'സഹനടനായി കരിയർ ആരംഭിച്ചു... 18 വർഷത്തെ സിനിമാ ജീവിതം'; ഒരു സിനിമയ്ക്ക് വിജയ് വാങ്ങുന്നത് 30 കോടി വരെ!
ഇന്ന് സൗത്ത് ഇൻഡസ്ട്രിയിൽ ഒരുപക്ഷെ ഏറ്റവും തിരക്കുള്ള പ്രധാനപ്പെട്ട നടനാണ് വിജയ് സേതുപതി. തമിഴിലെ മികച്ച യുവനടന്മാരുടെ ലിസ്റ്റ് എടുത്താൽ മുൻപന്തിയിൽ തന്നെയുണ്ടാകും വിജയ് സേതുപതി. ചെയ്യുന്ന റോളുകളിലെ വ്യത്യസ്തതയും റിയലിസ്റ്റിക്കായുള്ള അഭിനയവും കൊണ്ട് തന്നെയാണ് ഇദ്ദേഹം ഇപ്പോൾ അറിയപ്പെടുന്ന ഒരു നടനായി മാറിയത്. ഇന്ന് ബോളിവുഡിൽ അടക്കം തിരക്കുള്ള നടനാണ് വിജയ് സേതുപതി.
സിനിമ സ്വപ്നമായി കൊണ്ടുനടക്കുന്ന പല ചെറുപ്പക്കാർക്കും വലിയൊരു പ്രചോദനം തന്നെയാണ് വിജയ് സേതുപതി. പിസയും ഇരൈവിയും ഇദ്ദേഹത്തിന്റെ കരിയറിലെ മികച്ച പെർഫോമൻസുകളാണ്. നായകനായി അഭിനയിക്കുമ്പോൾ തന്നെ വില്ലൻ വേഷങ്ങളും വിജയ് സേതുപതി ചെയ്യാറുണ്ട്. കമൽഹാസൻ, വിജയ്, ബോളിവുഡ് കിങ് ഖാൻ ഷാരൂഖ് തുടങ്ങിയ നടന്മാർക്ക് വില്ലനായി ഇതിനോടകം വിജയ് സേതുപതി അഭിനയിച്ച് കഴിഞ്ഞു.

1978 ജനുവരി 16നാണ് താരത്തിൻ്റെ ജനനം. പിന്നീട് വിവിധ ഇടങ്ങളിലായി പഠനം പൂർത്തിയാക്കിയ താരം ബികോം ബിരുദം നേടിയിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ അഭിനയത്തിൽ താൽപര്യമുള്ള താരം 16-ാം വയസിൽ സിനിമയുടെ ഓഡിഷനിൽ പങ്കെടുത്തിരുന്നു. എന്നാൽ ഉയരം കുറഞ്ഞതിന്റെ പേരിൽ പുറത്താക്കപ്പെട്ടു. കോളേജിൽ പഠിക്കുന്ന സമയത്ത് സെയിൽസ് മാൻ മുതൽ ഫോൺ ബൂത്ത് ഓപ്പറേറ്റർ വരെയുള്ള നിരവധി ജോലികൾ വിജയ് സേതുപതി ചെയ്തിട്ടുണ്ട്.
ഒരു ഘട്ടത്തിൽ കുടുംബഭാരം തന്റെ മേൽ വീണതോടെ അക്കൗണ്ട് ജോലിക്കായി ദുബായിലേക്ക് പോയി വിജയ് സേതുപതി. ദുബായിൽ ജോലി ചെയ്യുന്നതിനിടെയാണ് വിജയ് സേതുപതി തന്റെ ഭാര്യ ജെസ്സിയെ ഓൺലൈൻ വഴി പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും 2003ൽ വിവാഹിതരാവുകയും ചെയ്തു.
വിവാഹത്തിന് ശേഷം വിജയ് സേതുപതി ദുബായ് ജോലി ഉപേക്ഷിച്ച് നാട്ടിൽ എത്തി അക്കൗണ്ടന്റായി ജോലിയിൽ പ്രവേശിച്ച് ക്രമേണ അഭിനയ മികവ് വളർത്തിയെടുത്തു. താരം ആദ്യം ചെറിയ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. തുടര്‍ന്ന് 2010ൽ പുറത്തിറങ്ങിയ സീനു രാമസാമി ഒരുക്കിയ തെന്മേർക് പരുവകട്രിൻ ആയിരുന്നു ആദ്യ ചിത്രം.
പിന്നീട് 2012ൽ സുന്ദരപണ്ഡിയൻ എന്ന സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു. 2012ൽ പുറത്തിറങ്ങിയ പിസ്സ, നടുവുല കൊഞ്ചം പക്കാതെ കാനോം എന്ന ചിത്രങ്ങളിൽ നായക വേഷം അഭിനയിച്ചു. തുടര്‍ന്ന് വിജയ് സേതുപതിയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പിന്നീട് ചെയ്ത ചിത്രങ്ങളെല്ലാം തന്നെ ഹിറ്റായിരുന്നു. പിന്നീട് വിജയ് സേതുപതി മക്കൾ സെൽവനായി മാറുകയായിരുന്നു.

വിക്രം വേദ മുതൽ താരം വില്ലൻ വേഷം ചെയ്ത വിക്രമും മാസ്റ്ററും ജവാനും എല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടൻ ഇതുവരെയുള്ള തന്റെ സിനിമാ ജീവിതത്തിലൂടെ സമ്പാദിച്ചത് കോടികളാണ്. വിജയ് സേതുപതി തന്റെ സിനിമകൾക്ക് 20 മുതൽ 30 കോടി രൂപ വരെയാണ് പ്രതിഫലം വാങ്ങുന്നത്.
നിലവിൽ അദ്ദേഹത്തിന്റെ ആസ്തി 170 കോടി രൂപയാണെന്നാണ് പറയപ്പെടുന്നത്. ചെന്നൈയിലെ അദ്ദേഹത്തിന്റെ വീടിന് 50-60 കോടി രൂപ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്. വടക്കൻ ചെന്നൈ, എന്നൂർ, കിൽപ്പോക്ക് എന്നിവിടങ്ങളിൽ അദ്ദേഹത്തിന് ബംഗ്ലാവുകളുണ്ട്. ഇതുകൂടാതെ തമിഴ്നാട്ടിലും താരത്തിന് സ്വത്തുക്കളുണ്ട്.
വിജയ് സേതുപതിക്ക് സ്പോർട്സ് കാറുകളോട് വലിയ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ഗാരേജിൽ 1.60 കോടി രൂപ വില വരുന്ന ബിഎംഡബ്ല്യു സെവനുണ്ട്. കൂടാതെ 39.5 കോടി രൂപ വിലമതിപ്പുള്ള മിനി കൂപ്പർ, ടൊയോട്ട, ഇന്നോവ, ടൊയോട്ട ഫോർച്യൂണർ എന്നിവയും വിജയ് സേതുപതിയുടെ ഗ്യാരേജിലുണ്ട്.


Click it and Unblock the Notifications