ഉർവ്വശിക്ക് അന്ന് ഒന്നും അറിയില്ലായിരുന്നു, കണ്ടാൽ 50 സിനിമ കഴിഞ്ഞയാളെ പോലെ തോന്നും; അദ്ദേഹമാണ് കാരണം!
മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടിയാണ് ഉർവ്വശി. വർഷങ്ങളായി തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യമാണ് താരം. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ ഉർവ്വശി വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുണ്ട്. 1979 ൽ പുറത്തിറങ്ങിയ കതിർമണ്ഡപം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു ഉർവ്വശിയുടെ അരങ്ങേറ്റം. പിന്നീട് വൈവിധ്യമാർന്ന നിരവധി വേഷങ്ങളാണ് നടിയെ തേടിയെത്തിയത്.
സിനിമാ കുടുംബത്തിൽ നിന്നുള്ള ഉർവ്വശി വളരെ പെട്ടെന്ന് തന്നെ സിനിമാലോകത്ത് തന്റേതായ ഒരിടം കണ്ടെത്തുകയായിരുന്നു. സഹോദരിമാരായ കൽപനയും കലാരഞ്ജിനിയും എത്തിയതിനേക്കാൾ ഉയരത്തിലെത്താൻ അവർക്ക് ശേഷം സിനിമയിലെത്തിയ ഉർവ്വശിക്ക് സാധിച്ചു. നാൽപത് വർഷം പിന്നിട്ട കരിയറിൽ വിവിധ ഭാഷകളിലായി എഴുനൂറോളം സിനിമകളിലാണ് ഉർവ്വശി അഭിനയിച്ചത്. ഇതിൽ മലയാളത്തിലും തമിഴിലുമാണ് ഏറ്റവും കൂടുതൽ സിനിമകൾ. ഇതുകൂടാതെ തെലുങ്കിലും കന്നടയിലും ഹിന്ദിയിലുമായി അമ്പതിലധികം സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്.

നിരവധി പുരസ്കാരങ്ങളും ഇക്കാലയളവിൽ ഉർവ്വശിയെ തേടി എത്തി. കേരളത്തിൽ നിന്ന് അഞ്ച് തവണ മികച്ച നടിക്കുള്ള ചലച്ചിത്ര പുരസ്കാരം നേടിയതടക്കം അതിൽ പെടുന്നു. അഭിനയത്തിന് പുറമെ നിർമ്മാതാവായും തിരക്കഥാകൃത്തായും ഡബ്ബിങ് ആർട്ടിസ്റ്റായും ഉർവ്വശി തിളങ്ങി. മലയാളം കഴിഞ്ഞാൽ ഉർവ്വശിക്ക് ഏറ്റവും കൂടുതൽ പ്രോത്സാഹനം ലഭിച്ചിട്ടുള്ളത് തമിഴിൽ നിന്നാണ്. മലയാളത്തിനൊപ്പം തന്നെ നിരവധി ഹിറ്റുകൾ ഉർവ്വശിക്ക് തമിഴിലുമുണ്ട്.
തമിഴിലെ സൂപ്പർ താരങ്ങൾ അടക്കം ഉർവ്വശിയുടെ അഭിനയത്തിന് മുന്നിൽ അത്ഭുതപ്പെട്ട് നിന്നിട്ടുണ്ട്. ഉലക നായകൻ കമൽ ഹാസൻ വരെ അക്കൂട്ടത്തിലുണ്ട്. ഇഷ്ടപ്പെട്ട അഭിനേത്രി ആരാണെന്ന് ചോദിച്ചാൽ ഉലകനായകൻ ആദ്യം പറയുന്ന പേരും ഉർവ്വശിയുടേത് തന്നെയാണ്. ഇപ്പോഴിതാ, തമിഴ് നടനായ നളിനികാന്ത് ഉർവ്വശിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. മുന്താണി മുടിച്ച് എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ഉർവ്വശിക്ക് ഒന്നും തന്നെ അറിയില്ലായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
1983 ൽ പുറത്തിറങ്ങിയ ചിത്രമാണ് മുന്താണി മുടിച്ച് ഭാഗ്യരാജ് നായകനായ ചിത്രത്തിൽ ഉർവ്വശി ആയിരുന്നു നായിക. ഉർവ്വശിയുടെ തമിഴിലെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്. നളിനികാന്തും ചിത്രത്തിൽ ഒരു വേഷത്തിൽ എത്തിയിരുന്നു. ഒന്നും അറിയാതെ വന്ന ഉർവ്വശിയെ നടൻ ഭാഗ്യരാജാണ് എല്ലാം പഠിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഭാഗ്യരാജ് സാറിനൊപ്പം അഭിനയിച്ച അനുഭവം ആരായാലും കുറിച്ചു വയ്ക്കണം. അവർ അത്രമാത്രം നിങ്ങളുടെ കഴിവ് പുറത്തേക്ക് കൊണ്ടുവരുന്ന നടനാണ്. അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നതും രസമാണ്. കുട്ടികൾക്ക് പറഞ്ഞ് കൊടുക്കുന്നത് പോലെ എല്ലാം പറഞ്ഞ് തരും. മുന്താണി മുടിച്ച് എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ഉർവ്വശിക്ക് ഒന്നും അറിയില്ലായിരുന്നു. എന്നാൽ ആ സിനിമയിൽ കണ്ടാൽ 50 സിനിമ ചെയ്ത താരത്തെ പോലെ തോന്നും. അങ്ങനെയാണ് പ്രകടനം. അത് അദ്ദേഹം കാരണമാണ്. ആ വിധത്തിൽ അദ്ദേഹം പറഞ്ഞു കൊടുക്കും', നളിനികാന്ത് പറഞ്ഞു.
ജലധാര പമ്പ്‍സെറ്റ് സിൻസ് 1962 എന്ന സിനിമയാണ് ഉർവ്വശിയുടെതായി ഇനി റിലീസിന് എത്തുന്നത്. നടന്മാരായ ഇന്ദ്രൻസും ടി.ജി രവിയുമാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആഷിഷ് ചിന്നപ്പയാണ് ചിത്രത്തിന്റെ സംവിധാനം. ഇന്ദ്രൻസും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. നിഷ സാരംഗ്, സാഗർ, ജോണി ആന്റണി, സനുഷ, വിജയരാഘവൻ, സജിൻ ചെറുകയില്‍, കലാഭവൻ ഹനീഫ്, ശിവജി ഗുരുവായൂര്‍ സാഗര്‍, അഞ്‍ജലി സുനില്‍ കുമാര്‍ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.


Click it and Unblock the Notifications