എന്താണ് നമ്മളുടെ ചരിത്രം? മുഗളന്മാരും നമ്മളുടെ ചരിത്രമാണ്; വീണ്ടും മാധ്യമ പ്രവര്‍ത്തകനെ പൊരിച്ച് ശോഭിത
കാത്തിരിപ്പിനൊടുവില്‍ മണിരത്‌നം ഒരുക്കിയ പൊന്നിയന്‍ സെല്‍വന്‍ 1 തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. വന്‍ താരനിര തന്നെ അണിനിരക്കുന്ന സിനിമ മികച്ച പ്രതികരണങ്ങളുമായി മിന്നും വിജയമായി മാറിയിരിക്കുകയാണ്. ചോള രാജവംശത്തെ ആസ്പദമാക്കി കല്‍ക്കി എഴുതിയ പൊന്നിയന്‍ സെല്‍വന്‍ എന്ന പുസ്തകത്തിന്റെ സിനിമാവിഷ്‌കാരമാണ് മണിരത്‌നം ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളെല്ലാം തന്നെ താരസമ്പന്നമായിരുന്നു. വിക്രം, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ, ജയം രവി തുടങ്ങിയ താരങ്ങള്‍ പ്രൊമോഷന്‍ പരിപാടികളെ ആവേശഭരിതമാക്കി മാറ്റുകയായിരുന്നു. ഇതിനിടെ ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു താരമായ ശോഭിത ധൂലിപാല ഒരു മാധ്യമ പ്രവര്‍ത്തകനോട് ചരിത്രത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്.

ചരിത്രത്തെക്കുറിച്ച് പറയുന്ന സിനിമയെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ പരാമര്‍ശത്തെ ചോദ്യം ചെയ്ത് എത്തുകയായിരുന്നു ശോഭിത ധൂലിപാല. പ്രൊമോഷന്‍ പരിപാടിയ്ക്കിടെ ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ജയം രവിയോട് മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യത്തെയായിരുന്നു ശോഭിത തിരുത്തിയത്. വിശദമായി വായിക്കാം തുടര്‍ന്ന്.
''പൊന്നിയിന്‍ സെല്‍വന്‍ തീയേറ്ററിലേത്ത് എത്തിയിരിക്കുകയാണ്. ഞാന്‍ ആലോചിക്കുകയായിരുന്നു നമ്മള്‍ എത്ര കാലത്തിന് ശേഷമാണ് നമ്മളുടെ ചരിത്രത്തെക്കുറിച്ച് സംസാരിക്കുന്നത്. നമ്മളുടെ സിനിമയില്‍ മുഗളന്മാരുടേയും ബ്രിട്ടീഷുകാരുടേയും കഥകള്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇപ്പോഴിതാ നമ്മളുടെ ചരിത്രം സിനിമയാവുകയാണ്'' എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ പരാമര്‍ശം. പിന്നാലെ ജയം രവി മറുപടി നല്‍കുകയും ചെയ്തു.

ഇതിനിടെ ശോഭിത ചരിത്രത്തെക്കുറിച്ച് പറഞ്ഞതു കൊണ്ട് ഞാന്‍ ഇടപെടുകയാണെന്ന് പറഞ്ഞു കൊണ്ട് മറുപടിയുമായി എത്തുകയായിരുന്നു. ''നിങ്ങള്‍ എന്താണ് നമ്മളുടെ ചരിത്രം എന്നത് കൊണ്ട് ഉദ്ദേശിച്ചത്? ഇന്ത്യയിലെ ബ്രീട്ടീഷ് സാന്നിധ്യം നമ്മളുടെ ചരിത്രമാണ്. അതിനെല്ലാം ഒരുപാട് മുമ്പുണ്ടായിരുന്ന ചോളന്മാരും പല്ലവന്മാരുമെല്ലാം നമ്മളുടെ ചരിത്രത്തിന്റെ ഭാഗമാണ്. മുഗളന്മാരും നമ്മളുടെ ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ത്യയില്‍ പലപ്പോഴായി വിദേശ ഭരണമോ അധികാര മാറ്റങ്ങളുമൊക്കെയുണ്ടായിട്ടുണ്ട്. അതിനാല്‍ നമ്മളുടേത് എന്നും നമ്മളുടേതല്ലാത്തത് എന്നുമൊക്കെ ചരിത്രത്തെ വേര്‍തിരിക്കുക ബുദ്ധിമുട്ടാണ്'' എന്നായിരുന്നു ശോഭിതയുടെ വാക്കുകള്‍.

ഇന്ത്യന്‍ ചരിത്രത്തില്‍ ഒരുപാട് കഥകളുണ്ടെന്നും അതെല്ലാം ചര്‍ച്ചയാകേണ്ടതാണെന്നും ശോഭിത വ്യക്തമാക്കി. ''ചോളന്മാരുടെ അധികാര കാലത്ത് ഇന്തോനേഷ്യയും നമ്മളുടെ ഭാഗമായിട്ടായിരുന്നു കരുതിയിരുന്നത്. പക്ഷെ ഇന്ന് അത് വേറൊരു രാജ്യമാണ്. അതിര്‍ത്തിയെന്നത് അവ്യക്തമാണ്. അനശ്വരമെന്ന് ചരിത്രം പഠിപ്പിച്ച കഥകളൊക്കെ തന്നെയും മുന്നോട്ട് കൊണ്ടു വരികയും ആഘോഷിക്കപ്പെടുകയും ചെയ്യണം. ഇത് അത്തരത്തിലുള്ളൊരു കഥയാണ്'' എന്നും ശോഭിത പറയുന്നുണ്ട്.
ഇതാദ്യമായിട്ടല്ല ശോഭിത മാധ്യമ പ്രവര്‍ത്തകരെ തിരുത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിലെ നായിക ശോഭിതയായിരുന്നു. ഈ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ ദുല്‍ഖറാണോ നിവിന്‍ പോളിയാണോ കൂടുതല്‍ കെയറിംഗ് എന്ന മലയാള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ശോഭിത നല്‍കിയ മറുപടി കയ്യടി നേടിയിരുന്നു. തനിക്ക് തന്നെ നോക്കാന്‍ അറിയാമെന്നായിരുന്നു അന്ന് ശോഭിത നല്‍കിയ മറുപടി. ഇതിന് സോഷ്യല്‍ മീഡിയ കയ്യടിച്ചിരുന്നു.

മൂത്തോനിലെ നായികയായിട്ടാണ് ശോഭിത മലയാളത്തിലെത്തുന്നത്. പിന്നീട് കുറുപ്പിലൂടേയും ആരാധകരെ നേടി. മാധ്യമ പ്രവര്‍ത്തകനെ ചരിത്രം പഠിപ്പിക്കുന്ന ശോഭിതയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. തന്നോടല്ല ചോദ്യം എന്നിരിക്കുമ്പോഴും ചോദ്യത്തിന് പിന്നിലെ ലക്ഷ്യം മനസിലാക്കി ശോഭിത മറുപടി നല്‍കിയതിനെ സോഷ്യല്‍ മീഡിയ അഭിനന്ദിക്കുകയാണ്.


Click it and Unblock the Notifications