പേരിന് മുന്നില്‍ വിശേഷണം കൊണ്ടുനടക്കുന്നവര്‍; എനിക്ക് ആ പിആര്‍ വേണ്ട; വീണ്ടും നയന്‍സിനെ കൊട്ടി മംമ്ത?
മലയാള സിനിമയിലെ മുന്‍നിര നായികയാണ് മംമത മോഹന്‍ദാസ്. ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെയായിരുന്നു മംമ്തയുടെ അരങ്ങേറ്റം. പിന്നീട് പതിയെ മലയാളത്തിലെ മുന്‍നിര നായികയായി മാറുകയായിരുന്നു മംമ്ത. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും മംമ്ത സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ ഗായികയായും മംമ്ത സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
തന്റെ ജീവിതം കൊണ്ട് പലര്‍ക്കും പ്രചോദനമായി മാറിയിട്ടുള്ള താരമാണ് മംമ്ത. കരിയറിന്റെ പീക്കില്‍ നില്‍ക്കെ തന്നെ തേടിയെത്തിയ ക്യാന്‍സറിനെ മംമ്ത നേരിട്ടത് അസാധ്യമായ മനക്കരുത്തോടെയായിരുന്നു. ക്യാന്‍സറില്‍ നിന്നും മുക്തി നേടിയ ശേഷം ഈയ്യടുത്ത് മംമ്തയെ തേടി മറ്റൊരു ആരോഗ്യ പ്രതിസന്ധി കൂടി വന്നു. വിറ്റിലിഗോ എന്ന ഓട്ടോ ഇമ്യുണ്‍ പ്രതിസന്ധി നേരിടുകയാണ് താരം ഇപ്പോള്‍. അതേക്കുറിച്ചുള്ള മംമ്തയുടെ തുറന്നു പറച്ചിലുകള്‍ ചര്‍ച്ചയായി മാറിയിരുന്നു.

തന്റെ തുറന്ന സംസാരത്തിലൂടെയും മംമ്ത ആരാധകരെ നേടിയിട്ടുണ്ട്. തന്റെ നിലപാടുകളും കാഴ്ചപ്പാടുകളും യാതൊരു മറയുമില്ലാതെ പങ്കുവെക്കാറുണ്ട് മംമ്ത. ഒരിക്കല്‍ വലിയൊരു സിനിമയില്‍ നിന്നും തന്നെ നായിക ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മാറ്റിയെന്ന മംമ്തയുടെ വെളിപ്പെടുത്തല്‍ വാര്‍ത്തയായിരുന്നു. നടിയുടെ പേര് മംമ്ത പറഞ്ഞില്ലെങ്കിലും അത് നയന്‍താരയാണെന്ന അനുമാനത്തിലേക്ക് സോഷ്യല്‍ മീഡിയ എത്തിയിരുന്നു.
ഇതിനിടെ ഇപ്പോഴിതാ നടിമാര്‍ പേരിനൊപ്പം വിശേഷണം കൊണ്ടു നടക്കുന്നതിനെക്കുറിച്ചുള്ള മംമ്തയുടെ പ്രതികരണം ചര്‍ച്ചയാവുകയാണ്. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ മംമ്ത പറഞ്ഞതാണ് ചര്‍ച്ചയാകുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.
അഭിനയിക്കാതെ വിട്ടുകളഞ്ഞല്ലോ എന്നോര്‍ത്ത് വിഷമിച്ച സിനിമ ഏതാണ്? എന്ന ചോദ്യത്തിനും അഭിമുഖത്തില്‍ മംമ്ത മറുപടി പറയുന്നുണ്ട്. ''20-ാമത്തെ വയസില്‍ അഭിനയിക്കാന്‍ എത്തുമ്പോള്‍ വളരെ നിഷ്‌കളങ്കയായിരുന്നു. ഏത് കഥ കേള്‍ക്കണം, ഏതുതരം കഥാപാത്രങ്ങള്‍ ചെയ്യണം, ഏത് സിനിമയില്‍ അഭിനയിക്കണം എന്നതിലൊന്നും യാതൊരു വ്യക്തതയും തനിക്ക് ഇല്ലായിരുന്നു എന്നാണ് മംമ്ത പറയുന്നത്.
അങ്ങനെയാണ് ആദ്യകാലത്ത് അഭിനയിച്ചു കൊണ്ടിരുന്നത്. അഭിനയിക്കുന്നതിന് മുമ്പ് തന്നോട് പറയുന്ന കഥയും അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ ചിത്രീകരിക്കുന്ന കഥയും വേറെ വേറയായിരിക്കുമെന്നും മംമ്ത ഓര്‍ക്കുന്നുണ്ട്. ആ സമയത്ത് തനിക്ക് നിരാശ തോന്നിയിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയൊരു സിനിമയില്‍ അഭിനയിച്ചുവല്ലോ, അല്ലെങ്കില്‍ ആ പടം മിസ് ആയല്ലോ എന്ന പശ്ചാത്താപമോ നഷ്ടബോധമോ തനിക്കുണ്ടായിട്ടില്ലെന്നാണ് മംമ്ത വ്യക്തമാക്കുന്നത്. ഇന്നുവരെ അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും തനിക്ക് തൃപ്തി നല്‍കുന്നതാണെന്നും മംമ്ത അടിവരയിട്ടു പറയുന്നുണ്ട്.

പിന്നാലെ പേരിന് മുന്നില്‍ വിശേഷണം കൊണ്ടു നടക്കുന്ന നായികമാരെക്കുറിച്ചും മംമ്ത സംസാരിക്കുന്നുണ്ട്. ''നേരത്തെ പറഞ്ഞപോലെ എല്ലാവര്‍ക്കും എല്ലാ കഥാപാത്രങ്ങളും ചെയ്യാനാവില്ല. എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞ കഥാപാത്രങ്ങള്‍ മറ്റൊരാള്‍ക്ക് അഭിനയിച്ചു ഫലിപ്പിക്കാനായില്ലെന്ന് വരാം. ചിലര്‍ അങ്ങനെ വിശേഷണപ്പേര് നല്‍കി പിആര്‍ ചെയ്യുന്നുണ്ട്. എനിക്ക് അതിലൊന്നും വിശ്വാസമില്ല. ഞാന്‍ ഞാനാണ്. എന്റെ കഴിവുകളെക്കുറിച്ചും പരിമിതികളെക്കുറിച്ചും എനിക്ക് ഉത്തമബോധ്യമുണ്ട്'' എന്നാണ് മംമ്ത പറഞ്ഞത്.
അഭിനയിക്കുന്ന സിനിമകളും കഥാപാത്രങ്ങളും സ്വീകരിക്കപ്പെട്ടാല്‍ മതി, എങ്കില്‍ ആരാധകരുടെ മനസില്‍ എന്നും തനിക്ക് സ്ഥാനമുണ്ടാകുമെന്നും മംമ്ത പറയുന്നുണ്ട്.


Click it and Unblock the Notifications