ആമിര്‍ഖാന്റെ ലാല്‍സിങ് ഛദ്ദയില്‍ നിന്നും പിന്മാറി വിജയ് സേതുപതി, കാരണം പുറത്ത്
മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ പുതിയ സിനിമകള്‍ക്കായി ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. തമിഴിനൊപ്പം മറ്റു ഭാഷകളിലും സിനിമകളുമായി എത്താറുളള താരമാണ് നടന്‍. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ വിവിധ ഭാഷകളിലായി വിജയ് സേതുപതി തിളങ്ങി. എറ്റവുമൊടുവിലായി പുറത്തിറങ്ങിയ മാസ്റ്ററും നടന്റെതായി പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദളപതി വിജയ്‌ക്കൊപ്പം മല്‍സരിച്ചുളള അഭിനയപ്രകടനമാണ് സേതുപതി കാഴ്ചവെച്ചത്.

അതേസമയം മാസ്റ്ററിന് പിന്നാലെ മക്കള്‍സെല്‍വന്‍റെ ആദ്യ ബോളിവുഡ് ചിത്രത്തിനായും വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരുന്നത്. ആമിര്‍ ഖാന്‍ നായകനാവുന്ന ലാല്‍സിംഗ് ഛദ്ദ എന്ന ചിത്രത്തില്‍ വിജയ് സേതുപതിയും പ്രധാന വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ടോം ഹാങ്ക്‌സിന്റെ ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ ഔദ്യോഗിക റീമേക്ക് കൂടിയാണ് ആമിര്‍ ഖാന്റെ ലാല്‍സിംഗ് ഛദ്ദ. നിലവില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വിദേശ രാജ്യങ്ങളടക്കം ആമിര്‍ ഖാന്‍ ചിത്രത്തിന്‌റെ പ്രധാന ലൊക്കേഷനുകളാണ്.
ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍
അതേസമയം ലാല്‍സിംഗ് ഛദ്ദയില്‍ നിന്ന് വിജയ് സേതുപതി പിന്മാറിയതായി പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നടന് ശരീരഭാരം കൂടിയതാണ് പിന്മാറ്റത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രീകരണ സമയത്ത് വിജയ് സേതുപതിക്ക് തടി കുറക്കാനാകാത്തത് ആമിര്‍ഖാന്‍ ഉള്‍പ്പെടെയുളള അണിയറ പ്രവര്‍ത്തകരെ നിരാശരാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെ ഉറ്റുനോക്കുന്ന ചിത്രം കൂടിയാണ് ലാല്‍സിംഗ് ഛദ്ദ. അദ്വൈത് ചന്ദന്‍ ആണ് ആമിര്‍ ഖാന്‍ ചിത്രം സംവിധാനം ചെയ്യുന്നത്.
ലാല്‍ സിംഗ് ഛദ്ദയില്‍ കാര്‍ത്തിക്ക് രാജശേഖര്‍ എന്ന കഥാപാത്രത്തിനായാണ് വിജയ് സേതുപതിയെ പരിഗണിച്ചിരുന്നത്. കരീന കപൂറാണ് ലാല്‍സിംഗ് ഛദ്ദയില്‍ ആമിര്‍ ഖാന്റെ നായികാ വേഷത്തില്‍ എത്തുന്നത്. മോന സിംഗ്, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളാണ്. സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ചിത്രത്തില്‍ അതിഥി താരങ്ങളായി ഏത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications