ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ഹൃദയം കീഴടക്കിയ ആരാധിക; സംഗീത വിജയുടെ ജീവിതസഖിയായത് ഇങ്ങനെ!
തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് നടൻ വിജയ്. സംവിധായകനും നടനുമായ അച്ഛൻ ചന്ദ്രശേഖറിന്റെ പാത പിന്തുടർന്നാണ് വിജയ് സിനിമയിലെത്തുന്നത്. ബാലതാരമായി അരങ്ങേറ്റം കുറിച്ച നടൻ പിന്നീട് സൂപ്പർ താരമായി മാറുകയായിരുന്നു. റൊമാന്റിക് ആക്ഷൻ സിനിമകളാണ് വിജയുടെ കരിയർ ഗ്രാഫ് ഉയർത്തിയത്. ഇന്ന് കേരളത്തിൽ ഉൾപ്പെടെ വലിയ ആരാധകവൃന്ദം നടാനുണ്ട്. ഇപ്പോഴിതാ നടന്റെ 49-ാം പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകർ.
നടന്റെ സ്വകാര്യ ജീവിതം സംബന്ധിച്ച് സോഷ്യൽമീഡിയയിലടക്കം പല ചർച്ചകളും നടക്കുന്നതിനിടയിലാണ് വിജയ് ഇത്തവണത്തെ പിറന്നാൾ ആഘോഷിക്കുന്നത്. വിജയുടെ ഓഫ്‌സ്ക്രീൻ ജീവിതം കഴിഞ്ഞ കുറച്ചു നാളുകളായി നല്ല രീതിയിലല്ല മുന്നോട്ട് പോകുന്നതെന്നാണ് റിപ്പോർട്ടുകൾ. ഭാര്യ സംഗീതയുമായി വിജയ് വേർപിരിയുകയാണെന്നടക്കമുള്ള വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാൽ ഈ വാർത്തകളെല്ലാം വ്യാജമാണെന്നാണ് വിജയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.

അതേസമയം കഴിഞ്ഞ 23 വർഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്നവരാണ് വിജയും ഭാര്യ സംഗീത സോമലിംഗവും. തന്റെ ഏറ്റവും വലിയ ആരാധികയെയാണ് വിജയ് ജീവിതസഖിയാക്കിയത്. പിറന്നാൾ ദിനത്തിൽ വിജയുടെ ഈ പ്രണയകഥയും ആരാധകർക്കിടയിൽ ശ്രദ്ധനേടുകയാണ്.
ശ്രീലങ്കൻ സ്വദേശിനിയാണ് സംഗീത സോമലിംഗം. വിജയ് റൊമാന്റിക് ഹീറോയായി തിളങ്ങി നിൽക്കുന്ന സമയത്താണ് ഇവർ കണ്ടുമുട്ടുന്നത്. പൂവേ ഉനക്കാകെ എന്ന സിനിമയുടെ വിജയത്തിന് ശേഷം അടുത്ത സിനിമയുടെ ചിത്രീകരണ തിരക്കുകളുമായി ചെന്നൈയിലായിരുന്നു വിജയ്. അതിനിടെയാണ് സംഗീത ചെന്നൈയിൽ എത്തുന്നതും ലൊക്കേഷനിൽ എത്തി തന്റെ പ്രിയ താരത്തെ കണ്ട് ആശംസകൾ അറിയിക്കാൻ തീരുമാനിക്കുന്നതും.
അങ്ങനെ ലൊക്കേഷനിൽവച്ച് ഇവർ കണ്ടുമുട്ടി. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ തന്റെ ആരാധികയുടെ പെരുമാറ്റങ്ങൾ ഇഷ്ടപ്പെട്ട വിജയ് അവരെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ക്ഷണം നിരസിക്കാതെ വിജയുടെ വീട്ടിലെത്തി സംഗീത ദളപതിയുടെ മാതാപിതാക്കള്‍ക്കൊപ്പം സമയം ചെലവഴിച്ചു. സംഗീതയെ ആദ്യമായി കണ്ടപ്പോള്‍ തന്നെ വിജയുടെ മാതാപിതാക്കള്‍ക്കും അവരെ ഇഷ്ടമായി. സംഗീതയെ ആദ്യമായി കണ്ടതിനെ കുറിച്ച് വിജയുടെ അമ്മ ശോഭ ചന്ദ്രശേഖര്‍ മുന്‍പ് ഒരഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്.
സംഗീത തന്‌റെ ഭാവി മരുമകളാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നാണ് വിജയുടെ അമ്മ പറഞ്ഞത്. അന്ന് മകന്റെ ഉള്ളിരിപ്പിനെ കുറിച്ച് മനസ്സിലായിരുന്നില്ലെന്നും അവർ പറഞ്ഞു. വിജയുടെ മാതാപിതാക്കളെ കണ്ട ശേഷം സംഗീത കുറച്ച് മാസം ചെന്നൈയില്‍ തന്നെയുണ്ടായിരുന്നു. ആ സമയത്ത് വിജയ് വീണ്ടും സംഗീതയെ വീട്ടിലേക്ക് ക്ഷണിച്ചു. അന്ന് അവർക്ക് മനസിലായി മകന് ഈ പെൺകുട്ടിയെ ഇഷ്ടമാണെന്ന്. അവരുടെ മരുമകളാകാനുള്ള ഗുണങ്ങളും അവർ സംഗീതയിൽ കണ്ടു.
തുടർന്ന് വിജയുടെ പിതാവാണ് മകന്‌റെ ജീവിതപങ്കാളിയാവാന്‍ താല്‍പര്യമുണ്ടോ എന്ന് സംഗീതയോട് ചോദിക്കുന്നത്. അന്ന് അധികം ആലോചിക്കാതെ തന്നെ സംഗീത സമ്മതം മൂളി. വിജയ്ക്കും സമ്മതമായിരുന്നു. തുടര്‍ന്ന് സംഗീതയുടെ മാതാപിതാക്കളെ കാണാന്‍ വിജയുടെ അച്ഛനും അമ്മയും ലണ്ടനിലേക്ക് പോയി. യുകെയിൽ ബിസിനസുകാരായ സംഗീതയുടെ കുടുംബം അവിടെ ആയിരുന്നു താമസം. സംഗീതയുടെ മാതാപിതാക്കളും വിജയിയെ മരുമകനാക്കാൻ സമ്മതിച്ചതോടെ ഇവരുടെ വിവാഹം നടന്നു.
1995 ആഗസ്റ്റ് 25നാണ് വിജയും സംഗീതയും വിവാഹിതരായത്. വിജയ് ക്രിസ്ത്യൻ ആയിരുന്നെങ്കിലും ഹിന്ദു ആചാര പ്രകാരമാണ് വിവാഹം നടന്നത്. പിന്നാലെ സിനിമാ സുഹൃത്തുക്കള്‍ക്കായി ചെന്നെെയില്‍ റിസപ്ഷനും സംഘടിപ്പിച്ചു. ഒരു മകനും മകളുമാണ് വിജയ്ക്കുള്ളത്. 2000 ല്‍ ലണ്ടനില്‍ വച്ചാണ് മകന്‍ ജാസന്‍ സഞ്ജയ് ജനിക്കുന്നത്. മകള്‍ ദിവ്യ സാഷ 2005 ല്‍ ചെന്നൈയിലും ജനിച്ചു.

അതിഥി വേഷത്തില്‍ വിജയിയുടെ മകന്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാൽ സംവിധാനമാണ് ജാസന് താത്പര്യം. വൈകാതെ മകന്റെ സംവിധായകനായുള്ള അരങ്ങേറ്റം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. മകൾ ദിവ്യ തെരിയിൽ ചെറിയ വേഷത്തിൽ അഭിനയിച്ചിരുന്നു. ബാഡ്മിന്റണിനോടാണ് മകൾക്ക് താത്പര്യം.
അതേസമയം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയാണ് വിജയുടെ ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്ര. ഒക്ടോബർ 19ന് ആണ് ലിയോയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വിജയും തൃഷയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ സഞ്ജയ് ദത്തും ഒരു മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്. ചെന്നൈയിലും ഹൈദരാബാദിലുമായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.


Click it and Unblock the Notifications