19-ാം വയസില്‍ അമ്മ വീട്ടില്‍ നിന്നും പുറത്താക്കി; പലവട്ടം ആത്മഹത്യ ചെയ്യാനൊരുങ്ങി; കാതല്‍ ശരണ്യയുടെ ജീവിതം
ഒരുകാലത്ത് തെന്നിന്ത്യന്‍ നിറ സാന്നിധ്യമായിരുന്നു ശരണ്യ നാഗ്. ബാലതാരമായി സിനിമയിലെത്തിയ ശരണ്യ താരമായി മാറുന്നത് കാതല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. ഇതോടെ കാതല്‍ ശരണ്യയായി മാറി. തമിഴിന് പുറമെ തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. ജയം രവി ചിത്രമായ പേരാണ്‍മയ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് പക്ഷെ പതിയെ പതിയെ ശരണ്യ അപ്രതക്ഷ്യയാവുകയായിരുന്നു.
ഇപ്പോഴിതാ തന്റെ അമ്മയുമായി പിണങ്ങിയതിനെക്കുറിച്ചും വീട് വിട്ടിറങ്ങേണ്ടി വന്നതിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ശരണ്യ. സിനിമകളുടെ പരാജയവും തൈറോഡ് വന്നതിനെ തുടര്‍ന്ന് വണ്ണം കൂടിയതും വിഷാദരോഗവുമൊക്കെയാണ് ശരണ്യ അഭിനയം നിര്‍ത്താനുള്ള കാരണമായത്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമായി മാറുകയാണ് ശരണ്യ. ഗലാട്ട പിങ്കിന് നല്‍കിയ അഭിമുഖത്തില്‍ ശരണ്യ പറത് വായിക്കാം തുടര്‍ന്ന്.

അമ്മ നല്ലതായി ജീവിക്കുന്നുണ്ടെന്ന് കരുതുന്നു. ഞാനും അവരും പിരിഞ്ഞുവെന്ന് കരുതി, അവരെപ്പറ്റി കുറ്റം പറയാനോ ആരോപണങ്ങള്‍ ഉന്നയിക്കാനോ ഞാനില്ല. ഓരോ പെണ്ണിനും അവളുടേതായ ജീവിതമുണ്ട്. അവരത് സമാധാനത്തോടെ ജീവിച്ചോട്ടെ. അതിനെ ശല്യപ്പെടുത്താന്‍ ഞാനില്ല.
ചെറിയ പ്രായത്തില്‍ തന്നെ ഒരുപാട് കഷ്ടത അനുഭവിച്ചവരാണ് അവര്‍. അവരുടെ മനസില്‍ ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. ഓരോ മനുഷ്യരും മറ്റുള്ളവരെ കാണുന്ന രീതിയും വ്യത്യസ്തമായിരിക്കും. അവര്‍ക്ക് മക്കളില്‍ നിന്നും ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. തനിക്ക് ചെയ്യാന്‍ സാധിക്കാതെ പോയത് മകളിലൂടെ നേടണം എന്നു കരുതി. പക്ഷെ ആ കുട്ടിയ്ക്ക് അത് മനസിലാകുമോ? അവള്‍ക്കും കാണില്ലേ ജീവിതം?
അത് ഞങ്ങള്‍ രണ്ടു പേര്‍ക്കുമിടയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടാക്കി. ഒരു ദിവസം അവര്‍ എന്ന ശരിക്കും വീട്ടില്‍ നിന്നും ഇറക്കി വിട്ടു. ഞാനും ഇറങ്ങിപ്പോന്നു. അന്നെനിക്ക് പത്തൊമ്പത് വയസായിരുന്നു. അപ്പോഴത്തെ ദേഷ്യത്തില്‍ ചെയ്യുന്നതാണെന്നാണ് കരുതിയത്. ഇത്രയും കാലം നീണ്ടു പോകുമെന്ന് കരുതിയില്ല. ഞാനൊരു വനവാസകാലം തന്നെ അനുഭവിച്ചു തീര്‍ത്തു.
ചെറിയ പ്രായത്തില്‍ പോലും എന്നെ ആരും താലോലിച്ചിട്ടില്ല. കൊച്ചായിരിക്കുമ്പോള്‍ അത് ഒരുപാട് ആഗ്രഹിച്ചിരുന്നു. പക്ഷെ കിട്ടാതെ വന്നതോടെ ഞാന്‍ തന്നെ എന്നെ താലോലിക്കാന്‍ തുടങ്ങി. ഇപ്പോള്‍ അതൊരു ശീലമായി മാറി. എല്ലായിപ്പോഴും എനിക്ക് പിന്തുണ ഞാന്‍ തന്നെയാണ്. കോടാംപക്കം പാലത്തില്‍ സ്‌കൂട്ടി നിര്‍ത്തി കരഞ്ഞ ഒരുപാട് അനുഭവങ്ങളുണ്ട്. ജീവിതം എങ്ങോട്ടാണ് പോകുന്നത്, എന്താണ് ഇനി ചെയ്യുക എന്നൊക്കെ ആലോചിച്ച് കരഞ്ഞിട്ടുണ്ട്.
ഒറ്റയ്ക്ക് ജീവിക്കുന്ന പെണ്ണിന് ഈ സമൂഹം നല്ല സ്വീകരണമല്ല നല്‍കുക. തനിച്ചാണെന്ന് അറിഞ്ഞാല്‍ ഈ സമൂഹത്തിന് നിങ്ങളുടെ മേലുള്ള നോട്ടം തന്നെ മാറും. എല്ലാവരും മുഖംമൂടി അണിഞ്ഞായിരിക്കും സമീപിക്കുക. അതൊക്കെ തിരിച്ചറിയുമ്പോഴേക്കും ഒരു വഴിയായിട്ടുണ്ടാകും. മാതാപിതാക്കള്‍ ഈ ഭൂമിയിലേക്ക് ഒരു ജീവന്‍ കൊണ്ടു വരുമ്പോള്‍ ആ ഉത്തരവാദിത്തം വളര്‍ത്തുന്നതിലും കാണിക്കണം. ഇല്ലാത്തപക്ഷം, കുട്ടികളെ ജനിപ്പിക്കരുത്.

മരിക്കാന്‍ പോവുകയാണ്, എന്തെങ്കിലും ഉപദേശം തരുമോ എന്ന് ചോദിച്ച് ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയക്കുന്നവരുണ്ട്. ചാകാന്‍ തീരുമാനിച്ചാല്‍ പിന്നെ എന്തിനാണ് ഉപദേശം? ഞാനും അതൊക്കെ കടന്നാണ് വന്നത്. ഒരുപാട് കാലം ആത്മഹത്യ ചെയ്യാം, ഈ ജീവിതം മതിയായി എന്നൊക്കെ ചിന്തിച്ചിരുന്നു. ചുറ്റും കാണുന്ന പലരുടേയും യഥാര്‍ത്ഥ മുഖം മറ്റൊന്നായിരിക്കും. ചിലപ്പോള്‍ മൃഗങ്ങളാണ് മെച്ചമെന്ന് തോന്നും.
ആത്മഹത്യയുടെ വക്കോളം എത്തിയതാണ്. പക്ഷെ ഇന്ന് ഞാന്‍ ആത്മഹത്യ ചെയ്താല്‍ അടുത്തത് എന്തായിരിക്കുമെന്ന് ചിന്തിച്ചു. ആരും നമ്മളെക്കുറിച്ച് ചിന്തിക്കില്ല. നമ്മളെ എല്ലാവരേയും മറക്കും. അതിനാല്‍ നമുക്ക് വേണ്ടി നമ്മള്‍ ജീവിക്കണം. ആത്മഹത്യ ചെയ്യരുത്, ജീവിക്കണം എന്ന ഉറച്ച തീരുമാനത്തില്‍ എത്തി. അതില്‍ എനിക്ക് പിടിവാശിയാണ്. എന്റെ ജീവിതം ഞാന്‍ വിട്ടു കൊടുക്കില്ല. ആത്മീയതയെ മുറുകെ പിടിച്ചു. അങ്ങനെയാണ് തിരികെ വരുന്നത്.


Click it and Unblock the Notifications