അദ്ദേഹമാണ് എന്റെ ക്രഷ്; അദ്ദേഹത്തെ നോക്കിയിരിക്കണോ ഡബ്ബ് ചെയ്യണോ എന്ന് സംശയമായി; മനസുതുറന്ന് രവീണ
ഡബ്ബിങ് ആർട്ടിസ്റ്റായി സിനിമയിലേക്കെത്തി ഇപ്പോൾ നടിയായി ശ്രദ്ധ നേടുന്ന താരമാണ് രവീണ രവി. മാമന്നനിൽ ഫഹദ് അവതരിപ്പിച്ച കൊടൂര വില്ലൻ രത്നവേലിന്റെ ഭാര്യ ജ്യോതിയായെത്തി തിളങ്ങി നിൽക്കുകയാണ് താരം. രവീണ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജ രവിയുടെയും ഗായകനും ഡബ്ബിങ് ആർട്ടിസ്റ്റുമായ കെ. രവീന്ദ്രനാഥിന്റെയും മകളായ രവീണ അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്നാണ് സിനിമയിലേക്ക് എത്തുന്നത്.
2012ലാണ് രവീണ ഡബ്ബിങ് ആർട്ടിസ്റ്റായി കരിയർ ആരംഭിക്കുന്നത്. തമിഴിലൂടെ ആയിരുന്നു തുടക്കം പിന്നീടാണ് മലയാളത്തിലേക്ക് എത്തുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ അമ്പതോളം സിനിമകളിൽ രവീണ പ്രവർത്തിച്ചു. ദീപിക പദുകോൺ, എമി ജാക്സൺ, കൃതി ഷെട്ടി, നയൻതാര തുടങ്ങിയ സൂപ്പർ നായികമാരുടെയെല്ലാം ശബ്ദമാകാൻ രവീണയ്ക്ക് സാധിച്ചു. തുടർന്ന് 2017ലാണ് രവീണ അഭിനയത്തിലേക്ക് ചുവടുവയ്ക്കുന്നത്.

ഒരു കിടയിൻ കരുണൈ മനു എന്ന തമിഴ് സിനിമയിലൂടെ ആയിരുന്നു രവീണയുടെ അരങ്ങേറ്റം. പിന്നീട് അഭിനയിച്ച റോക്കി, ലവ് ടുഡേ തുടങ്ങിയ ചിത്രങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. അതിനുശേഷമാണ് മാമന്നനിലേക്ക് എത്തുന്നത്. സിനിമയുടെ വിജയത്തിന് പിന്നാലെ തമിഴകത്ത് വലിയ സ്വീകാര്യതയാണ് രവീണയ്ക്ക് ലഭിച്ചിരിക്കുന്നത്. നിരവധി അഭിമുഖങ്ങളും മറ്റും രവീണയുടേതായി ഇപ്പോൾ പുറത്തുവരുന്നുണ്ട്. അതിനിടെ ഒരു അഭിമുഖങ്ങൾ രവീണ ധനുഷിനെ കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്.
ധനുഷിനോട് തനിക്ക് ക്രഷ് ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രവീണ രവി. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ ധനുഷിനൊപ്പമുള്ള ചിത്രം കാണിച്ചപ്പോഴാണ് രവീണ ധനുഷിനെ കുറിച്ച് സംസാരിച്ചത്. ധനുഷ് നായകനായ വേലയില്ല പട്ടധാരിയിലും ധനുഷ് സംവിധാനം ചെയ്ത പാ പാണ്ടിയിലും നായികയ്ക്ക് ശബ്ദം നൽകിയത് രവീണയാണ്.
'ധനുഷ് എന്റെ ക്രഷ് ലിസ്റ്റിലുണ്ട്. എനിക്ക് ധനുഷ് സാറിനെ ഇഷ്ടമാണ്. ധനുഷ് സംവിധാനം ചെയ്ത പവർ പാണ്ടി (പാ പാണ്ടി) യുടെ ഡബ്ബിംഗ് വേളയിൽ എടുത്തതാണ് ഈ ഫോട്ടോ. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് എന്റെ ഭാഗ്യമാണ്. വേലയില്ല പട്ടധാരി ഒന്നും രണ്ടും ഭാഗങ്ങളുടെ ഡബ്ബിംഗ് സമയത്ത് ധനുഷ് എന്നോടൊപ്പം ഉണ്ടായിരുന്നു. പവർ ബോണ്ടിയുടെ ഡബ്ബിംഗ് സമയത്തും സ്റ്റുഡിയോയിൽ അദ്ദേഹം എന്നോടൊപ്പം ഉണ്ടായിരുന്നു.

'അന്ന് ഡബ്ബ് ചെയ്യണോ അദ്ദേഹത്തെ നോക്കിയിരിക്കണോ അതോ അദ്ദേഹം പറയുന്നത് ശ്രദ്ധയോടെ കേട്ട് ഡബ് ചെയ്യണോ എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. ആ സമയത്ത് പലതും എന്റെ മനസ്സിലൂടെ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. ഡബ്ബ് ചെയ്യുമ്പോൾ സാധാരണഗതിയിൽ അത്ര പരിഭ്രമം തോന്നാറില്ല. എന്നാൽ ധനുഷ് സാർ കൂടെയുണ്ടായിരുന്നപ്പോൾ ഡബ്ബിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു', രവീണ പറഞ്ഞു. രവീണയുടെ വാക്കുകൾ തമിഴകത്ത് വൈറലാണ്.
പവർ പാണ്ടി എന്ന സിനിമയിൽ മഡോണ സെബാസ്റ്റ്യന് വേണ്ടിയാണു രവീണ രവി ഡബ്ബ് ചെയ്തത്. ഡബ്ബിങ് സമയത്ത് ധനുഷ് നൽകിയ പിന്തുണയെ കുറിച്ച് മുൻപൊരിക്കൽ രവീണ പറഞ്ഞിരുന്നു. 'പവർ പാണ്ടിയിൽ മഡോണയ്ക്ക് ഡബ്ബ് ചെയ്യാൻ എന്നെ വിളിച്ചിരുന്നു. ധനുഷ് സാർ അരമണിക്കൂർ വൈകിയാണ് ഡബ്ബിംഗ് സ്റ്റുഡിയോയിൽ എത്തിയത്. വൈകിയതിന് അദ്ദേഹം എന്നോട് ക്ഷമാപണം നടത്തി. ഡബ്ബിംഗ് സെഷനിലുടനീളം അദ്ദേഹം ഉണ്ടായിരുന്നു, സംഭാഷണങ്ങളിൽ എന്നെ സഹായിച്ചു. ഒരു മണിക്കൂർ കൊണ്ട് ഞങ്ങൾ ഡബ്ബിംഗ് പൂർത്തിയാക്കി' എന്നാണ് ബിഹൈൻഡ്വുഡ്‌സിന് നൽകിയ ഒരു അഭിമുഖത്തിൽ രവീണ പറഞ്ഞത്.


Click it and Unblock the Notifications