സഹോദരന്റെ മുന്‍ ഭാര്യ നല്‍കിയ കേസിനെതിരെ നാളുകള്‍ക്കിപ്പുറമാണ് ഹന്‍സിക പ്രതികരിക്കുന്നത്. നാളിതുവരെ ഈ വിഷയത്തില്‍ ഹന്‍സിക പ്രതികരിച്ചിട്ടില്ല. കോടതി വഴിയാണ് താരം മറുപടി നല്‍കിയതെന്നതും ശ്രദ്ധേയമാണ്.


Click it and Unblock the Notifications











