'എല്ലാവരും ടെഡിബെയറിനെ പോലെയാണ് എന്നെ കണ്ടിരുന്നത്, 104 കിലോ ഭാരമുണ്ടായിരുന്നു; കുറയ്ക്കാൻ ചെയ്തത്!': കാർത്തി
തമിഴകത്തെ മിന്നും താരമാണ് നടൻ കാർത്തി. സിനിമ കുടുംബത്തിൽ നിന്നുള്ള കാർത്തി, മണിരത്‌നത്തിന്റെ സംവിധാന സഹായി ആയിട്ടാണ് സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് അച്ഛൻ ശിവകുമാറിന്റെയും ചേട്ടൻ സൂര്യയുടെയും പാതയിലൂടെ അഭിനയത്തിലേക്കും കടന്നുവരുകയായിരുന്നു. 2007 ൽ പുറത്തിറങ്ങിയ പരുത്തിവീരൻ എന്ന സിനിമയിലൂടെയാണ് കാർത്തി നായകനാകുന്നത്. ആദ്യ സിനിമയിലെ പ്രകടനം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.
അതിനു ശേഷം പയ്യ, നാൻ മഹാൻ അല്ല, ആയിരത്തിൽ ഒരുവൻ, മദ്രാസ് തുടങ്ങി ഒരുപിടി സിനിമകളിലൂടെ തമിഴ് സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തുകയായിരുന്നു താരം. വളരെ ശ്രദ്ധാപൂർവം സിനിമകൾ തിരഞ്ഞെടുക്കുന്ന കാർത്തി ഇതുവരെ 25-ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇവയിൽ മിക്കതും ബ്ലോക്ക്ബസ്റ്ററുകളാണ്. ഇന്ന് തമിഴകത്ത് മുൻനിര സംവിധായകരായി തിളങ്ങി നിൽക്കുന്ന ലോകേഷ് കനകരാജിനും എച്ച്. വിനോദിനും വഴിത്തിരിവായി മാറിയത് കാർത്തിയെ നായകനാക്കി ഒരുക്കിയ സിനിമകളായിരുന്നു.

അങ്ങനെ തമിഴ് സിനിമയിലെ മുൻനിര താരമായി വളർന്നു കൊണ്ടിരിക്കുകയാണ് കാർത്തി. ഏത് തരം വേഷങ്ങളും അനായാസം കൈകാര്യം ചെയ്യാൻ തനിക്ക് കഴിയുമെന്ന് കാർത്തി തെളിയിച്ചിട്ടുണ്ട്. അടുത്തിടെ ചേട്ടൻ സൂര്യയും വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാൻ കഴിവുള്ള ആളാണ് കാർത്തിയെന്ന് പറഞ്ഞിരുന്നു. കൈലി ഉടുക്കുന്നതും തണ്ണി അടിക്കുന്നതുമൊക്കെ എനിക്കൊരിക്കലും ചെയ്യാൻ സാധിക്കില്ല. അങ്ങനെ കഥ പറയാൻ വരുന്നവരോട് കാർത്തിയുടെ അടുത്തേക്ക് പൊയ്ക്കോളാനാണ് താൻ പറയാറുള്ളതെന്നായിരുന്നു സൂര്യ പറഞ്ഞത്.
കാർത്തിയുടെ ശരീര പ്രകൃതിയാണ് നടന്റെ ഓരോ കഥാപാത്രങ്ങളും മനോഹരമാക്കാൻ സഹായിക്കുന്ന ഒരു ഘടകം. എന്നാൽ സിനിമയിലേക്ക് വരുന്നതിനൊക്കെ മുൻപ് ഇങ്ങനെ ആയിരുന്നില്ല നടൻ ഇരുന്നിരുന്നത്. ഇപ്പോഴിതാ അതേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കാർത്തി. ഒരു ഘട്ടത്തിൽ തനിക്ക് 104 കിലോ ഭാരം ഉണ്ടായിരുന്നെന്നും അതുമൂലം ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ടെന്നുമാണ് നടൻ പറഞ്ഞത്.

"എനിക്ക് 104 കിലോ ഭാരമുള്ളപ്പോൾ എല്ലാവരും എന്നെ ഒരു ടെഡി നെയറിനെപ്പോലെയാണ് നോക്കിയിരുന്നത്. ഞാൻ വണ്ണം കുറയ്ക്കാൻ ഓടാൻ തുടങ്ങി. മറ്റുള്ളവരെപ്പോലെ എന്റെ ശരീരഭാരം എളുപ്പത്തിൽ കുറഞ്ഞില്ല. വ്യായാമം ചെയ്തിട്ട് ഉടൻ അതിന്റെ ഫലം ലഭിക്കാത്തതിനാൽ ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽലായി," കാർത്തി പറയുന്നു.
"അതിനുശേഷം ഞാൻ എന്റെ ഭക്ഷണശീലം മാറ്റി. ഞാൻ ഭക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. നമ്മുടെ ശരീരഭാരത്തിന്റെ 70 ശതമാനവും നാം കഴിക്കുന്ന ഭക്ഷണത്തിലൂടെയും ബാക്കി 30 ശതമാനം വ്യായാമത്തിലൂടെയും കുറയുന്നു. ഈ ധാരണയാണ് എന്നെ ക്രമേണ ശരീരഭാരം കുറയ്ക്കാൻ സഹായിച്ചത്," കാർത്തി പറഞ്ഞു.
അതേ സമയം ജപ്പാനാണ് കാർത്തിയുടെ പുതിയ ചിത്രം. രാജു മുരുകന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിൽ അനു ഇമ്മാനുവലാണ് നായികയായി എത്തുന്നത്. അനുവിന് പുറമെ മലയാളിയായ സനല്‍ അമനും വിനീഷ് ബംഗ്ലാനും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നവംബർ പത്തിന് തിയേറ്ററിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.


Click it and Unblock the Notifications











