'സിനിമയിൽ എനിക്ക് കിടന്നും സമ്പാദിക്കാം...', ആ സംഭവം വല്ലാതെ വേദനിപ്പിച്ചു; മനസുതുറന്ന് നടി സോന ഹെയ്ഡൻ
ഗ്ലാമർ വേഷങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിൽ തിളങ്ങിയിട്ടുള്ള നടിയാണ് സോന ഹെയ്ഡൻ. തമിഴ്, തെലുങ്ക് ഭാഷകളിൽ സജീവമായിരുന്ന സോന മലയാളത്തിലും ഒരുപിടി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മോഡലിങ് രംഗത്തു നിന്നാണ് സോന സിനിമയിലേക്ക് എത്തുന്നത്. 2002 ലെ മിസ് സൗത്ത് ഇന്ത്യയായ സോന തമിഴ് സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. മലയാളത്തിൽ രൗദ്രം ആയിരുന്നു ആദ്യ ചിത്രം. ഇന്ന് അഭിനേത്രി എന്നതിനുപുറമെ നിർമാതാവും സംരഭകയുമൊക്കെയാണ് താരം.
വസ്ത്ര വ്യാപാര രംഗത്ത് സജീവമായ സോന, 2010 ലെ മികച്ച സംരഭകയ്ക്കുള്ള അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ സംരംഭക എന്ന നിലയിൽ സ്വന്തമാക്കിയിട്ടുണ്ട്. ബിസിനസിനൊപ്പം അഭിനയവും മുന്നോട്ട് കൊണ്ടുപോകുന്ന താരം, സിനിമയ്ക്ക് പുറമെ സീരിയൽ രംഗത്തും തിളങ്ങി. കഴിഞ്ഞ 20 വർഷമായി സിനിമയിൽ സജീവമാണ് താരം. അതിനിടെ ജീവിതത്തിലും കാരിയാറിലുമെല്ലാം ഒരുപാട് ഉയർച്ച താഴ്ചകളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട്. ചില മോശം അനുഭവങ്ങളും താരത്തിനുണ്ടായി.

ഇപ്പോഴിതാ അതേക്കുറിച്ചെല്ലാം മനസുതുറന്നിരിക്കുകയാണ് സോന ഹെയ്ഡൻ. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് സിനിമയിൽ എത്തിയ ശേഷം തനിക്ക് ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രശ്നങ്ങളെ കുറിച്ച് സോന മനസുതുറന്നത്. പ്രണയ തകർച്ചയെ പറ്റിയും ഒരു മാസിക തന്റെ ചിത്രം മോശം രീതിയിൽ പ്രസിദ്ധീകരിച്ചതിനെ കുറിച്ചും നടി സംസാരിക്കുന്നുണ്ട്.
'നാല് വർഷം മുൻപാണ് എനിക്ക് എല്ലാം നഷ്ടമായത്, എന്റെ പ്രണയം തകർന്നു. ഞാൻ ആ ബന്ധത്തിൽ സന്തോഷവതി ആയിരുന്നില്ല. അദ്ദേഹം സന്തോഷവാനായിരുന്നില്ല. സിനിമ മേഖലയുടെ ഒരു ശാപമാണ് അത്. ഗ്ലാമർ ആർട്ടിസ്റ്റിന് പ്രണയബന്ധം പറഞ്ഞിട്ടില്ല. പക്ഷേ ഞാനിപ്പോൾ സന്തോഷവതിയാണ്. എന്റെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ മാറിയിട്ടുണ്ട്', സോന പറയുന്നു.
'പക്ഷേ ഒരു ജീവിത പങ്കാളി വേണമെന്ന് ആഗ്രഹിക്കുന്നതിനാൽ പ്രണയിക്കണമെന്ന് കരുതുന്നുണ്ട്. ഒരു നല്ല പങ്കാളിക്കായി ഞാൻ കൊതിക്കുന്നു. ആരും കൂടെയില്ലാതെ വീട്ടിൽ കിടന്നു മരിച്ചാൽ രണ്ടു ദിവസം കഴിഞ്ഞായിരിക്കും ആരെങ്കിലും അറിയുക. അങ്ങനൊരു സാഹചര്യം ഒഴിവാക്കാൻ ഒരു ജീവിത പങ്കാളി ഉണ്ടായിരിക്കുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു. ഞാൻ ഒരു ചെറിയ സൈക്കോ ആണ്. രണ്ടുപേരും സന്തുഷ്ടരായിരിക്കുന്നതാണ് പ്രണയം. എന്റെ സിനിമാ ജീവിതത്തിലും അതിനായി ഞാൻ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്', സോന ഹെയ്ഡൻ വ്യക്തമാക്കി.

പിന്നീടാണ് ഒരു വലിയ മാസികയുടെ പത്രാധിപരിൽ നിന്ന് തനിക്കുണ്ടായ മോശം അനുഭവം സോന പങ്കുവച്ചത്. 'ഒരു ജനപ്രിയ മാസികയുണ്ട്. അതിൽ നമ്മുടെ ചിത്രങ്ങൾ വന്നാൽ അതിലും വലുതായി ഒന്നുമില്ല. അവർ എനിക്കായി ഒരു ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. അവർ അത് പ്രസിദ്ധീകരിക്കുമ്പോൾ ഞാൻ മലേഷ്യയിലാണ്. ഇവിടെ നിന്ന് അത് മലേഷ്യയിൽ എത്താൻ രണ്ടു ദിവസം സമയമെടുക്കും. അതിലെ ചിത്രങ്ങൾ പുറത്തു വന്നതോടെ ഒന്നിന് പുറകെ ഒന്നായി കോളുകൾ വന്നു തുടങ്ങി',
'അത് കാണാനുള്ള അതിയായ താൽപര്യം കൊണ്ട് വേഗം ഇന്ത്യയിലേക്ക് വന്നു. അതിൽ ഞാൻ കിടക്കുന്ന ഒരു ചിത്രം നൽകിയിട്ട്, സിനിമയിൽ എനിക്ക് കിടന്നും സമ്പാദിക്കാം എന്ന അടിക്കുറിപ്പാണ് അവർ നൽകിയത്. ഇതിനുശേഷം 6-7 വർഷത്തേക്ക് ഞാൻ ഫോട്ടോഷൂട്ടുകൾ ചെയ്തില്ല. ആ സംഭവം എന്നെ വല്ലാതെ വേദനിപ്പിച്ചു', സോന ഹെയ്ഡൻ പറഞ്ഞു.


Click it and Unblock the Notifications