ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റാണ് വിവാഹം! ആരും എന്നെപ്പോലെ ആവരുത്; നടി രാധ
നായികമാരുടെ കരിയറിൽ പലപ്പോഴും വെല്ലുവിളിയാകുന്ന ഒന്നാണ് വിവാഹം. വിവാഹശേഷം പലരും സിനിമയിൽ നിന്നും മാറി നിൽക്കാറാണ് പതിവ്. തൊണ്ണൂറുകളിൽ മലയാളത്തിലും തമിഴിലുമൊക്കെ തിളങ്ങി നിന്ന സൂപ്പർ നായികമാരിൽ പലരും ഇന്ന് കുടുംബ ജീവിതത്തിലേക്ക് മാത്രമായി ഒരുങ്ങിയിരിക്കുകയാണ്. വിവാഹശേഷം അവസരങ്ങൾ കുറയുന്നതാണ് ഇതിന് പ്രധാന കാരണം. വിവാഹം കഴിഞ്ഞ് ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന നായികമാർ പലരും ഈ പരാതി പങ്കുവയ്ക്കാറുണ്ട്.
അതേസമയം ഭർത്താവിന്റെ നിർബന്ധ പ്രകാരം സിനിമ ഉപേക്ഷിക്കേണ്ടി വരുന്ന ചില നായികമാരുമുണ്ട്. അങ്ങനെയുള്ളവർ പലരും ആ വിവാഹബന്ധം വേർപിരിഞ്ഞ ശേഷം അഭിനയത്തിലേക്ക് തിരിച്ചുവന്ന ചരിത്രമുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് തമിഴ് സിനിമാ-സീരിയൽ താരമായ രാധ എസ് കെ. മുരളിയും വടിവേലുവും പ്രധാന വേഷങ്ങളിൽ എത്തിയ കോമഡി ചിത്രം സുന്ദര ട്രാവൽസിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് രാധ.

ചിത്രം വലിയ ഹിറ്റായി മാറിയതോടെ രാധയും ശ്രദ്ധനേടി. ഇന്നും സുന്ദര ട്രാവൽസിലെ നായികയായാണ് രാധ അറിയപ്പെടുന്നത്. അതിനുശേഷം ഗെയിം എന്ന ആക്ഷൻ സിനിമയിലും താരം അഭിനയിച്ചെങ്കിലും പിന്നീട് സിനിമയിൽ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു. വർഷങ്ങളായി അഭിനയ ലോകത്ത് നിന്നും മാറി നിന്നിരുന്ന താരമിപ്പോൾ വിജയ് ടിവിയിലെ ഭാരതി കണ്ണമ്മ എന്ന പരമ്പരയിൽ അഭിനയിക്കുന്നുണ്ട്. അതിനിടെ ഒരു അഭിമുഖത്തിൽ വിവാഹമാണ് തന്റെ കരിയർ ഇല്ലാതാക്കിയത് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് രാധ.
എന്നൂർ പോലീസ് സ്‌റ്റേഷനിൽ അസിസ്റ്റന്റ് ഇൻസ്‌പെക്ടറായിരുന്ന വസന്ത രാജിനെയാണ് രാധ വിവാഹം കഴിച്ചത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ ശേഷമാണ് രാധ പോലീസുകാരനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. എന്നാൽ കുഞ്ഞ് ജനിച്ച ശേഷം ഭർത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ തുടങ്ങിയെന്നും ഭർത്താവിന് സംശയരോഗമായിരുന്നുവെന്നും രാധ പറയുന്നു. തുടർന്ന് രാധ ഇയാൾക്കെതിരെ ഗാർഹിക പീഡനത്തിന് പരാതി നൽകുകയും പിന്നീട് വിവാഹമോചനം നേടുകയുമായിരുന്നു.
'കുട്ടിക്കാലം മുതൽ സിനിമയിൽ അഭിനയിക്കുക എന്നതായിരുന്നു എന്റെ ആഗ്രഹം. എന്നാൽ വിവാഹശേഷം ഞാൻ വീടും കുടുംബവുമായി ഒതുങ്ങിക്കൂടി. ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു ഇത്. വിവാഹിതയായതോടെ എനിക്ക് എന്റെ കരിയർ നഷ്ടപ്പെട്ടു. ഞാൻ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. എന്റെ ജോലി മനസ്സിലാക്കുന്ന ഒരാളെ കണ്ടെത്തി വിവാഹം കഴിക്കണമായിരുന്നു',

'നിങ്ങളെ മനസ്സിലാക്കുന്ന ഒരാളെ ജീവിത പങ്കാളിയായി ലഭിക്കുന്നില്ലെങ്കിൽ, ഒറ്റയ്ക്ക് ജീവിക്കുക. അതാണ് നല്ലത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് ഞാൻ ചെയ്തു. ഈ തെറ്റ് ഇനിയാരും ആവർത്തിക്കരുത്. ഒരു അഭിനേത്രി എന്ന നിലയിൽ ഇന്നത്തെ യുവ നടിമാർക്കുള്ള എന്റെ ഉപദേശമാണിത്', രാധ അഭിമുഖത്തിൽ പറഞ്ഞു.
സുന്ദര ട്രാവൽസ്, ഗെയിം എന്നീ സിനിമകൾ കൂടാതെ അടവാദി, കഥവരയൻ തുടങ്ങിയ സിനിമകളിലും രാധ അഭിനയിച്ചിട്ടുണ്ട്. ഭൈരവി ആവികൾക്ക് പ്രിയമാണവൾ ആണ് രാധ ആദ്യമായി അഭിനയിച്ച ടെലിവിഷൻ പരമ്പര. ഭാരതി കണ്ണമയിലൂടെ സിനിമയിലും സീരിയലിലും വീണ്ടും സജീവമാകാമെന്ന പ്രതീക്ഷയിലാണ് രാധ.


Click it and Unblock the Notifications