മക്കളെ സാക്ഷിയാക്കി 70-ാം വയസ്സിൽ ഭാര്യയെ വീണ്ടും വിവാഹം ചെയ്ത് സെന്തിൽ?, വൈറലായി ചിത്രങ്ങൾ
തമിഴ് സിനിമയിലെ മികച്ച ഹാസ്യനടന്മാരിൽ ഒരാളാണ് സെന്തിൽ. മലയാളികൾക്ക് ഉൾപ്പടെ സുപരിചിതനാണ് താരം. മറ്റൊരു കോമഡി നടനായ ഗൗണ്ടമണിയ്‌ക്കൊപ്പമുള്ള സിനിമകളിലൂടെയാണ് സെന്തിൽ പ്രശസ്തനാവുന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ടായി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടൻ ശിവാജി ഗണേശൻ, രജനീകാന്ത്, കമൽഹാസൻ, വിജയകാന്ത്, കാർത്തിക്, പ്രഭു, സത്യരാജ്, വിജയ്, അജിത്, വിക്രം, സൂര്യ തുടങ്ങി തമിഴിലെ എല്ലാ മുൻനിര താരങ്ങൾക്കൊപ്പവുമുള്ള നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
തമിഴ് സിനിമകളിലൂടെയാണ് തിളങ്ങിയതെങ്കിലും മലയാളത്തിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. ഇത്തിക്കര പക്കി എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷം അവതരിപ്പിച്ച് സിനിമയിൽ സജീവമായ അദ്ദേഹം പിന്നീട് തമിഴിലെ മികച്ച കോമഡി താരമായി മാറുകയായിരുന്നു. ഇന്നും തമിഴ് സിനിമയിൽ സജീവമാണ് അദ്ദേഹം. യുവ താരങ്ങൾക്കൊപ്പമെല്ലാം നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

അതേസമയം, അദ്ദേഹത്തെ കുറിച്ചുള്ള ഒരു വാർത്തയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 70-ാം വയസ്സിൽ അദ്ദേഹം ഭാര്യയെ വീണ്ടും വിവാഹം കഴിച്ചു എന്ന രീതിയിലാണ് വാർത്തകളും ചിത്രങ്ങളും പ്രചരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഒക്കെ ഇതിന്റെ ചിത്രങ്ങൾ വൈറലാണ്. മാലയിട്ട് നിൽക്കുന്ന സെന്തിലിന് ഒപ്പം മക്കളെയും കൊച്ചു മക്കളെയും ചിത്രത്തിൽ കാണാം. എന്നാൽ അതിന്റെ സത്യാവസ്ഥ അതല്ലെന്നാണ് വിവരം.
1984 ലാണ് സെന്തിൽ ഭാര്യ കലൈ സെൽവിയെ വിവാഹം കഴിച്ചത്. മണികണ്ഠൻ പ്രഭു, ഹേമചന്ദ്ര പ്രഭു എന്നിങ്ങനെ രണ്ട് മക്കളാണ് സെന്തിലിന് ഉള്ളത്. ഇവരിലായി കൊച്ചുമക്കളും ഉണ്ട്. ഇവർക്കെല്ലാമൊപ്പമാണ് നടൻ ചിത്രങ്ങളിൽ ഉള്ളത്. അടുത്തിടെ മയിലാടുതുറൈ ജില്ലയിലെ തിരുക്കടയൂർ അഭിരാമി ക്ഷേത്രത്തിൽ മുഴുവൻ കുടുംബത്തോടൊപ്പം ദർശനം നടത്തിയിരുന്നു. അതിന്റേതാണ് ഈ ചിത്രങ്ങൾ. നടന്നത് വിവാഹമല്ല പകരം ഭീമരഥ ശാന്തി പൂജ എന്നൊരു പൂജ ആയിരുന്നു എന്നാണ് വിവരം.
സെന്തിൽ 70-ാം വയസ്സിലേക്ക് കടന്നതിന് പിന്നാലെയാണ് വിശ്വാസ പ്രകാരം പൂജ നടത്തിയത്. ദമ്പതിമാരിൽ പുരുഷന് പ്രായം 70 കഴിയുമ്പോൾ നടത്തുന്ന പൂജയാണിത് എന്നാണ് പറയുന്നത്. നല്ല ആരോഗ്യത്തിനും ദീർഘായുസിനും വേണ്ടി നടത്തുന്ന പ്രത്യേക പൂജയാണിത്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയമായാണ് ഇതിനെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഭാവിയിൽ വരാനിരിക്കുന്ന എല്ലാ തടസങ്ങളും മാറാൻ കൂടിയാണ് ഈ പ്രത്യേക പൂജ.

മക്കളോ ബന്ധുക്കളോ ആണ് അച്ഛനമ്മമാർക്കായി ഈ പൂജ നടത്തുക. അതുകൊണ്ടാണ് മക്കളെല്ലാം ചിത്രത്തിൽ ഉള്ളത്. 80-ാം വയസ്സിൽ ശതാഭിഷേകം, 90-ാം വയസ്സിൽ കനകാഭിഷേകം, 100-ാം വയസ്സിൽ പുരാണാഭിഷേകം, തുടങ്ങിയ പൂജകളും ദീർഘായുസ്സ് ലഭിക്കാനായി നടത്താറുണ്ട്.
അതേസമയം, പ്രായം 70 കഴിഞ്ഞെങ്കിലും സിനിമകളിൽ തിളങ്ങി നിൽക്കുകയാണ് അദ്ദേഹം. സൂപ്പർസ്റ്റാർ രജനികാന്ത്, വിക്രാന്ത്, വിഷ്ണു വിശാൽ, ജീവിത തുടങ്ങിയവർ അഭിനയിക്കുന്ന ഐശ്വര്യ രജനികാന്തിന്റെ ലാൽ സലാം എന്ന ചിത്രത്തിൽ അദ്ദേഹം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നാണ് വിവരം. കൂടാതെ, ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രമായ കരകാട്ടക്കാരൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടൻ തന്നെ ഉണ്ടാകുമെന്നും 35 വർഷത്തിന് ശേഷം സെന്തിൽ അതിൽ വീണ്ടും അഭിനയിക്കുമെന്നും പറയപ്പെടുന്നു.


Click it and Unblock the Notifications











