സിനിമയില്ലാതെ വെറുതെയിരുന്നാലും ലഭിക്കുന്നത് കോടികൾ; നയൻതാരയുടെ വരുമാനം സംബന്ധിച്ച ഞെട്ടിക്കുന്ന റിപ്പോർട്ട്!
തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും താര റാണിയാണ് നയൻതാര ഇന്ന്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെല്ലാം തിളങ്ങി പ്രശസ്തി നേടിയ നയൻതാര ഇപ്പോൾ ജവാൻ എന്ന സിനിമയിലൂടെ ബോളിവുഡിലേക്കും ചുവടുവെക്കാൻ ഒരുങ്ങുകയാണ്. തമിഴ് സംവിധായകൻ ആറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാരൂഖ് ഖാനാണ് നായകൻ. നേരത്തെയും ബോളിവുഡിൽ നിന്ന് അവസരങ്ങൾ വന്നിരുന്നെങ്കിലും നയൻതാര അതൊക്കെ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
അപ്പോഴൊക്കെ തമിഴകത്ത് തന്റേതായ ഇടം നേടിയെടുക്കാനുള്ള തിരക്കിലായിരുന്നു നടി. ഇന്ന് തമിഴകത്തെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻതാര, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി. എന്നാൽ അടുത്ത കാലത്തായി നയൻതാരയുടെ കരിയർ ഗ്രാഫിൽ കാര്യമായ ഇടിവ് വന്നിരിക്കുകയാണ്. നടിയുടെ അവസാനമിറങ്ങിയ സിനിമകളെല്ലാം തുടർച്ചയായി പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരു ഹിറ്റ് സിനിമ പോലും സമ്മാനിക്കാൻ നയൻതാരയ്ക്ക് കഴിഞ്ഞിട്ടില്ല.

മുക്കുത്തി അമ്മൻ, ഒ2, നെട്രിക്കൺ, കണക്ട്, നിഴൽ, ഗോൾഡ് തുടങ്ങി പരാജയ സിനിമകളുടെ ഒരു നീണ്ട നിര തന്നെ നയൻതാരയുടെ കരിയർ നോക്കിയാൽ കാണാൻ കഴിയും. എന്നാൽ കരിയറിൽ ഇങ്ങനെയൊക്കെ ആണെങ്കിലും വ്യക്തി ജീവിതത്തിൽ മനോഹരമായ ഘട്ടത്തിലൂടെയാണ് നയൻതാര കടന്നു പോകുന്നത്. സംവിധായകൻ വിഘ്‌നേശ് ശിവനെ വിവാഹം ചെയ്ത നയൻതാര ഇന്ന് ഇരട്ടക്കുട്ടികളുടെ അമ്മയാണ്. കുഞ്ഞുങ്ങളും ജീവിതത്തിന്റെ ഭാഗമായതോടെ വളരെ കുറച്ചു സിനിമകളിലേക്ക് മാത്രമായി നയൻതാര ഒതുങ്ങുന്നു എന്ന സൂചനകളുണ്ട്.
എന്നാൽ സിനിമകൾ കുറഞ്ഞാലോ പരാജയപ്പെട്ടാലോ അത് നയൻസിനെ കാര്യമായി ബാധിക്കില്ല എന്നാണ് പറയപ്പെടുന്നത്. അതിന് കാരണം നടി നടത്തിയിരിക്കുന്ന നിക്ഷേപങ്ങളാണ്. സിനിമയിൽനിന്ന് ലഭിച്ച ലാഭമെല്ലാം നയൻതാര കൃത്യമായി നിക്ഷേപിച്ചു എന്നാണ് പറയപ്പെടുന്നത്. സിനിമയിൽ എന്നും നല്ല കാലമായിരിക്കില്ല എന്ന തിരിച്ചറിവാകണം നയൻസിനെ ഏറ്റവും മികച്ച നിക്ഷേപങ്ങൾ നടത്താൻ പ്രേരിപ്പിച്ചത്. കോടി കണക്കിന് രൂപയാണ് നയൻതാര ബിസിനസ്സിൽ നിക്ഷേപിച്ചിരിക്കുന്നത്. അതിൽ നിന്ന് ഓരോ മാസവും ലഭിക്കുന്ന ലാഭവും കോടികളാണെന്നാണ് വിവരം.
ദുബായിലെ എണ്ണ കമ്പനികളുമായി ബന്ധപ്പെട്ട ബിസിനസിൽ നയൻതാര 50 കോടിയിലധികം നിക്ഷേപിച്ചിട്ടുണ്ട് എന്നാണ് വിവരം. ഇതിനു പുറമെ, കോസ്മെറ്റിക്സ് കമ്പനിയായ 'ദി ലിപ് ബാം കമ്പനി' പോലുള്ള സംരംഭങ്ങളിലും നിക്ഷേപം നടത്തിയിട്ടുണ്ട്, കൂടാതെ ആ കമ്പനിയുടെ ബ്രാൻഡ് അംബാസഡറും കൂടിയാണ് നയൻതാര. 2021ൽ ചെന്നൈയിലാണ് ഈ കമ്പനി ആരംഭിച്ചത്.

ഇതിനു പുറമെ, 'ചായ് വാലെ' എന്ന ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ചായക്കട ബിസിനസിലും നയൻതാര നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതിനു പുറമെ മാംസവുമായി ബന്ധപ്പെട്ട ബിസിനസ്സിലും നടിക്ക് നിക്ഷേപം ഉണ്ട്. അങ്ങനെ സിനിമയിൽ കിട്ടുന്ന ലാഭമെല്ലാം ഭാവിയിലേക്കുള്ള ബിസിനസിൽ വ്യക്തമായ രീതിയിലാണ് നയൻതാര നിക്ഷേപിച്ചിരിക്കുന്നത്. നടി നിക്ഷേപിച്ചിട്ടുള്ള എല്ലാ ബ്രാൻഡുകളും ഇന്ത്യയിലും ആഗോള തലത്തിലും ശ്രദ്ധ നേടിയിട്ടുള്ളതാണ് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
ഈ നിക്ഷേപങ്ങളിൽ നിന്നെല്ലാമായി നയൻതാര പ്രതിമാസം 10 മുതൽ 15 കോടി വരെ സമ്പാദിക്കുന്നുണ്ട് എന്നാണ് വിവരം. ഒരു വർഷം കൊണ്ട് 100 കോടിയിലധികം രൂപയാണ് ബിസിനസുകളിൽ നിന്ന് മാത്രമായി താരം സമ്പാദിക്കുന്നത്. സിനിമയ്ക്കപ്പുറം ബിസിനസിൽ കൂടുതൽ ലാഭം കാണുന്നത് കൊണ്ട് തന്നെ നയൻതാരയ്ക്ക് സിനിമയുടെ ലാഭത്തിനെയും നഷ്ടത്തെയും കുറിച്ച് അധികം വേവലാതിപ്പെടാതെ മുന്നോട്ട് പോകാനാകും.


Click it and Unblock the Notifications