'ജീവിതം മാറാൻ തുടങ്ങിയത് അപ്പോൾ മുതൽ; എനിക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം...!'; കീർത്തി പാണ്ഡ്യൻ പറയുന്നു
തമിഴകത്തെ യുവനായികമാരിൽ ശ്രദ്ധേയ താരമാണ് കീർത്തി പാണ്ഡ്യൻ. നടൻ അരുൺ പാണ്ഡ്യന്റെ മകളായ കീർത്തി അച്ഛന്റെ പാതയിലൂടെയാണ് സിനിമയിൽ എത്തിയത്. എന്നാൽ മറ്റു താരപുത്രിമാരെ പോലെ അത്ര എളുപ്പമായിരുന്നില്ല കീർത്തിയുടെ യാത്ര. ഒരുപാട് അവഗണനകളും ഒഴിവാക്കലുകളും നേരിട്ട ശേഷമാണ് കീർത്തി തമിഴ് സിനിമയിൽ സാന്നിധ്യം അറിയിച്ചത്. സോ കോൾഡ് നായിക സങ്കൽപ്പങ്ങളോട് കീർത്തിയുടെ നിറവും ശരീരപ്രകൃതിയും യോജിക്കുന്നില്ലെന്ന് പറഞ്ഞാണ് പലപ്പോഴും നടിക്ക് അവസരങ്ങൾ നിഷേധിച്ചത്.
തുടക്കത്തിൽ ഇതെല്ലാം കീർത്തിയെ മാനസികമായി തകർത്തു. എന്നാൽ പിന്നീട് സ്വന്തം ശരീരത്തെ സ്നേഹിച്ച്, അവഗണകളും ഒഴിവാക്കലുകളുമെല്ലാം അതിജീവിച്ച് സിനിമയിൽ അവസരങ്ങൾ കണ്ടെത്തുകയായിരുന്നു കീർത്തി. 2019ൽ തുമ്പ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച കീർത്തി ഇതിനകം മൂന്ന് സിനിമകളിലാണ് അഭിനയിച്ചത്. കണ്ണകിയാണ് കീർത്തി പാണ്ഡ്യന്റെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളൊക്കെ വലിയ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് നടി.

ജീവിതത്തിൽ പുതിയൊരു ഘട്ടത്തിലേക്ക് കടന്ന താരം കരിയറിലും പുതിയ നേട്ടങ്ങൾ സ്വന്തമാകാമെന്ന പ്രതീക്ഷയിലാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് കീർത്തിയുടെ വിവാഹിതയായത്. തമിഴ് യുവതാരം അശോക് സെൽവനെയാണ് കീർത്തി പാണ്ഡ്യൻ വിവാഹം ചെയ്തത്. തമിഴിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവനടനാണ് അശോക് സെൽവൻ. അതുകൊണ്ട് തന്നെ ഇവരുടെ വിവാഹം വലിയ ചർച്ചയായിരുന്നു മാറിയിരുന്നു. വിവാഹത്തിന് പിന്നാലെ ബോഡി ഷെയിമിങ് അടക്കം കീർത്തിക്ക് നേരിടേണ്ടി വന്നിരുന്നു.
പത്ത് വർഷത്തെ പ്രണയത്തിന് ശേഷമാണ് അശോക് സെൽവനും കീർത്തി പാണ്ഡ്യനും വിവാഹിതരായത്. അതിനു പിന്നാലെയാണ് ഇപ്പോൾ സിനിമകളും മറ്റുമായി കീർത്തി സജീവമാകുന്നത്. കീർത്തിയുടെ കണ്ണകി ഡിസംബർ 15നാണ് റിലീസ് ചെയ്യുന്നത്. അതിനിടെ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ കീർത്തിയുടെ ഒരു അഭിമുഖവും ശ്രദ്ധനേടുകയാണ്. തന്റെ ജീവിതത്തിലെ വഴിത്തിരിവിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് കീർത്തി.
"എല്ലാം ഒറ്റരാത്രികൊണ്ട് മാറിയെന്ന് എനിക്ക് പറയാനാവില്ല. ഒരുപാട് സമയം ഈ യാത്രയ്ക്ക് വേണ്ടിവന്നു. പലരുടെയും ജീവിതത്തിൽ ഒരു വഴിത്തിരിവ് ഉണ്ടാകാറുണ്ട്, അവരുടെ കാഴ്ചപ്പാട് മാറുകയും ജീവിതം തലകീഴായി മാറുകയും ചെയ്യും. ഇത്തരത്തിലുള്ള നിരവധി ചെറിയ വഴിത്തിരിവുകൾ എന്റെ ജീവിതത്തിൽ സംഭവിക്കുന്നുണ്ട്. ജീവിത യാത്രയിലുണ്ടാകുന്ന ആ വളവുകളും തിരിവുകളും എന്റെ കാഴ്ചപ്പാടിനെ മാറ്റിമറിച്ചു" എന്നാണ് കീർത്തി പറയുന്നത്.
"അച്ഛൻ എന്നോട് ഒരുപാട് സംസാരിക്കാറുണ്ട്. അദ്ദേഹം സംസാരിക്കുന്ന പല കാര്യങ്ങളും എനിക്ക് പരോക്ഷമായി ആവശ്യമുള്ളതാണ്. എന്നെ സംബന്ധിച്ചിടത്തോളം, എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം സെൽഫ് ലവ് ആണ്. എന്തുകൊണ്ടാണ് എനിക്ക് എല്ലാം മോശമായി സംഭവിക്കുന്നത്, എന്തിനാണ് എല്ലാവരും എന്നെ വിമർശിക്കുന്നത്... എന്നൊക്കെ തോന്നും, എന്നാൽ അതൊക്കെ നിങ്ങൾക്ക് പുറത്തു സംഭവിക്കുന്ന കാര്യങ്ങളാണ്.

അതൊന്നും നിങ്ങളുടെ നിയന്ത്രണത്തിൽ ഉള്ളതല്ല. ആ പ്രശ്‌നങ്ങളോട് നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നുവെന്നും അവ നിങ്ങളെ എത്രത്തോളം ബാധിക്കാൻ അനുവദിക്കുന്നു എന്നത് മാത്രമാണ് നിങ്ങളുടെ നിയന്ത്രണത്തിലുള്ളത്. ഞാൻ അത് മനസ്സിലാക്കിയതിന് ശേഷം, എന്റെ ജീവിതം മാറാൻ തുടങ്ങി. എന്റെ മനസ്സ് എന്റെ നിയന്ത്രണത്തിൽ ആയതിനാൽ, ഞാൻ എന്നോട് തന്നെ ഒരുപാട് സംസാരിക്കുന്നു. അതായത്. ഞാൻ തന്നെയാണ് എന്റെ ഡോക്ടർ. ചിലതൊക്കെ ഞാൻ എഴുതിവയ്ക്കും.
എല്ലാം നമുക്ക് മറ്റൊരാളോട് പറയാൻ കഴിയില്ല. എന്നാൽ അതെല്ലാം നിങ്ങൾ എവിടെയെങ്കിലും എഴുതി വയ്ക്കുകയാണെങ്കിൽ നിങ്ങളുടെ ഭാരം കുറഞ്ഞ പോലെ തോന്നും. നിങ്ങളുടെ പ്രശ്‌നങ്ങൾ അങ്ങനെ എഴുതുമ്പോൾ, അതിൽ നിന്ന് നിങ്ങൾക്ക് ഒരുപാട് ഉത്തരങ്ങൾ ലഭിക്കും. നമ്മുടെ വീക്ഷണകോണിൽ നിന്നായിരിക്കും പൊതുവെ കാര്യങ്ങളെ കാണുക. എന്നാൽ അത് എഴുതുമ്പോൾ, അങ്ങനെ ആയിരിക്കില്ല. മറ്റൊരു കോണിൽ നിന്നും നിങ്ങൾ കാണാൻ ശ്രമിക്കും. അങ്ങനെ ജീവിതം മാറാൻ തുടങ്ങും," കീർത്തി പാണ്ഡ്യൻ പറഞ്ഞു.


Click it and Unblock the Notifications