പണമാണോ പ്രശ്‌നം? ഏറ്റവും വലിയ ആഗ്രഹം സാധ്യമാക്കാനുള്ള കാത്തിരിപ്പിൽ വിഘ്‌നേശ് ശിവൻ, പോസ്റ്റ് വൈറൽ
തമിഴകത്തെ പ്രിയപ്പെട്ട താരദമ്പതികളാണ് നയൻതാരയും വിഘ്നേശ് ശിവനും. മലയാളത്തിൽ നിന്നും കരിയർ ആരംഭിച്ച് പിന്നീട് തമിഴകത്തേക്ക് പോയ നയൻതാര കരിയറിനൊപ്പം സ്വന്തം കുടുംബ ജീവിതവും തമിഴ്നാട്ടിൽ തന്നെ കെട്ടിപ്പടുക്കുകയായിരുന്നു. ഉയിർ ഉലകം എന്നീ ഇരട്ടക്കുട്ടികളുടെ അമ്മയാണ് നടി ഇന്ന്. ജീവിതത്തിലും കരിയറിലും എടുക്കുന്ന തീരുമാനങ്ങളിൽ എന്നും വ്യത്യസ്തയാണ് നയൻതാര. എല്ലാത്തിനും കൂട്ടായി വിഘ്‌നേശ് ശിവനും ഒപ്പമുണ്ട്.
നാനും റൗഡിൻ താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് വിഘ്നേശ് ശിവനും നയൻതാരയും പ്രണയത്തിലാവുന്നത്. അന്ന് നയൻതാര സൂപ്പർതാര പദവിയിലേക്ക് കുതിക്കുന്ന നായിക നടിയാണ്. വിഘ്നേശ് ശിവനാവട്ടെ അന്ന് സംവിധായകനെന്ന നിലയിൽ പേരെടുത്ത് വരുന്നതേയുള്ളൂ. ഏഴ് വർഷം ഇരുവരും പ്രണയിച്ചു. ഒടുവിൽ കഴിഞ്ഞ വർഷം ജൂൺ മാസത്തിലാണ് നയൻതാരയും വിഘ്നേശും വിവാഹം കഴിക്കുന്നത്.

അവിടെ നിന്നിങ്ങോട്ട് സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ ഇരുവരും ഒന്നിച്ചുണ്ട്. കഠിനാധ്വാനം കൊണ്ട് സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കി എടുക്കുന്നവരാണ് നയൻതാരയും വിഘ്‌നേശും. സിനിമയോ ബിസിനസോ ജീവിതമോ എന്ത് തന്നെ ആയാലും, മനസ്സിൽ ഉറപ്പിച്ചാൽ അത് നേടാതെ ഇവർ പിന്മാറാറില്ല. അടുത്തിടെ രണ്ടു പുതിയ ബിസിനസുകളാണ് നയൻതാര ആരംഭിച്ചത്. അതേസമയം വിക്കിയുടെ ഏറ്റവും വലിയ ഒരാഗ്രഹം ഇനിയും സാധിക്കപ്പെട്ടിട്ടില്ല.
തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വിഘ്‌നേശ് ശിവൻ അങ്ങനെയൊരു ആഗ്രഹം കൂടിയുണ്ട് എന്ന് ആരാധകരുമായി പങ്കുവെച്ചത്. സിനിമ മാത്രമല്ല ജീവിതത്തിലെ അവസാന ലക്ഷ്യമെന്ന് മുൻപേ തന്നെ വിഘ്‌നേശ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇങ്ങനെയൊരു ആഗ്രഹം നേടാൻ വൈകുന്നതിന് കാരണം എന്താണ് എന്നാണ് ആരാധകർ ആശ്ചര്യപ്പെടുന്നത്.
ഒരു നിർമാണ കമ്പനിയും, മൂന്ന് ഉൽപ്പന്നങ്ങളുടെ ബിസിനസുമാണ് വിക്കിയും നയൻതാരയും ചേർന്ന് നടത്തുന്നത്. ഏറ്റവും ഒടുവിലത്തേതായി വന്നത് ഫെമിനയൻ എന്ന സാനിറ്ററി പാഡിന്റെ ബിസിനസാണ്. നവരാത്രി വേളയിലാണ് തന്റെ പുതിയ ഉൽപ്പന്നം നയൻതാര അവതരിപ്പിച്ചത്. അതിനു മുൻപ് നയൻസ്കിൻ എന്ന സ്കിൻകെയർ ബ്രാൻഡും നടി ആരംഭിച്ചിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഇതിന്റെ ലോഞ്ച് ഇവന്റുകളും പ്രൊമോഷൻ പരിപാടികളുമൊക്കെയായി തിരക്കിലായിരുന്നു നയൻതാരയും വിഘ്നേശ് ശിവനും.

അതേസമയം ബിസിനസ്സോ സിനിമയോ ഒന്നുമല്ല വിഘ്‌നേശ് ശിവന്റെ ഇനിയും സാധ്യമാകാത്ത ആഗ്രഹം, ഒരു വസ്തു സ്വന്തമാക്കണം എന്നതാണ്. അതിന്റെ ചിത്രമാണ് വിക്കി ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തതും. പത്തെക് ഫിലിപ് എന്ന സ്വിസ്സ് ബ്രാൻഡിന്റെ വാച്ചാണ് വിക്കിയുടെ സ്വപ്നം. കോടികൾ ആസ്തിയുള്ള വിക്കിക്ക് ഇത് നേടാൻ എന്താണ് എത്ര തടസമെന്ന് ഒരുപക്ഷെ പലരും ചിന്തിച്ചേക്കാം. അതിന്റെ കാരണം പരിശോധിച്ചാൽ ആകെ ഒരുത്തരമേ കണ്ടെത്താൻ സാധിക്കൂ.
പണം തന്നെയാകാം കാരണം. ഒരു പത്തെക് ഫിലിപ് സെക്കന്ററി വാച്ച് വാങ്ങണമെങ്കിൽ, അഞ്ചു കോടി രൂപ വരെ ചെലവാക്കണം എന്നാണ് വിവരം. 7,257 - 600,905 ഡോളർ വരെയാണ് സെക്കന്ററി മാർക്കറ്റിലെ നിരക്ക്. ഈ തുക തമിഴിൽ ഒരു സിനിമയുടെ ഇടത്തരം ബജറ്റ് ആയി വരും. ഈ വാച്ചിന്റെ ഒരു ഫ്രഷ് പീസ് വാങ്ങണമെങ്കിൽ, വില എന്താകും എന്നത് ചിന്തിക്കാനേ കഴിയാത്തതാണ്. അതേസമയം സ്വപ്‌നങ്ങൾ എല്ലാം കഠിനാധ്വാനത്തിലൂടെ സ്വന്തമാക്കുന്ന താരം ഇതും സ്വന്തമാക്കും എന്നാണ് ആരാധകരുടെ വിശ്വാസം.
കാത്തുവാക്കുള രണ്ടു കാതൽ ആണ് വിഘ്‌നേശ് അവസാനം സംവിധാനം ചെയ്ത ചിത്രം. വിജയ് സേതുപതി നായകനായ ചിത്രത്തിൽ നയൻതാരയും സാമന്തയുമാണ് നായികാവേഷങ്ങളിൽ എത്തിയത്. പ്രദീപ് രംഗനാഥന് ഒപ്പം ചെയ്യുന്ന ചിത്രം അണിയറയിലുണ്ട്.


Click it and Unblock the Notifications