പലതവണ അഡ്ജസ്റ്മെന്റിന് നിർബന്ധിച്ചു, സമ്മതിക്കാതായപ്പോൾ ക്യാമറാമാന്റെ ക്രൂരത; ദുരനുഭവം പങ്കുവച്ച് നടി ധരണി
സിനിമാ മേഖലയുടെ നിറം കെടുത്തുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. നിരവധി താരങ്ങൾ അവർക്ക് നേരിടേണ്ടി വന്നിട്ടുള്ള അത്തരം ദുരനുഭവങ്ങൾ ഇതിനകം തുറന്നു പറഞ്ഞിട്ടുണ്ട്. ഭാഷ വ്യത്യാസമില്ലാതെ എല്ലാ ഇൻഡസ്ട്രികളിലും കാലാകാലങ്ങളായി കാസ്റ്റിംഗ് കൗച്ച് നിലനിൽക്കുന്നുണ്ട്. പുതിയ താരങ്ങളെയാണ് ഇത്തരക്കാർ കൂടുതലായും ലക്ഷ്യം വയ്ക്കുന്നത്. ഇന്നത്തെ മുൻനിര നായികമാർ പലരും തുടക്കകാലത്ത് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുള്ളവരാണ്. നയൻതാര അടക്കമുള്ള നായികമാർ അവർക്കുണ്ടായ അനുഭവങ്ങൾ പങ്കുവച്ചിട്ടുണ്ട്.
ഇപ്പോഴിതാ മറ്റൊരു നടിയുടെ തുറന്നുപറച്ചിൽ തമിഴ് സിനിമാ ലോകത്ത് ചർച്ചയായിരിക്കുകയാണ്. തമിഴ് സിനിമാ, സീരിയൽ രംഗത്ത് തിളങ്ങിയിട്ടുള്ള നടി ധരണിയാണ് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചിരിക്കുന്നത്. 30 വർഷത്തിലേറെയായി അഭിനയത്തിൽ സജീവമാണ് താരം. ചെറുതും വലുതുമായ നിരവധി വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ക്യാരക്ടർ വേഷങ്ങളിലും നായിക വേഷങ്ങളിലുമെല്ലാം നടി അഭിനയിച്ചു. ഇന്നും ടെലിവിഷൻ പരമ്പകളും മറ്റുമായി സജീവമാണ് ധരണി.

വടിവേലുവിനൊപ്പം നിരവധി സിനിമകളിൽ ധരണി അഭിനയിച്ചിട്ടുണ്ട്. കോമഡി വേഷങ്ങളിലെ പ്രകടനങ്ങൾ കൊണ്ട് ധരണി നടി കോയമ്പത്തൂർ സരളയ്ക്ക് ഒരു എതിരാളിയാകുമെന്ന് പല പ്രമുഖരും വിധി എഴുതിയിരുന്നു. എന്നാൽ കുറച്ച് വർഷങ്ങൾക്ക് ശേഷം ധരണിക്ക് സിനിമയിൽ നിന്ന് വലിയ അവസരങ്ങളൊന്നും ലഭിച്ചില്ല. ഇതോടെയാണ് താരം മിനിസ്ക്രീനിലേക്ക് ചുവടുമാറ്റുന്നത്. ഇപ്പോൾ ചില സിനിമകളിലൊക്കെ നടി തല കാണിക്കുന്നുണ്ട്. അതിനിടെയാണ് ഒരു അഭിമുഖത്തിൽ തുടക്കകാലത്ത് തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞത്.
ഒരു സിനിമയുടെ സംവിധായകനും ക്യാമറാമാനും അഡ്ജസ്റ്റ്‌മെന്റിന് തന്നെ നിർബന്ധിച്ചതും അതിന് വഴങ്ങാതിരുന്നതിനെ തുടർന്ന് ക്യാമറമാൻ തന്നോട് ചെയ്ത ക്രൂരതയെ കുറിച്ചുമാണ് ധരണി വെളിപ്പെടുത്തിയത്. സിനിമയിൽ വന്നശേഷമുള്ള ആദ്യത്തെ രണ്ടോ മൂന്നോ സിനിമകൾ വരെ തനിക്ക് പ്രശ്‌നങ്ങളോ അസ്വസ്ഥതകളോ നേരിടേണ്ടി വന്നിട്ടില്ല. എന്നാൽ ഒരു സിനിമയിൽ നായികയായി അഭിനയിച്ചതിന് പിന്നാലെ സിനിമയുടെ സംവിധായകനും ക്യാമറാമാനും അഡ്ജസ്റ്മെന്റ് ആവശ്യവുമായി തന്നെ സമീപിച്ചുവെന്ന് ധരണി പറയുന്നു.

'സംവിധായകൻ അധികം ശല്യം ചെയ്തില്ല, എന്നാൽ ക്യാമറമാൻ കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കി. 'മാഡം, നിങ്ങൾക്ക് നായികയായി അഭിനയിക്കാൻ ഞങ്ങൾ അവസരം തന്നിട്ടുണ്ട്' എന്ന് പറഞ്ഞുകൊണ്ടാണ് സമീപിച്ചത്. സർ എന്നെ തെറ്റിദ്ധരിക്കരുത്. നിങ്ങൾ എന്നെക്കുറിച്ച് അന്വേഷിക്കൂ എന്ന് പറഞ്ഞു. ഇൻഡസ്ട്രിയിൽ വന്നിട്ട് ഞാൻ അവസരത്തിനായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നായിരുന്നു പിന്നീട് ചോദിച്ചത്. അവസരം നൽകിയെന്ന് പറഞ്ഞ് നിങ്ങൾ എന്ത് പറഞ്ഞാലും ഞാൻ ചെയ്യുമെന്ന് കരുതരുതെന്ന് ഞാൻ തുറന്നടിച്ചു',
'എന്റെ അടുത്തെന്ന് അങ്ങനെയൊരു മറുപടി അയാൾ പ്രതീക്ഷിച്ചിരുന്നില്ല. അതിനെ അയാൾ എങ്ങനെയാണ് എടുത്തതെന്നും അറിയില്ല. എന്നാൽ വേനൽക്കാലത്ത് ഒരു ദിവസം ഷൂട്ടിംഗ് സമയത്ത് അയാളൊരു വലിയ ലൈറ്റ് എന്റെ മുഖത്തിന് നേരെ തിരിച്ചുവച്ചു. വളരെ ചൂടുള്ള ലൈറ്റാണ് അത്. മുഖത്ത് ആ വെളിച്ചം തട്ടിയപ്പോൾ എനിക്ക് പൊള്ളലേറ്റു. അഡ്ജസ്റ്റ്‌മെന്റ് ചെയ്യാൻ വിസമ്മതിച്ചതിന് അയാളുടെ പ്രതികാരമായിരുന്നു ആ ക്രൂരത', ധരണി ഓർമിച്ചു.


Click it and Unblock the Notifications