എന്നേക്കാള്‍ മൂന്ന് ഇരട്ടിയായിരുന്നു ജ്യോതികയുടെ പ്രതിഫലം; മുംബൈയിലേക്ക് താമസം മാറിയതിനെപ്പറ്റിയും സൂര്യ
തെന്നിന്ത്യന്‍ സിനിമയിലെ ജനപ്രീയ ജോഡിയാണ് സൂര്യയും ജ്യോതികയും. ഓണ്‍ സ്‌ക്രീനിലെ ഹിറ്റ് ജോഡി ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. ആരാധകര്‍ക്ക് ഇന്ന് മാതൃകയും പ്രചോദനവുമാണ് സൂര്യയും ജ്യോതികയും. പരസ്പര സ്‌നേഹത്തിലും ബഹുമാനത്തിലുമെല്ലാം ആരാധകര്‍ക്ക് മാതൃകയാണ് ഇരുവരും. സൂര്യയുടേയും ജ്യോതികയുടേയും പ്രണയത്തെക്കുറിച്ച് എപ്പോഴും ആരാധകര്‍ സംസാരിക്കാറുണ്ട്.
ഇപ്പോഴിതാ താനും ജ്യോതികയും കണ്ടുമുട്ടിയതിനെക്കുറിച്ച് സംസാരിക്കുകയാണ് സൂര്യ. മാഷബിള്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സൂര്യ മനസ് തുറക്കുന്നത്. താനും ജ്യോതികയും ആദ്യമായി കാണുമ്പോള്‍ രണ്ടു പേരും തുടക്കക്കാര്‍ ആയിരുന്നു. എന്നാല്‍ തന്നേക്കാള്‍ മുമ്പു തന്നെ ജ്യോതിക വിജയത്തിലേക്ക് കുതിച്ചുവെന്നാണ് സൂര്യ പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''ജ്യോതികയുടെ ആദ്യത്തെ തമിഴ് സിനിമ എനിക്കൊപ്പമായിരുന്നു. ഹിന്ദിയില്‍ ഡോളി സജാ കേ രഘ്‌നയ്ക്ക് സേഷം അവര്‍ അഭിനയിച്ച രണ്ടാമത്തെ സിനിമയായിരുന്നു അത്. അതിന് ശേഷം ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. പരസ്പര ബഹുമാനുണ്ടായിരുന്നു ഞങ്ങള്‍ക്കിടയില്‍. എനിക്ക് തമിഴ് അറിയാം. നടന്റെ മകനുമാണ്. എന്നിട്ടും എനിക്ക് ഡയലോഗ് മറന്നു പോകുമായിരുന്നു. എനിക്ക് അഭിനയിക്കാനും അറിയില്ല. അത് എന്റെ മൂന്നാമത്തേയോ നാലാമത്തേയോ സിനിമയുമായിരുന്നു. അവളുടെ വര്‍ക്ക് എത്തിക്‌സിനോട് എനിക്ക് അതിയായ ബഹുമാനമായിരുന്നു. അവള്‍ക്ക് എന്നേക്കാള്‍ നന്നായി ഡയലോഗ് അറിയാമായിരുന്നു. നേരത്തെ തന്നെ എല്ലാം കാണാപാഠം പഠിക്കുമായിരുന്നു. സത്യസന്ധയായിരുന്നു'' എന്നാണ് സൂര്യ പറയുന്നത്.
''അവള്‍ വിജയത്തിലേക്ക് കുതിച്ചുയര്‍ന്നപ്പോള്‍ എനിക്ക് അഞ്ച് വര്‍ഷമെടുത്തു നിലയുറപ്പിക്കാന്‍. നായകന്‍ എന്ന് സ്വയം വിളിക്കാനും സ്വന്തമായൊരു മാര്‍ക്കറ്റ് ഉണ്ടാക്കിയെടുക്കാനും സമയമെടുത്തു. കാക്കാ കാക്കായില്‍ അവളുടെ പ്രതിഫലം എന്നേക്കാള്‍ മൂന്ന് മടങ്ങുണ്ടായിരുന്നു. അപ്പോഴാണ് ജീവിതത്തില്‍ എവിടെയാണ് ഞാനെന്ന് തിരിച്ചറിയുന്നത്. എന്റെ ജീവിതത്തിലേക്ക് കടന്നു വരാന്‍ അവള്‍ തയ്യാറായിരുന്നു. അവളുടെ മാതിപിതാക്കളും അംഗീകരിച്ചു. അവള്‍ സമ്പാദിക്കുന്നത് എന്താണെന്നും ഞാന്‍ സമ്പാദിക്കുന്നത് എന്താണെന്നും ഞാന്‍ തിരിച്ചറിഞ്ഞു''.
അതോടെ താന്‍ കഠിനാധ്വാനം ചെയ്യാന്‍ തീരുമാനിച്ചുവെന്നും അവള്‍ക്കൊപ്പം എത്താനുള്ള ശ്രമമായിരുന്നുവെന്നും താരം പറയുന്നു. ഈയ്യടുത്തായിരുന്നു ജ്യോതിക ചെന്നൈയില്‍ നിന്നും മുംബൈയിലേക്ക് താമസം മാറിയത്. ഇതിനെക്കുറിച്ചും സൂര്യ സംസാരിക്കുന്നുണ്ട്. മുംബൈ ജ്യോതികയുടെ നാടാണെന്നാണ് സൂര്യ പറയുന്നത്. ജ്യോതികയുടെ വീടും കുടുംബവുമെല്ലാമുള്ളത് മുംബൈയിലാണ്. 27 വര്‍ഷമായി തനിക്കൊപ്പം ചെന്നൈയിലാണ് ജ്യോതിക ജീവിച്ചത്. ഇനി അവളുടെ മാതാപിതാക്കളുടെ കൂടെ സമയം ചെലവിടണമെന്ന് പറയുന്നതില്‍ ശരിയുണ്ടെന്നും സൂര്യ പറയുന്നു.

താന്‍ മുംബൈയിലുള്ള കാര്യം പലര്‍ക്കും അറിയില്ലെന്നാണ് സൂര്യ പറയുന്നത്. മക്കളുടെ സ്‌കൂളില്‍ പോകുമ്പോള്‍ പലര്‍ക്കും തന്നെ മനസിലാകാറില്ല. ചെന്നൈയിലായിരുന്നുവെങ്കില്‍ എല്ലാവരും തിരിച്ചറിഞ്ഞേനെ. മുംബൈയില്‍ തനിക്ക് സ്വയം പരിചയപ്പെടുത്തേണ്ടി വരും. എന്നാല്‍ ആരും എന്ത് ചെയ്യുന്നു എന്ന് ചോദിക്കാറില്ല. അതിനാല്‍ സൂര്യ, ചെന്നൈയില്‍ നിന്നുമാണ് വരുന്നത് എന്ന് മാത്രമേ പറയേണ്ടി വരാറുള്ളൂവെന്നാണ് താരം പറയുന്നത്.
തന്റെ പുതിയ സിനിമയായ കങ്കുവയുടെ റിലീസിനായി കാത്തിരിക്കുകയാണ് സൂര്യ. ബോബി ഡിയോള്‍ ആണ് സിനിമയിലെ വില്ലന്‍. നവംബര്‍ 14 നാണ് സിനിമ തീയേറ്ററുകളിലേക്ക് എത്തുക.


Click it and Unblock the Notifications