വിക്രത്തിന്റെ പ്രമോഷന് കമല്‍ഹാസന്‍ മാത്രം!! വിജയ് സേതുപതിയും ഫഹദ് ഫാസിലും എവിടെയെന്ന് ആരാധകര്‍
ലോകമെമ്പാടുമുള്ള സിനിമാപ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കമല്‍ഹാസന്റെ പുതിയ ചിത്രം വിക്രത്തിനായി. ഉലകനായകനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നടന്‍ സൂര്യ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ടെന്ന് കമല്‍ഹാസന്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.
കൂടാതെ മലയാളി താരങ്ങളായ ചെമ്പന്‍ വിനോദ് ജോസ്, നരേയ്ന്‍ എന്നിവരും മിന്നല്‍ മുരളിയിലൂടെ ഷിബുവായി മലയാളികള്‍ക്ക് സുപരിചിതനായ ഗുരു സോമസുന്ദരവും ചിത്രത്തിലെത്തുന്നുണ്ട്. ലോകേഷ് കനകരാജാണ് വിക്രം സംവിധാനം ചെയ്തിരിക്കുന്നത്.

സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് ഇപ്പോള്‍ നടന്‍ കമല്‍ഹാസന്‍. കേരളത്തിലും ചിത്രത്തിന്റെ പ്രചാരണത്തിനെത്തിയ താരത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്. കൂടാതെ പ്രമുഖ ചാനലുകളിലും കമല്‍ഹാസന്‍ തന്റെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു. മലയാളത്തിലെ ഏറ്റവും മികച്ച ടെലിവിഷന്‍ റിയാലിറ്റി ഷോ ആയി പേരെടുത്ത ബിഗ് ബോസ് മലയാളം സീസണ്‍ 4-ലും കമല്‍ഹാസന്‍ നടന്‍ മോഹന്‍ലാലിനൊപ്പം മത്സരാര്‍ത്ഥികളെ കാണാന്‍ എത്തിയിരുന്നു.
അതേസമയം കമല്‍ഹാസനൊപ്പം ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്ന വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രമോഷനുകളില്‍ പങ്കെടുക്കാത്തത് എന്തുകൊണ്ട് എന്ന ചോദ്യം ഉയര്‍ത്തുകയാണ് ഇപ്പോള്‍ ആരാധകര്‍. നരേയ്ന്‍ മാത്രമാണ് കേരളത്തില്‍ പ്രമോഷനില്‍ പങ്കെടുത്തത്. കേരളത്തില്‍ വലിയ സ്റ്റാര്‍ വാല്യു ഉള്ള ഫഹദിനെപ്പോലും എന്തുകൊണ്ട് പ്രമോഷനുകളില്‍ പങ്കെടുപ്പിച്ചില്ല എന്നും ആരാധകര്‍ ആശങ്കപ്പെടുന്നു.

എന്നാല്‍ പ്രമോഷനുകളില്‍ ഫഹദും വിജയ് സേതുപതിയും വരേണ്ടതില്ല എന്ന തീരുമാനത്തില്‍ തന്നെയാണ് വിക്രം സിനിമയുടെ പ്രമോഷന്‍ ടീം. ഇരുവരുടെയും ഗെറ്റപ്പുകളും കഥാപാത്രസവിശേഷതകളും സസ്‌പെന്‍സായി തന്നെ ഇരിക്കണമെന്ന നിര്‍ബന്ധബുദ്ധിയാണ് ഇതിന് പിന്നില്‍. ഉലകനായകന്റെ മാത്രം പിന്‍ബലത്തിലാണ് സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ മുന്നോട്ടു പോകുന്നത്.
വന്‍ താരനിരയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറില്‍ എല്ലാ പ്രധാന താരങ്ങളെയും ഉള്‍പ്പെടുത്തിയാണ് പുറത്തുവിട്ടത്. വിക്രത്തിന് മൂന്നു തുടര്‍ ഭാഗങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ തന്നെ കമല്‍ഹാസന്‍ പ്രഖ്യാപിച്ചിരുന്നു. ആദ്യ ഭാഗത്ത് അതിഥി വേഷത്തിലെത്തുന്ന സൂര്യ തുടര്‍ഭാഗങ്ങളില്‍ സജീവമായി തന്നെ കാണുമെന്നാണ് സൂചനകള്‍. അതേസമയം നടന്‍ വിജയ്‌യും വിക്രത്തിന്റെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്‌നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിജോ ജോസ് ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ടിലൂടെ ദേശീയ തലത്തില്‍ പോലും ശ്രദ്ധ നേടിയ ഗീരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.
രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജൂണ്‍ മൂന്നിന് ലോകവ്യാപകമായ റിലീസിന് തയ്യാറെടുക്കുകയാണ് വിക്രം.


Click it and Unblock the Notifications