എന്റെ ജീവിതവും കരിയറും തകര്‍ത്തത് ഗൗണ്ടമണി, കാരണം...; നടനെതിരെ വെളിപ്പെടുത്തലുമായി ഷര്‍മിലി
തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമായിരുന്നു ഷര്‍മിലി. മികച്ചൊരു നര്‍ത്തകിയായ ഷര്‍മിലി നിരവധി ഹിറ്റ് ഡാന്‍സ് നമ്പറുകളിലും അഭിനയിച്ചിട്ടുണ്ട്. അഭിമന്യു എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം രാമായണക്കാറ്റേ എന്ന പാട്ടില്‍ നൃത്തം ചെയ്താണ് ഷര്‍മിലി മലയാളികളുടെ മനസില്‍ ഇടം നേടുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ച് കയ്യടി നേടാന്‍ ഷര്‍മിലിയ്ക്ക് സാധിച്ചു. തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം ഷര്‍മിലി അഭിനയിച്ചിട്ടുണ്ട്.
ഒരുകാലത്ത് തമിഴിലെ സൂപ്പര്‍ ഹിറ്റ് കോമ്പോ ആയിരുന്നു ഷര്‍മിലിയും ഗൗണ്ടമണിയും. ഇരുവരും ഒരുമിച്ച് 27 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് എന്ന് പറയുമ്പോള്‍ ആ കോമ്പോയ്ക്ക് ഉണ്ടായിരുന്ന സ്വാധീനം വ്യക്തമാണ്. അന്നത്തെ കാലത്ത് നായകന്റെ ട്രാക്കിനെപ്പം തന്നെ പാരലലായി ഗൗണ്ടമണിയുടേയും ഷര്‍മിലിയുടേയും സെന്തിലിന്റേയും ട്രാക്കും സഞ്ചരിക്കുന്ന തരത്തിലായിരുന്നു സിനിമകള്‍ ഒരുക്കിയിരുന്നത്.

എന്നാല്‍ ഇന്ന് സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ് ഷര്‍മിലി. വിവാഹം കഴിച്ച് ഭര്‍ത്താവിനൊപ്പം സന്തോഷത്തോടെ കഴിയുകയാണ് ഷര്‍മിലി ഇപ്പോള്‍. ഭര്‍ത്താവ് തന്നെ നന്നായി നോക്കുണ്ടെന്ന് താരം പറയുന്നു. ഒരുകാലത്ത് താന്‍ വിവാഹം കഴിക്കുന്നത് തന്നെ ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍ താനിന്ന് വിവാഹിതയാണ്. 40-ാമത്തെ വയസില്‍ വിവാഹിതയായ താന്‍ ഇപ്പോള്‍ അമ്മായാകാന്‍ തയ്യാറെടുക്കുകയാണെന്നും ഷര്‍മിലി പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷര്‍മിലി മനസ് തുറന്നത്.
അതേസമയം തന്നെ താരമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഗൗണ്ടമണി തന്നെയാണ് തന്നെ തകര്‍ത്തതെന്നുമാണ് ഷര്‍മിലി പറയുന്നത്. സിനിമയില്‍ നര്‍ത്തകിയായിരിക്കെയാണ് തന്നെ തേടി ഗൗണ്ടമണിയ്‌ക്കൊപ്പം അഭിനയിക്കാനുള്ള അവസരമെത്തുന്നത്. തനിക്ക് കോമഡി വശമില്ല. ഗൗണ്ടിമണിയുടെ പ്രായമെന്ത്, തന്റെ പ്രായമെന്ത് എന്നൊന്നും അന്ന് ചോദിക്കാനുമായില്ലെന്നും താരം പറയുന്നു.
27 സിനിമകളിലധികം ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. ഗൗണ്ടമണിയ്‌ക്കൊപ്പം അഭിനയിച്ചതിനാലാണ് ഞാന്‍ പ്രശസ്തയായത് എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. പക്ഷെ അദ്ദേഹത്തിനൊപ്പം അഭിനയിച്ചതു കൊണ്ട് തന്നെ ഒരുപാട് നല്ല സിനിമകളില്‍ അഭിനയിക്കാനുള്ള അവസരവും തനിക്ക് നഷ്ടമായെന്നാണ് ഷര്‍മിലി പറയുന്നത്. അദ്ദേഹം തന്നെ പല സിനിമകളില്‍ നിന്നും ഒഴിവാക്കിയിരുന്നുവെന്നും ഷര്‍മിലി വെളിപ്പെടുത്തുന്നു.
രജനീകാന്തിനൊപ്പം വീര എന്ന ചിത്രത്തിലൊരു നൃത്ത രംഗം ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഷര്‍മിലിയ്ക്ക് ഡേറ്റില്ലെന്നും തന്റെ കൂടെ അഭിനയിക്കുകയാണെന്നും ഗൗണ്ടമണി അവരോട് പറഞ്ഞു. ഇതോടെ മറ്റ് സിനിമകളില്‍ ഡേറ്റ് കൊടുക്കണമെങ്കില്‍ ഗൗണ്ടമണിയോട് ചോദിക്കേണ്ട അവസ്ഥയായി. ഒരു ഘട്ടത്തില്‍ താന്‍ ഷര്‍മിലി ഗൗണ്ടമണിയുടെ കൂടെ മാത്രമേ അഭിനയിക്കുകയുള്ളൂവെന്ന് വരെ ചില മാസികകള്‍ എഴുതിയെന്നും താരം പറയുന്നു.

ഇതോടെ താന്‍ ഗൗണ്ടമണിയുടെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞുവെന്നാണ് ഷര്‍മിലി വെളിപ്പെടുത്തുന്നത്. മാത്രവുമല്ല ഈ പ്രശ്‌നങ്ങള്‍ മൂലം ഗൗണ്ടമണി തന്നെ പല സിനിമകളില്‍ നിന്നും ഒഴിവാക്കിയെന്നും താരം പറയുന്നു. തന്റെ കരിയറും ജീവിതവും തകര്‍ത്തത് ഗൗണ്ടമണിയാണെന്നാണ് ഷര്‍മിലി പറയുന്നത്. എന്നാല്‍ എന്തിനാണ് അദ്ദേഹം അങ്ങനൊക്കെ ചെയ്തതെന്ന് പോലും തനിക്കറിയില്ലെന്നും താരം പറയുന്നു. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
ഇപ്പോള്‍ അമ്മയാകാനുള്ള ഒരുക്കത്തിലാണ് ഷര്‍മിലി. നാല് മാസം ഗര്‍ഭിണിയാണ് താരം. കുഞ്ഞിന്റെ ജനന ശേഷം അഭിനയത്തിലേക്ക് ശക്തമായി തിരികെ വരാനിരിക്കുകയാണ് താരം. അടുത്ത വര്‍ഷം മുതല്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. ഇപ്പോള്‍ ഞാന്‍ നാല് മാസം ഗര്‍ഭിണിയാണ്. പലരും ഇത് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നുണ്ടാവും. ഈ പ്രായത്തില്‍ ഗര്‍ഭിണിയായാല്‍ എന്താണ് കുഴപ്പം? എന്നാണ് ഷര്‍മിലി ചോദിക്കുന്നത്.


Click it and Unblock the Notifications











