ഞാൻ ഐശ്വര്യയ്ക്ക് വേണ്ടി വിട്ടുകൊടുത്തതാണ് ആ കഥാപാത്രം; വെളിപ്പെടുത്തലുമായി രാധിക ശരത്കുമാർ!
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ 2. ആദ്യ ഭാഗത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും രണ്ടാം ഭാഗത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ടീസർ പ്രേക്ഷകർക്ക് കൂടുതൽ പ്രതീക്ഷ നൽകിയിട്ടുണ്ട്. തമിഴ് ഇതിഹാസ കാവ്യമായ പൊന്നിയിൻ സെൽവനെ അടിസ്ഥാനമാക്കി മണിരത്നം തയ്യാറാക്കിയ ചിത്രമാണിത്. വമ്പൻ ബജറ്റിൽ ഒരുക്കിയിട്ടുള്ള ഈ ബ്രഹ്മാണ്ഡ ചിത്രത്തിലെ താരനിര തെന്നിന്ത്യൻ സിനിമയിൽ ഇക്കാലത്ത് കാണാവുന്ന ഏറ്റവും മികച്ചതാണ്.
വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ്, പ്രഭു, റഹ്മാൻ, ശോഭിത, ഐശ്വര്യ ലക്ഷ്മി, ശരത്കുമാർ, പ്രഭു തുടങ്ങി, ഇന്ത്യൻ സിനിമ തന്നെ ഇതുവരെ കാണാത്ത മുൻനിര താരങ്ങളുടെ ഒരു സമ്മേളനം കൂടിയാണ് ചിത്രം. എആർ റഹ്‌മാന്റെ പശ്ചാത്തല സംഗീതവും, രവിവർമ്മന്റെ വിസ്മയ ദൃശ്യങ്ങളും എല്ലാം ഈ ബ്രഹ്‍മാണ്ഡ ചിത്രത്തിന്റ പ്രധാന ഘടകങ്ങളാണ്. എന്നാൽ ഇതിനേക്കാൾ ഏറെ മണിരത്‌നം എന്ന മാസ്റ്റർ ക്രാഫ്റ്റ്മാന്റെ കഴിവ് വിളിച്ചോതുന്ന സിനിമ കൂടിയാണിത്.

അടുത്തിടെയാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും മറ്റും നടന്നത്. വമ്പൻ താരനിരയാണ് ചടങ്ങിന് എത്തിയത്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലേക്ക് ഒക്കെ താരങ്ങൾ കടന്നു കഴിഞ്ഞു. അതിനിടെ സംവിധായകൻ മണിരത്നത്തെ കുറിച്ച് നടി രാധിക ശരത്കുമാർ നടത്തിയ ചില പരാമർശങ്ങൾ വൈറലായി മാറുകയാണ്.
മണിരത്നത്തിന്റെ രണ്ടാമത്തെ ചിത്രത്തിൽ തന്നെ ഒരു ഭരതനാട്യം കലാകാരിയായി ചിത്രീകരിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു എന്നും, ഷൂട്ടിങ് സമയത്തു മാത്രമല്ല ഇപ്പോഴും അക്കാര്യം ഓർത്ത് മണി കരയാറുണ്ട് എന്നുമാണ് രാധിക പറഞ്ഞത്. എന്തിനാണ് ഇത്രയും വലിയ സാഹസം എന്ന് ഷൂട്ടിംഗ് സമയത്ത് താൻ ചോദിച്ചിരുന്നെന്നും, എന്നാൽ അതൊന്നും പ്രശ്നമല്ല എന്ന് പറഞ്ഞ് മണിരത്‌നം വിഷയം മാറ്റുകയായിരുന്നു എന്നും രാധിക ഓർത്തു.
മണിരത്നത്തിന്റെ എല്ലാ സിനിമയിലും താൻ ഉണ്ടാകണം എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട് എന്നും രാധിക പറയുന്നുണ്ട്. രാവണൻ എന്ന ചിത്രത്തിലെ നായികാ വേഷം ഐശ്വര്യയെക്കാൾ തനിക്കാണ് ചേരുന്നതെന്ന് മണിരത്നത്തോട് പറഞ്ഞപ്പോൾ നിന്നെക്കാൾ ഐശ്വര്യയ്ക്ക് അവിടിവിടെയായി ഒന്ന് രണ്ടിഞ്ച് കുറവുണ്ട്. രാവണനിലെ നായികയ്ക്ക് അത്രയേ ആവശ്യമുള്ളൂ എന്നായിരുന്നു മണിരത്നത്തിന്റെ മറുപടിയെന്നും അതുകൊണ്ട് മാത്രമാണ് താൻ ആ വേഷം ഉപേക്ഷിച്ചതെന്നും രാധിക പറഞ്ഞു.

അതേ പോലെ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന്റെ കഥ ഭർത്താവ് ശരത് കുമാറിനോട് പറയുന്നതിന് മുൻപേ എന്നോട് പറയാൻ വന്നതായിരുന്നു, അതിലെ ഐശ്വര്യ ചെയ്ത നന്ദിനി എന്ന വേഷവും തനിക്ക് അർഹതപ്പെട്ടതായിരുന്നു എന്നും രാധിക പറഞ്ഞു. ഐശ്വര്യയ്ക്ക് വേണ്ടി താൻ ആ വേഷം വിട്ടുകൊടുത്തതാണ് എന്നും രാധിക പറഞ്ഞു. മണിരത്നത്തെ വേദിയിൽ ഇരുത്തി കൊണ്ടായിരുന്നു രാധികയുടെ സദസ്സിനെ ആകെ പൊട്ടിച്ചിരിപ്പിച്ച പ്രസംഗം.
അതേസമയം, ഏപ്രില്‍ 28 നാണ് പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തുക. എ ആർ റഹ്മാൻ പാടി അഭിനയിച്ച ചിത്രത്തിന്റെ ആന്തം സോങ് ഇന്നലെ റിലീസ് ചെയ്തിരുന്നു. രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ കാത്തിരിക്കെ ചിത്രത്തെ കുറിച്ച് കൂടുതൽ അപ്‌ഡേറ്റുകൾ പുറത്തു വരുന്നുണ്ട്.
പൊന്നിയിന്‍ സെല്‍വന്‍ 2 4ഡിഎക്സിലും റിലീസ് ചെയ്യും എന്നതാണ് പുതിയൊരു അപ്ഡേറ്റ്. രണ്ടാം ഭാഗം തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ എല്ലാം റിലീസ് ചെയ്യുന്നുണ്ട്.


Click it and Unblock the Notifications