ആ രാത്രിയിൽ സഹായിക്കാനുണ്ടായത് വിജയകാന്ത് മാത്രം; മറ്റൊരാളും അങ്ങനെ ചെയ്യില്ല; നന്ദിനി പറയുന്നു
അയാൾ കഥയെഴുതുകയാണ്, കരുമാടിക്കുട്ടൻ തുടങ്ങിയ ഒരുപിടി സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് നന്ദിനി. 1996 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 19 എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതിലധികം സിനിമകളിൽ അഭിനയിച്ചു. മലയാളത്തിൽ എന്ന പോലെ തമിഴിലും പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറാൻ നന്ദിനിക്ക് സാധിച്ചു.
97ൽ പുറത്തിറങ്ങിയ കാലമെല്ലാം കാതൽ വാഴ്ക എന്ന ചിത്രത്തിലൂടെയാണ് നന്ദിനി തമിഴിലേക്ക് എത്തുന്നത്. കൗസല്യ എന്ന പേരിലാണ് താരം തമിഴ് സിനിമാലോകത്ത് അറിയപ്പെടുന്നത്. വിജയ്, സൂര്യ, പ്രഭുദേവ, കാർത്തിക്, പ്രഭു തുടങ്ങിയ മുൻനിര താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച നന്ദിനി അതിവേഗമാണ് തമിഴകത്ത് ഒരിടം കണ്ടെത്തിയത്. ഇടക്കാലത്ത് സിനിമയിൽ നിന്നൊക്കെ ഇടവേളയെടുത്ത താരം ഇപ്പോൾ സിനിമയും സീരിയലുമൊക്കെയായി സജീവമാണ്. തമിഴ്, തെലുങ്ക് ഭാഷകളിലാണ് കൂടുതൽ അഭിനയിക്കുന്നത്.

അതിനിടെ നന്ദിനി ബിഹൈൻഡ്വുഡ്‌സ് തമിഴിന് നൽകിയ പുതിയൊരു അഭിമുഖവും ശ്രദ്ധനേടുകയാണ്. തന്റെ കരിയറിനെ കുറിച്ചും ഇടവേളയെ കുറിച്ചുമെല്ലാം നന്ദിനി അഭിമുഖത്തിൽ സംസാരിച്ചു. ഒപ്പം നടൻ വിജയകാന്ത് നായകനായ ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ നേരിട്ട പ്രതിസന്ധിയെ കുറിച്ചും വിജയകാന്ത് സഹായിച്ചതിനെക്കുറിച്ചും നന്ദിനി ഓർമിച്ചു. അദ്ദേഹം എല്ലാവരെയും വളരെ കെയർ ചെയ്യുന്ന വ്യക്തിയാണെന്ന് നന്ദിനി പറഞ്ഞു.
'അദ്ദേഹത്തിന്റെ വാനത്തൈപോല എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ അദ്ദേഹം ഞങ്ങളെ എല്ലാവരെയും വളരെ സുരക്ഷിതമായാണ് പരിപാലിച്ചത്. ഒരിക്കൽ ഷൂട്ട് കഴിഞ്ഞ് ഞാൻ രാത്രിയിൽ മടങ്ങുമ്പോൾ എന്റെ കാറിന്റെ ടയർ പഞ്ചറായി. കനത്ത മഴയായിരുന്നു. ടയർ മാറ്റാൻ കഴിയില്ലെന്ന് ഡ്രൈവർ പോലും പറഞ്ഞു. ഞങ്ങൾക്ക് പിന്നിൽ കാറിൽ എത്തിയ വിജയകാന്ത് സാർ എന്ത് പറ്റിയെന്ന് എന്നോട് തിരക്കി. ഞാൻ കാര്യം പറഞ്ഞതോടെ അദ്ദേഹം ഇറങ്ങി പഞ്ചറായ ടയർ മാറ്റി സ്റ്റെപ്പിനി ടയർ ഇട്ടു തന്നെ എന്നെ പറഞ്ഞയച്ചു',
'ഞങ്ങളോട് മുന്നിൽ പൊക്കൊളൂ, അദ്ദേഹം പിന്നിൽ വന്നോളാം എന്ന് പറഞ്ഞു. ഇങ്ങനെ മറ്റാരും ചെയ്യില്ല. നല്ല മഴ ആയിരുന്നിട്ട് കൂടി അദ്ദേഹം അത് കാര്യമാക്കിയില്ല. ഒരാൾക്ക് പോലും ഒരു കുറ്റവും പറയാൻ സാധിക്കാത്ത വ്യക്തിയാണ് അദ്ദേഹം', നന്ദിനി പറഞ്ഞു. അതേസമയം ഇടക്കാലത്ത് സിനിമയിൽ നിന്ന് മാറിനിൽക്കാനുണ്ടായ കാരണത്തെ കുറിച്ചും നന്ദിനി അഭിമുഖത്തിൽ സംസാരിച്ചിരുന്നു.

'തുടർച്ചയായി സിനിമകൾ ചെയ്ത് വളരെ തിരക്കിലായിരുന്ന ഒരു ഘട്ടത്തിൽ എനിക്ക് നാഡീസംബന്ധമായ ചില പ്രശ്‌നങ്ങൾ വന്നിരുന്നു. ഇതിനായി ഒരുപാട് ഗുളികകൾ കഴിച്ചു. ഈ സമയത്ത് എന്റെ ശരീരഭാരം പെട്ടെന്ന് വർദ്ധിച്ചു. ഇത് കാരണമാണ് ഞാൻ സിനിമ വിട്ടത്. ഇപ്പോൾ ആ പ്രശ്നം പരിഹരിച്ചു ഞാൻ ഇപ്പോൾ പഴയപോലെ തന്നെയായി', നന്ദിനി പറഞ്ഞു. വീണ്ടും സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം, ശരിയായ അവസരത്തിനായി കാത്തിരിക്കുകയാണെന്നും നന്ദിനി വ്യക്തമാക്കി.
43-കാരിയായ നന്ദിനി ഇപ്പോഴും അവിവാഹിതയാണ്. വിവാഹത്തെക്കുറിച്ചും നന്ദിനി അഭിമുഖത്തിൽ മനസുതുറന്നിരുന്നു. 'ഞാൻ വിവാഹത്തിന് എതിരല്ല, വിവാഹം മനോഹരമായ ഒരു കാര്യമാണ്. എന്നെയും എന്റെ ചിന്താഗതിയെയും ഇഷ്ടപ്പെടുന്ന ഒരാളെ എനിക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അങ്ങനെയൊരാൾ എന്റെ ജീവിതത്തിലുണ്ടായിരുന്നു. എന്നാൽ അത് പിരിഞ്ഞു. ഇപ്പോൾ ഞാൻ എന്റെ മാതാപിതാക്കളോടൊപ്പം വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്', എന്നാണ് നന്ദിനി പറഞ്ഞത്.


Click it and Unblock the Notifications