'അമ്മ മരിച്ചപ്പോൾപോലും റോജ അങ്ങനെ കരഞ്ഞിട്ടില്ല; മീനയെ ആ അവസ്ഥയിൽ കണ്ടപ്പോൾ തകർന്നുപോയി': സെൽവമണി
അന്യഭാഷാ നടിമാർക്ക് എന്നും വലിയ സ്വീകാര്യതയാണ് മലയാളത്തിൽ ലഭിച്ചിട്ടുള്ളത്. മീനയെ പോലുള്ള നായികമാർ അത്തരത്തിൽ മലയാളികളുടെ സ്നേഹം വേണ്ടുവോളം ലഭിച്ചവരാണ്. തമിഴ് സിനിമയിലൂടെ ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ചതാണ് മീന. പിന്നീടാണ് മലയാളത്തിലേക്ക് എത്തുന്നതും തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി മാറുന്നതും. തെന്നിന്ത്യയിലെ മറ്റു പല നായികമാർക്കും അവകാശപ്പെടാനാകാത്ത നേട്ടങ്ങൾ മീന കരിയറിൽ സ്വന്തമാക്കിയിട്ടുണ്ട്.
മലയാളത്തിലേയും തമിഴിയിലേയും തെലുങ്കിലേയും ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിച്ച നടി കൂടെയാണ് മീന. വിവിധ ഭാഷകളിൽ നിന്നായി നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കി. പുതുമുഖ നായികമാർക്കെല്ലാം മാതൃകയാക്കാവുന്ന കരിയറാണ് മീനയുടേത്. മുൻനിര താരമായി തിളങ്ങി നിൽക്കുമ്പോൾ പോലും ചെറിയ വേഷങ്ങളിലും ഗാനരംഗങ്ങളിലും മാത്രമായി എത്താനും മീന മടി കാണിച്ചിട്ടില്ല. കൂടാതെ അഭിനയിച്ച ഭാഷകളിൽ എല്ലാം ഒരുപോലെ തിളങ്ങാനും മീനയ്ക്ക് സാധിച്ചിട്ടുണ്ട്.

സിനിമയിൽ സജീവമായി നിൽക്കുമ്പോഴും അധികം വിവാദങ്ങളിൽ പെടുകയോ വിമർശനങ്ങൾ കേൾക്കുകയോ ചെയ്യാത്ത നായിക കൂടിയാണ് മീന. എല്ലാ ഇൻഡസ്ട്രിയിലെയും താരങ്ങളുമായി അടുത്ത ബന്ധവും മീനയ്ക്കുണ്ട്. അങ്ങനെ സൂപ്പർ താരങ്ങൾ അടക്കി വാഴുന്ന സിനിമ ലോകത്ത് കഴിഞ്ഞ നാൽപത് വർഷമായി നിറഞ്ഞുനിൽക്കുകയാണ് താരം. അടുത്തിടെ മീന 40 വർഷം പൂർത്തിയാക്കിയത് വലിയ ആഘോഷമായി തമിഴ് സിനിമാ ലോകം കൊണ്ടാടിയിരുന്നു.
ബിഹൈൻഡ് വുഡ്സ് സംഘടിപ്പിച്ച മീന അറ്റ് 40 എന്ന പരിപാടിയിൽ രജനീകാന്ത് അടക്കം തമിഴ് സിനിമാ ലോകത്തെ ചെറുതും വലുതുമായ നിരവധി താരങ്ങൾ പങ്കെടുത്തു. താരങ്ങൾക്ക് പുറമെ സംവിധായകരും അണിയറ പ്രവർത്തകരുമെല്ലാം പരിപാടിയുടെ ഭാഗമായിരുന്നു. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാകും ഒരു നായികയ്ക്ക് വേണ്ടി ഇത്തരമൊരു പരിപാടി നടക്കുന്നത്. നായകന്മാരുടെ വളർച്ച ആഘോഷിക്കുന്ന സിനിമാ ലോകം പലപ്പോഴും നായികമാരെയും അവരുടെ നേട്ടങ്ങളും മറക്കാറാണ് പതിവ്. അതിനൊരു മാറ്റം കൊണ്ടുവന്ന പരിപാടി ആയിരുന്നു മീന അറ്റ് 40.
ഷോയിൽ പങ്കെടുത്ത ഓരോരുത്തരും വേദിയിൽ മീനയെ കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അക്കൂട്ടത്തിൽ സംവിധായകനും നടി റോജയുടെ ഭർത്താവുമായ സെൽവമണി പറഞ്ഞ കാര്യങ്ങളും ഇപ്പോൾ ശ്രദ്ധനേടുകയാണ്. മീന സിനിമയിൽ എത്തി നാൽപതു വർഷമായിയെങ്കിലും ഇതുവരെ മീനയ്ക്കൊപ്പം ഒരു സിനിമ പോലും ചെയ്യാൻ സാധിച്ചിട്ടില്ല. എന്നാൽ മീനയുമായി ഭാര്യ റോജയിലൂടെ വളരെ നല്ല സൗഹൃദമുണ്ടെന്ന് സെൽവമണി പറയുന്നു.

ഇടയ്ക്ക് മീനയ്ക്കൊപ്പം സിനിമ ചെയ്യാൻ ഒരു അവസരം വന്നിരുന്നെങ്കിലും അത് നടന്നില്ല. മീന റോജയെ കാണാനായി ഇടയ്ക്ക് വീട്ടിൽ വരാറുണ്ട്. ഞങ്ങളും മീനയെയും കുടുംബത്തെയും വീട്ടിൽ പോയി കാണാറുമുണ്ട്. അത്രയും നല്ല സൗഹൃദം സൂക്ഷിക്കുന്നവരാണ് മീനയും എന്റെ ഭാര്യ റോജയും.
മീനയ്ക്ക് ജീവിതത്തിൽ ഏറ്റവും വലിയ നഷ്ടം (ഭർത്താവിന്റെ മരണം) സംഭവിച്ചപ്പോൾ റോജയ്ക്ക് കരച്ചിൽ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. അമ്മ മരിച്ചപ്പോൾപോലും റോജ ഇങ്ങനെ കരയുന്നത് ഞാൻ കണ്ടിരുന്നില്ല. മീനയെ അന്നു വീട്ടിൽ പോയി കണ്ടതിന് ശേഷം കാറിലിരുന്ന് റോജ കരയുകയായിരുന്നു. മീനയ്ക്ക് ഈ അവസ്ഥ വരാൻ പാടില്ലായിരുന്നു, എനിക്ക് മീനയെ ഇങ്ങനെ കാണേണ്ട, മീനയുടെ ആ ചിരിച്ച മുഖം മാത്രം കണ്ടാൽ മതി എന്നൊക്കെ പറഞ്ഞായിരുന്നു റോജയുടെ കരച്ചിൽ, സെൽവമണി പറഞ്ഞു.


Click it and Unblock the Notifications