പ്രമുഖ തമിഴ് നടൻ സെറ്റിൽവെച്ച് അപമര്യാദയായി പെരുമാറി! സത്യാവസ്ഥ തുറന്നുപറഞ്ഞ് നടി നിത്യ മേനോൻ
തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ ഹൃദയം കീഴടക്കിയ നായികമാരിൽ ഒരാളാണ് നിത്യാ മേനോൻ. ഒരു ഭാഷയില്‍ മാത്രമായി ഒതുങ്ങി നില്‍ക്കാതെ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് താരം. അഭിനയിച്ച ഭാഷകളിലെല്ലാം മുന്‍നിര നായികയും, ജനപ്രീത താരവുമാകാന്‍ നിത്യയ്ക്ക് സാധിച്ചിരുന്നു. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള താരം കന്നടയിലും ഹിന്ദിയിലുമെല്ലാം ശ്രദ്ധേയ സിനിമകളുടെ ഭാഗമായിട്ടുണ്ട്.
വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും തന്റെ സ്വാഭാവിക അഭിനയം കൊണ്ടുമാണ് നിത്യ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. മലയാളത്തിൽ ബാച്ചിലർ പാർട്ടി, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡെയ്‌സ് തുടങ്ങിയ ചിത്രങ്ങളാണ് നിത്യയ്ക്ക് കൂടുതൽ ആരാധകരെ നേടിക്കൊടുത്തത്. മലയാളിയായ നിത്യ ബാലതാരമായി സിനിമയിലെത്തിയതാണ്. പത്താം വയസ്സിൽ ഹനുമാൻ എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. പിന്നീട് 2006ൽ കന്നഡ ചിത്രമായ 7ഓ ക്ലോക്കിലൂടെയാണ് നിത്യ നായികയാകുന്നത്.

പിന്നീട് അങ്ങോട്ട് നിരവധി വേഷങ്ങൾ നടിയെ തേടിയെത്തി. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ നായികയായും നിത്യ അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും നിത്യക്ക് കഴിഞ്ഞു. അതിനിടെ നിരവധി ഗോസിപ്പുകളും നിത്യയുടെ പേരിൽ വന്നിരുന്നു. ഗോസിപ്പുകൾക്ക് എതിരെ നിത്യ തന്നെ രംഗത്തെത്തുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പേരിൽ പ്രചരിച്ച ഒരു വ്യജ വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് നിത്യ മേനോൻ.
ഒരു തമിഴ് നടൻ സെറ്റിൽ വെച്ച് അപമര്യാദയായി പെരുമാറിയെന്ന് നിത്യ ആരോപിച്ചുവെന്നാണ് റിപ്പോർട്ടുകൾക്കെതിരെയാണ് നിത്യ രംഗത്തെത്തിയിരിക്കുന്നത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ നിത്യ പറഞ്ഞതെന്ന് രീതിയിലാണ് വാർത്ത പുറത്തുവന്നത്. തെലുങ്ക് സിനിമാ വ്യവസായത്തിൽ തനിക്ക് ഇതുവരെ ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും നേരിട്ടിട്ടില്ല. എന്നാൽ തമിഴ് സിനിമാ മേഖലയിലേക്ക് വന്നപ്പോൾ ഒരുപാട് പ്രശ്നങ്ങളുണ്ടായി. ഷൂട്ടിങ്ങിനിടെ ഒരു തമിഴ് നടൻ തന്നോട് അപമര്യാദയായി പെരുമാറുകയുണ്ടായി, എന്നെല്ലാം നിത്യ പറഞ്ഞു എന്ന രീതിയിലായിരുന്നു റിപ്പോർട്ടുകൾ.
വാർത്ത സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചകൾക്ക് കാരണമായി. ആരാണ് ആ നടൻ എന്നും ഇതിൽ എന്തെങ്കിലും സത്യമുണ്ടോ എന്നെല്ലാമുള്ള ചോദ്യങ്ങൾ ആരാധകരിൽ നിന്നും ഉയർന്നു. ചിലർ വാർത്തയുടെ നിജസ്ഥിതി അറിയാനുള്ള ഓട്ടത്തിലായിരുന്നു. അതിനു പിന്നാലെയാണ് വാർത്തയിൽ സത്യമില്ലെന്ന റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവരുന്നത്. സിനിമാ നിരീക്ഷകനായ മനോബാല വിജയബാലൻ അടക്കമുള്ളവർ തെറ്റായ വാർത്തയാണെന്ന് അറിയിച്ച് രംഗത്തെത്തി.

അഭ്യൂഹങ്ങൾ നിത്യ നിഷേധിച്ചു എന്നാണ് വിവരം. അത്തരമൊരു അഭിപ്രായം താൻ പറഞ്ഞിട്ടില്ലെന്ന് നിത്യ പ്രതികരിച്ചു. നിത്യ മേനോനുമായി വാട്സ്ആപ്പ് ചാറ്റ് നടത്തിയ ഒരു മാധ്യമപ്രവർത്തകനാണ് അതിന്റെ സ്ക്രീൻഷോട്ട് അടക്കമായി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ അഭ്യൂഹങ്ങൾക്കും വിരാമമായിരിക്കുകയാണ്. അതേസമയം ഇത് ആദ്യമായല്ല നിത്യ മേനോനെക്കുറിച്ച് ഇത്തരത്തിലുള്ള വ്യാജ വാർത്തകളും ഗോസിപ്പുകളും പ്രചരിക്കുന്നത്.
അടുത്തിടെ മലയാളത്തിലെ പ്രമുഖ നടനെ നിത്യ വിവാഹം കഴിക്കാൻ ഒരുങ്ങുന്നു എന്ന രീതിയിൽ വാർത്ത പ്രചരിച്ചിരുന്നു. നടിയുടെ ബാല്യകാല സുഹൃത്താണെന്നും ഇരുകുടുംബങ്ങളും തമ്മിൽ വളരെക്കാലമായി അടുത്ത ബന്ധമുണ്ടെന്നും പറഞ്ഞായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇതുവരെ അങ്ങനെയൊരു വിവാഹം നടക്കുകയോ വാർത്തയിൽ നിത്യ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. അതേസമയം കുമാരി ശ്രീമതി, മാസ്റ്റർ പീസ് തുടങ്ങിയ വെബ് സീരീസുകളാണ് നിത്യയുടേതായി ഉടൻ റിലീസ് ചെയ്യുന്നത്. മലയാളത്തിൽ ഒരുങ്ങുന്ന കോമഡി വെബ് സീരീസാണ് മാസ്റ്റർ പീസ്. ഹോട്ട്സ്റ്റാറിലാണ് സീരീസ് എത്തുന്നത്.


Click it and Unblock the Notifications











