അച്ഛന്റെ മരണശേഷം ബാധ്യതകൾ, അനിയനെ പഠിപ്പിച്ച് പൈലറ്റാക്കി; പരാജയപ്പെട്ടത് വിവാഹത്തിൽ; ഡിഡിയുടെ ജീവിതം!
തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള അവതാരകയാണ് ഡിഡി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ദിവ്യദർശിനി. അഭിനയത്തിലൂടെയാണ് കരിയർ ആരംഭിച്ചതെങ്കിലും അവതാരകയായി എത്തിയത് മുതലാണ് ദിവ്യദർശിനി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുന്നത്. തമാശ നിറഞ്ഞ രീതിയില്‍ പൊട്ടിച്ചിരിയോടെ സംസാരിക്കുന്ന ഡിഡിയെ വളരെ പെട്ടന്നു തന്നെ തമിഴ് പ്രേക്ഷകര്‍ അംഗീകരിച്ചു. സൂപ്പർ ഹിറ്റ് ഷോകളിലൂടെ തമിഴ്‌നാടിന് പുറത്തും ദിവ്യദർശിനി അറിയപ്പെട്ടു.
ജയറാമിനെ നായകനാക്കി കമൽ സംവിധാനം ചെയ്ത ശുഭയാത്ര എന്ന സിനിമയിൽ ബാല താരമായിട്ടായിരുന്നു ഡിഡിയുടെ സിനിമ അരങ്ങേറ്റം. പിന്നീട് 2003ൽ പുറത്തിറങ്ങിയ കമൽ ഹാസന്റെ നള ദമയന്തി എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയിൽ എത്തുന്നത്. ഇതിനു ശേഷമാണ് അവതാരകയായി അരങ്ങേറ്റം കുറിക്കുന്നത്. അവതാരകയായി തിളങ്ങി നിൽക്കുമ്പോൾ തന്നെ ഒരുപിടി സീരിയലുകളിലും ദിവ്യദർശിനി അഭിനയിച്ചു.

ഇന്ന് തമിഴിലെ ഏറ്റവും വിലപിടിപ്പുള്ള അവതാരകയാണ് ഡിഡി. പൊതുവെ സിനിമാ താരങ്ങൾക്കും ഗായകർക്കും ലഭിക്കുന്നതിന് സമാനമായ ആരാധക വൃന്ദമാണ് താരത്തിനുള്ളത്. എന്നും ലൈം ലൈറ്റിൽ നിൽക്കുന്ന താരമായതിനാൽ തന്നെ ഡിഡി വ്യക്തിജീവിതം പലപ്പോഴും ചർച്ചയാകാറുണ്ട്. എന്നാൽ ദിവ്യയുടെ കഴിഞ്ഞ കാലത്തെ കുറിച്ചോ സങ്കടങ്ങളെ കുറിച്ചോ അധികമാർക്കും അറിയില്ല. എന്നും ചിരിച്ച മുഖത്തോടെ പോസിറ്റീവായ ഡിഡി പ്രേക്ഷകർക്ക് മുന്നിലെത്താറുള്ളത്.
എന്നാൽ ആ ചിരിക്ക് പിന്നിൽ കഷ്ടപ്പാടുകളുടെ കഥ കൂടിയുണ്ട്. കെ നീലകണ്ഠൻ, എൻ ശ്രീലത ദമ്പതികളുടെ മൂന്ന് മക്കളിൽ ഒരാളാണ് ദിവ്യദർശിനി. ഡിഡിയുടെ അമ്മ മലയാളിയും അച്ഛന്‍ തമിഴ്‌നാട്ടുകാരനുമാണ്. എന്നാൽ ദിവ്യയ്ക്ക് കേരളവുമായി വലിയ ബന്ധമൊന്നുമില്ല. അച്ഛന്‍ ജീവിതത്തില്‍ ശീലിപ്പിച്ച കാര്യങ്ങളാണ് ഇന്നും ദിവ്യ ഫോളോ ചെയ്യുന്നത്. ഒരു സുഹൃത്തിനെ പോലെ എല്ലാ സ്വാതന്ത്ര്യവും നല്‍കിയാണ് അച്ഛന്‍ മക്കളെ മൂന്നുപേരെയും വളര്‍ത്തിയത് എന്നാണ് അച്ഛനെ കുറിച്ച് ദിവ്യ പറഞ്ഞിട്ടുള്ളത്.
ഒന്നിനും നോ എന്ന് പറയാത്ത ആളായിരുന്നു അച്ഛൻ. അറിയില്ല, എന്നെ കൊണ്ട് പറ്റില്ല എന്ന വാക്ക് അച്ഛന്റെ നിഘണ്ടുവിൽ തന്നെയില്ല. അതു തന്നെ ഞങ്ങൾ മക്കളും ഫോളോ ചെയ്യുന്നതെന്ന് ദിവ്യ പറഞ്ഞിട്ടുണ്ട്. താരത്തിന്റെ അച്ഛന്‍ മരിച്ചിട്ട് വര്‍ഷങ്ങളായി. അതിന് ശേഷം കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത് ദിവ്യയാണ്. സഹോദരനെ പഠിപ്പിച്ചു, ചേച്ചിയുടെ ജീവിതവും അമ്മയുടെ ജീവിതവും സുരക്ഷിതമാക്കി. ചേച്ചി പ്രിയദർശനി ഇന്ന് തമിഴ് സീരിയൽ രംഗത്തെ അറിയപ്പെടുന്ന നടിയാണ്. അനിയൻ പൈലറ്റും.
ഇതിനു ശേഷമായിരുന്നു ദിവ്യയുടെ വിവാഹം. സുഹൃത്തും സഹ സംവിധായകനുമായ ശ്രീകാന്ത് രവിചന്ദ്രനെയാണ് ഡിഡി വിവാഹം ചെയ്തത്. ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2014ലാണ് ഇരുവരും വിവാഹിതരായത്. വലിയ ആർഭാടമായി നടന്ന വിവാഹത്തിൽ തമിഴ് സിനിമാ, സീരിയൽ ലോകം ഒന്നടങ്കം പങ്കെടുത്തിരുന്നു. എന്നാൽ ഇവരുടെ ബന്ധം അധികം നാൾ മുന്നോട്ട് പോയില്ല. ഏതാനും മാസങ്ങൾക്കുള്ളിൽ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുകയും രണ്ടുപേരും ബന്ധം വേർപ്പെടുത്താൻ തീരുമാനിക്കുകയുമായിരുന്നു. 2017ൽ ഇരുവരും നിയമപരമായി വിവാഹമോചനം നേടി.

വിവാഹമോചനം നേടുന്നതിന് ഏറെ നാൾ മുൻപ് തന്നെ ഇരുവരും താമസം രണ്ടിടത്താക്കിയിരുന്നു. വിവാഹമോചനത്തിലേക്ക് നയിച്ചത് എന്താണെന്ന് തുറന്നു പറയാൻ ഇരുവരും തയ്യാറായിട്ടില്ല. ഇത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. അത് സംബന്ധിച്ച് പ്രതികരിക്കാനും ഇരുവരും തയ്യാറായിട്ടില്ല. എന്നാൽ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ വിവാഹത്തിൽ പരാജയപ്പെട്ട ആളാണ് താനെന്ന് ദിവ്യ പറഞ്ഞിരുന്നു.
വിവാഹം എന്നത് ജീവിതത്തിലെ ഒരു മൈല്‍സ്റ്റോണ്‍ ഒന്നുമല്ല. അത് ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല എന്നുമില്ല. വേണ്ടവർക്ക് വിവാഹം കഴിക്കാം. പറ്റാത്തവര്‍ക്ക് അത് വിട്ടിട്ട് വരാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. വിവാഹം ഒന്നിന്റെയും അവസാനമല്ല, തുടക്കവുമല്ല. ജീവിതത്തിലെ ഏറ്റവും വലിയ നേട്ടവുമല്ല. അതിൽ തോറ്റുപോയ ആളാണ് ഞാൻ എന്നായിരുന്നു ദിവ്യദർശിനിയുടെ വാക്കുകൾ.


Click it and Unblock the Notifications